ഗുരുവായൂർ – തൃശ്ശൂർ തീവണ്ടി യാത്രയുടെ സുഖമുള്ള ഓർമ്മകൾ

വിവരണം – Sabu Manjaly Jacob.

ഗുരുവായൂരിൽ തീവണ്ടി എത്തുന്നത് 1994 ൽ ആണ്. പടി പടി ആയി തീവണ്ടികളുടെ എണ്ണവും ട്രിപ്പുകളും കൂടി വന്നു. തീവണ്ടി പാതകൾ സ്പീഡ് ട്രാക്കുകൾ ആക്കി മാറ്റി. അതിൽ ഞങ്ങൾ ഗുരുവായൂർക്കാരുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു രാവിലേയും വൈകീട്ടും രണ്ട്‌ ട്രിപ്പുകളിലായി തൃശ്ശൂർ വരെ മാത്രം എത്തി മടങ്ങിയിരുന്ന ആ തീവണ്ടികളും അതിലെ യാത്രകളും. ആർക്കും ലഭിക്കാത്തൊരു പത്രാസ്സും ആർഭാടവും ഉണ്ടായിരുന്നതിന്.

ഗുരുവായൂരിലേക്ക് മൂളിപ്പാടി എത്തിയിരുന്ന ആ തീവണ്ടികൾ നിലച്ചിട്ട് മാസങ്ങൾ തന്നെ കടന്നു പോയിരിക്കുന്നു. വെറുതെ തീവണ്ടി കയറി തൃശ്ശൂരിലെത്തി ചില്ലറ കാര്യങ്ങൾ നിർവഹിച്ചു അതേ തീവണ്ടിയിൽ തിരിച്ചു വന്നിരുന്ന ഏറെ പേരുണ്ടായിരുന്നു ഗുരുവായൂരും പരിസരങ്ങളിലും. ചിലർക്കാകട്ടേ ഭാവനാ ലോകത്തുകൂടിയുള്ള സഞ്ചാരങ്ങളായിരുന്നു ഓരോ യാത്രകളും. ഗുരുവായൂർ വിട്ടാൽ പിന്നെ പൂങ്കുന്നം സ്റ്റേഷൻ. അതിനിടയിൽ ലഭിച്ചിരുന്നത് അത്രമേൽ ശാലീനമായ ഗ്രാമീണതയുടെയും വയൽഭംഗികളുടെയും സ്വസ്ഥമായ അസുലഭ ഭാവങ്ങളായിരുന്നു.

യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ് തീവണ്ടി. നിങ്ങളെത്തുമ്പോൾ സ്റ്റേഷൻ കവാടത്തിനരികിലെ കോച്ചുകൾ ഒരുപക്ഷേ തീർത്ഥാടകരെകൊണ്ടും തൃശ്ശൂരിലേക്കുള്ള ജോലിക്കാരെകൊണ്ടും നിറഞ്ഞിരിക്കുകയാവും. പുറകിലേക്ക് നടക്കാം. തിരക്ക് ആനുപാതികമായി കുറഞ്ഞു വരും. കാലിയായ കോച്ചുകൾ കണ്ടു തുടങ്ങുന്നു. കയറുന്നില്ലേ? നിങ്ങൾ ഏതു തരക്കാരനാണ്? ഏകാന്തപഥികനോ വർത്തമാനപ്രിയനോ വെറും കാഴ്ചക്കാരനോ ആരുമായിക്കൊള്ളട്ടെ, കയറി വരിക. പറ്റിയ ഇരിപ്പിടങ്ങൾ വേണ്ടുവോളം ഉണ്ട്. ആരുടേയൊക്കയോ ക്ഷണിതങ്ങൾ. ചിലപ്പോൾ സുഹൃത്തുക്കളുടെ, അല്ലെങ്കിൽ തീവണ്ടിയുടെ തന്നെ.

ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങളിൽ എവിടെയെങ്കിലും ചെന്നിരിക്കാം. ജാലകത്തിനരികിൽ പുറത്തേക്കു നോക്കിയങ്ങിനെ… ആരേയും ഗൗനിക്കാതെ… കാലുകൾ നിവർത്തി വച്ച്… തീവണ്ടിമുറിയുടെ അധിപനെ പോലെ. ഇളംവെയിൽ എത്തിനോക്കുന്നുണ്ട്. തൊട്ടപ്പുറത്തു നിന്നും ചെറുപ്പക്കാരുടെ കലപിലകളും പൊട്ടിച്ചിരികളും. ചിലർ ആർത്തി പിടിച്ച വായനയിലാണ്. പതിഞ്ഞൊരു ചൂളമടി കേൾക്കുന്നു. തീവണ്ടി ചലിച്ചു തുടങ്ങി.

പിന്നിലേക്ക് നീങ്ങുന്ന സ്റ്റേഷനും പരിസരവും, വെളുത്ത ഉടുപ്പണിഞ്ഞ സ്റ്റേഷൻ മാസ്റ്റർ, പുസ്തകശാല, പാറാവുകാർ, ഗദ പോലെ ഉയർന്നു നിൽക്കുന്ന ജലസംഭരണി, കാത്തുനിൽപ്പിന്റെ ചിത്രം പകരുന്ന ലെവൽ ക്രോസ്സ്, ഒരു പള്ളിമദ്രസ്സ, കുറച്ചു മാറി ബാലകൃഷ്ണ തിയ്യേറ്റർ… എല്ലാം ഒരു വളവു വരെ മാത്രം. ഗുരുവായൂർ മറഞ്ഞു കഴിഞ്ഞു. ഗ്രാമങ്ങൾ തുടങ്ങുകയായി.

തണലേകി നിൽക്കുന്ന തെങ്ങിൻതോപ്പുകൾ. അവക്കിടയിലൂടെ നെന്മിനിയിലേക്ക് നീളുന്ന വെളുത്ത നാട്ടുവഴികൾ. കൗതുകത്തോടെ തല ഉയർത്തുന്ന പശുവും കിടാവും. ചെങ്കല്ലിൽ പണിത ഒരു അമ്പലകുളം. ഗ്രാമീണ ചിത്രങ്ങളിലൂടെ തീവണ്ടി വേഗത ആർജ്ജിക്കകയാണ്. ചിറ്റാട്ടുകര ലെവൽ ക്രോസ്സ് വരെ വൃത്താകാരത്തിലാണ് ട്രാക്ക്. തുടർന്ന് തോളൂർ തോട് വരെ വരവടി പോലെ നേർരേഖയിൽ.

റയിലുകൾ അനന്തതയിലേക്ക് ലയിക്കുന്ന കാഴ്ച കണ്ണുകൾക്കുള്ള പരീക്ഷണമാണ്. ചിലപ്പോൾ ചലിക്കുന്ന ചില നിഴലുകൾ കാണാം. കൊച്ചിൻ ഫ്രോണ്ടിയർ തോടും കടന്നാൽ മലബാറിൽ നിന്നും കൊച്ചി രാജ്യത്തിലേക്കെത്തി. തെങ്ങിൻ തോപ്പുകൾക്ക് വിരാമമാകുന്നു. നെൽവയലുകളുടെ പ്രവേശം. വാക പാടങ്ങൾ തെളിഞ്ഞു. തീവണ്ടിമുറിയിൽ പെട്ടെന്ന് പ്രകാശം പരന്നു. മാണിച്ചാൽ പുഴയും ചെറുതോടുകളും കടന്നു പോകുന്നു.

പാടവരമ്പുകളിൽ അരങ്ങൊഴിയുവാൻ മടിക്കുന്ന പ്രഭാത മഞ്ഞിന്റെ തിരുശേഷിപ്പുകൾ. മേയുവാൻ വിട്ട പോത്തിൻ കൂട്ടങ്ങൾ, വട്ടമിടുന്ന പലതരം കിളികൾ. രണ്ട് മൈനകൾ ഊക്കിൽ പറന്ന് തീവണ്ടിയോടു മത്സരിക്കുന്നു. വൈദ്യുത കമ്പിയിൽ കാഴ്ചക്കാരായി ഒരുകൂട്ടം മണ്ണാത്തി പുളളുകളും കത്രിക കിളികളും. ചാരുതയാർന്ന പാടപ്പച്ചകൾ, മച്ചാട് മലകളിൽ നിന്നെത്തുന്ന കേച്ചേരിപുഴ ആളൂർ തോടായി മുഖം കാണിക്കുന്നു. ഇരുവശവും പരിപാലനം ഏൽക്കുന്ന ഇരുണ്ട തോപ്പുകൾ. വേലിപൊന്തകളിൽ ഒരു കൂട്ടം മയിലുകൾ. ഒച്ച കേട്ട് അതിലൊരു ആണ്മയിൽ ഉച്ചത്തിൽ ജാഗ്രതപെടുന്നു.

തീവണ്ടി കരപറമ്പുകളിൽ നിന്നും മുള്ളൂർ കായലിന്റെ വിശാലതയിലേക്ക് ഇറങ്ങി. ചുറ്റുപാടും നോക്കെത്താ ദൂരത്തോളം നെൽവയലുകൾ. അകലെ വരമ്പ് പോലെ കാണുന്ന പറപ്പൂർ പാതയിലൂടെ പൊട്ടു പോലെ ചലിക്കുന്ന വാഹനങ്ങൾ. ട്രാക്ടറുകൾ നിലങ്ങൾ ഉഴുതു മറിക്കുന്നു. ഒരിടത്തും ഇരിപ്പുറക്കാതെ തീറ്റി തിരയുന്ന ഒരു പറ്റം കൊറ്റികൾ. പരിസരമാകെ ഒരു മൺമണം. ഞാറ് വീശുന്ന അതിഥി തൊഴിലാളികൾ… അവരുടെ തലയ്ക്കു മുകളിൽ നാട്ടിലകിളികളുടെ വട്ടം ചുറ്റൽ. മേപ്പറമ്പിൽ ആരോ ഒരു ആനയെ തളച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ അതിന്റെ ശോഷിച്ച രൂപം കണ്ടറിയാം.

തോളൂർ തോടും കടന്നു തീവണ്ടി വിലങ്ങൻ കുന്നിന്റെ പള്ളയിലേക്ക് പ്രവേശിച്ചു. വലിയൊരു ചാലിലൂടെയാണവിടെ തീവണ്ടി പാത. മുകളിലൂടെ ദേശിയപാത കടന്നു പോകുന്നു. കാടു പിടിച്ച അമലാനഗർ സ്റ്റേഷൻ. പുറത്തു കടന്നാൽ പുഴയ്ക്കൽ പാടങ്ങളായി. അകലെയായി വിലങ്ങന്റെ തലയെടുപ്പ്. വയലുകളിൽ തളം കെട്ടിയ ജലപരപ്പിൽ തെളിയുന്ന പാർപ്പിട സമുച്ചയങ്ങളുടെ പ്രതിബിംബങ്ങൾ. അവക്കിടയിലൂടെ വളഞ്ഞു പുളയുന്ന പുഴയ്ക്കൽ തോടും വിയൂർ തോടും. വശങ്ങളിൽ വളർന്നു വലുതായ പാഴ്മരങ്ങളുടെ നിര. അവയുടെ ശാഖകളിൽ ചേക്കേറിയ ചെലച്ചാട്ടി ക്കുരുവികളുടെ ചിലമ്പലുകൾ കേൾക്കാം.

തീവണ്ടി കുതിക്കുകയാണ്. പട്ടിക്കാട് മലകളിൽ നിന്നും എത്തുന്ന താണിക്കുടം പുഴയും കടന്നാൽ പൂങ്കുന്നം എത്താറായി. മുന്നിൽ വടക്കോട്ട്‌ പോകുന്ന തീവണ്ടി പാളങ്ങൾ കാണുന്നു. ചിലപ്പോൾ കുറച്ചു നേരം കാത്തുനിൽക്കേണ്ടി വരും. തിരക്കുള്ളവർക്കു കടന്നു പോകാനാണത്. ചൂളമടിച്ചു കൊണ്ടേയിരിക്കുമ്പോൾ പച്ച വിളക്ക് തെളിയുമ്പോൾ പിന്നെ പൂങ്കുന്നം സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായി. യാത്രയുടെ നൊസ്റ്റാൾജിക് വശത്തിനു പരിസമാപ്തിയായെന്നു പറയാം.

ഇനിയെന്നായിരിക്കും ഈ തീവണ്ടികളൊക്കെ ഒന്നു ഓടി തുടങ്ങുക. നാളിതുവരെ യാതൊരുവിധ തിട്ടവുമായില്ല. വെള്ളി മിന്നിയിരുന്ന റയിലുകളിൽ ഇപ്പോൾ തുരുമ്പിന്റെ ചുവപ്പു രാശി. ഗുരുവായൂർ – ചെന്നൈ എഗ്‌മോർ ഇപ്പോഴും ഉണ്ട് ഈ വഴിയിലൂടെ. പക്ഷേ രാത്രി സഞ്ചാരിയാണ്. ഒരു അണു വരുത്തി വച്ച വിന. അല്ലാതെന്തു പറയാൻ…