ഹംപിയിലെ ഹിപ്പികളുടെ ദ്വീപും മങ്കി ടെമ്പിളും

വിവരണം – അരുൺ വിനയ്.

ഹംപി സുന്ദരിയാണെങ്കിൽ ഹിപ്പി ഐലന്റ് ലോകസുന്ദരിയാണെന്നാണ് കേട്ടു കേൾവി. നിറങ്ങളും, സംഗീതവും, ലഹരിയും രാത്രിജീവിതവും ചര്യയാക്കിയ ഹിപ്പികളുടെ പൂങ്കാവനം. എന്നാൽ എന്റെ സന്ദർശനം ശെരിക്കുമൊരു പരാജയമായിരുന്നു. യാത്രയുടെ പ്ലാനിംഗ് തുടങ്ങുമ്പോൾ തന്നെ പലരിൽ നിന്നായി പുനർജ്ജന്മം കാത്തുകിടക്കുന്ന ഹിപ്പി ഐലന്റിനെക്കുറിച്ചു കേട്ടിരുന്നു. എന്നിരുന്നാലും ഒരു രാത്രി അവിടേക്കു വേണ്ടി ചിലവഴിക്കാതെയിരിക്കാനും മനസ്സനുവദിച്ചില്ല.

Mango tree cafe യിലെ ഉച്ചയൂണും കഴിഞ്ഞു ഹംപി ബസാറിന്റെ നിറപ്പകിട്ടിൽ മങ്ങി മയങ്ങി ചതുരക്കല്ലുകൾ പാകിയ തറയിലൂടെ ഹിപ്പികളുടേത് പോലെ അയഞ്ഞ പാന്റും കുർത്തയും ധരിച്ചു ഞാൻ കടവിലേക്ക് നടന്നു. നമ്മുടെ നാട്ടിലെ തെരുവുകളിലൂടെയായിരുന്നു ഈ വേഷവിധാനമെങ്കിൽ ഭ്രാന്തനെന്നോ, കഞ്ചാവെന്നോ ഒക്കെയുള്ള പേരുകൾ ചാർത്തികിട്ടിയേനെ, എന്നാൽ ഇവിടെ അങ്ങനെയല്ല. തന്നിലേക്ക് വരുന്നതെന്തും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവളാണ് ഹംപി. എല്ലാവരും അവരവരുടെ ജോലികളിൽ വ്യാപൃതരാണ്, സഞ്ചാരികളുടെ ആകർഷണം പിടിച്ച് പറ്റാനായി ഉറക്കെ വിളിച്ചു തങ്ങളിലേക്ക് അടുപ്പിക്കുന്നുമുണ്ടായിരുന്നു. മങ്ങി തുടങ്ങിയ ഹംപിയുടെ നിറങ്ങളെ കൂടുതല്‍ മോഡി പിടിപ്പിക്കുന്നതില്‍ ഇവരുടെ പങ്ക് ചെറുതൊന്നുമല്ല.

പടവുകളിറങ്ങി തുങ്കഭദ്രയുടെ കരയിലേക്ക് നടന്നടുക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുന്നെ കടവിൽ വന്നു പോയിരുന്ന അറബ്-ചൈനീസ് വ്യാപാരികളെയും അവരെ ആനയിക്കുന്ന പ്രാദേശിക കച്ചവടക്കാരെയും ഞാൻ മനസ്സിൽ സങ്കപ്പിച്ചു.. അവസാന ബോട്ടിന്റെ സമയമായതിനാൽ കൂടുതൽ സങ്കൽപ്പങ്ങൾക്ക് ഇടകൊടുക്കാതെ ബോട്ടിൽ സുരക്ഷിതമായൊരു ഇടമൊരുക്കി കുളിർമയുള്ളൊരു രാത്രിയെ സ്വപനം കണ്ടു ഞാനിരുന്നു. ചെറിയ ഒഴുക്കിലൂടെ സാവധാനം ഹംപിയില്‍ നിന്നും ഹിപ്പി ഐലന്റ് ലക്ഷ്യമാക്കി ഞങ്ങളുടെ ബോട്ട് ചലിച്ചു തുടങ്ങി..

ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ തലപ്പാവണിഞ്ഞ അംഗരക്ഷകന്മാരായിരുന്നില്ല കടവിൽ ഞങ്ങളെ കാത്തിരുന്നത്, അഞ്ഞൂറിനും, ആയിരത്തിനും വണ്ടികൾ ദിവസവാടകയ്ക്കു കൊടുക്കുന്നവരിൽ നിന്നും അത്യാവശ്യം നന്നായിത്തന്നെ വിലപേശി ഒരു ദിവസത്തേക്കുള്ള ശകടം ഒപ്പിച്ചു.. മലയാളിയാണെന്ന് മനസിലായത് കൊണ്ടാകും അധികമൊന്നും അവനും മിണ്ടാൻ നിന്നില്ല.. പക്ഷെ കൂടുതൽ ജാഡയിട്ടാൽ ഹിപ്പി ഐലന്റ് മുഴുവൻ നടന്നു കാണേണ്ടത് പേടിച്ച് വേഗം വണ്ടിയും പെട്രോളും വാങ്ങി ഞാൻ റോഡിലേക്ക് കയറി.. തുടക്കത്തിൽ തന്നേ ആ നാട്ടുകാരൻ പയ്യൻ പറഞ്ഞതനുസരിച്ചു സൂര്യാസ്തമയം കാണാവുന്ന പ്രദേശം കണ്ടെത്തി..

പൊതുവെ മലകയറ്റമൊക്കെ കടുപ്പം ആണെങ്കിലും ലേശം സാഹസികതയോടെ ചാടിപ്പിടിച്ചു വലിയ ഉരുളൻ കല്ലുകൾക്കിടയിലൂടെ നീങ്ങിനിരങ്ങി ഭീമനൊരു പാറയുടെ ഉച്ചിയിലെത്തിയപ്പോൾ അവിടമാകെ ട്രിപ്പിങ് സീൻ ആണ്.. അതന്നെ, ഹിപ്പികളുടെ സംഗീതവും, ലഹരിയും, കുങ്കുമം വാരി വിതറിയക്കണക്കിനെ ഇളം ചുവപ്പിൽ ആകാശമാകെ കൂടി വല്ലാത്തൊരു മൂഡ്‌ തന്നു.

പാറയുടെ ഒത്തമുകളിൽ നിന്നാൽ ജിഗ്‌സോ പസിൽ കണക്കിനെ അടുക്കി പെറുക്കി വച്ച വയലേലകളും, അതിനുമപ്പുറം ആകാശം തൊടാൻ മത്സരിക്കുന്ന തെങ്ങിൻ തലപ്പുകളും.. ദൂരെയായി തന്നെ തേടിവന്നവരെയെല്ലാം നെഞ്ചോട്‌ ചേർത്ത് പിടിച്ച് രാത്രിമയക്കത്തിലേക്കു പോകുന്ന ഹംപി നഗരവും.. മദ്യവും, ലഹരിപൊടികളും, ഇലകളുമില്ലാതെ തന്നെ ജീവിതത്തിന്റെ അനന്തമായൊരു ലഹരിയിലേക്കു ആ സൂര്യാസ്തമയം ഞങ്ങളെയെല്ലാം കൊണ്ട് പോയി. കടലിനടിയിലേക്ക്‌ അസ്തമിക്കുന്ന സൂര്യനെയും, മേഘങ്ങള്‍ക്കിടയിലേക്ക് മാഞ്ഞുപോകുന്ന സൂര്യനെയും കണ്ടു ശീലിച്ചതില്‍ നിന്നും മലകള്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്ന സൂര്യൻ തീർത്തും പുതുമയുള്ളതായിരുന്നു.

സൂര്യാസ്തമയം കഴിഞ്ഞു ഇരുള്‍ വീണു തുടങ്ങിയപ്പോഴേക്കും മലയിറങ്ങി താമസ്സിക്കാനൊരു ഇടം തേടിയിറങ്ങി. തുങ്കഭദ്രയ്ക്ക് അക്കരെയുള്ള രാത്രികാഴ്ചകളും കണ്ട് കണ്ട് sanapur ഭാഗത്തായി കുറഞ്ഞ റേറ്റില്‍ ഒരു ഹോം സ്റ്റേയും ഒപ്പിച്ചു. കന്നടയും, തെലുങ്കും മുറി ഹിന്ദിയും മാത്രമറിയാവുന്ന ഒരു പാവം ചേച്ചിയും മൂന്നു കുട്ട്യോളും താമസിക്കുന്ന ഒരു കുഞ്ഞു സ്വര്‍ഗ്ഗം. അവിടെ നിന്നുമാണ് ഇറ്റലിക്കാരിയായ മാര്‍ഗരറ്റ് കൂടെ കൂടിയത്. ആറു മാസത്തെ വെക്കേഷന്‍ ആഘോഷിക്കാന്‍ വന്നതാണ് പുള്ളിക്കാരി. ഇന്ത്യയുടെ ഏകദേശം എല്ലാ സംസ്ഥാനങ്ങളും കണ്ടു കഴിഞ്ഞു ഹംപിയുടെ മണ്ണിലെ ഹോളി ആഘോഷം കാത്തിരിക്കുകയായിരുന്നു കക്ഷി.

ഡിന്നര്‍ കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ പോയി വന്ന നാടുകളുടെ കഥയും, അനുഭവങ്ങളും പറഞ്ഞു കക്ഷി കിടന്നപ്പോള്‍, അടുത്ത ദിവസത്തെ സൂര്യോദയം കാണാനുള്ള മങ്കി ടെമ്പിള്‍ നോക്കി ഞാന്‍ എന്റെ ശകടവുമെടുത്തു ഇറങ്ങി. ഇരുള്‍ മൂടികിടക്കുന്ന റോഡിലൂടെ രണ്ടു ഭാഗങ്ങളിലും അടുക്കി പെറുക്കി വച്ച കണക്കിനെയുള്ള പാറകള്‍ കാണുമ്പോള്‍ എന്തെല്ലാമോ ഭീകര സത്വങ്ങള്‍ നമ്മളെയും നോക്കി നില്‍ക്കുന്നത് പോലെ തോന്നും.

പോകുന്ന വഴി റോഡിൽ കണ്ടൊരു ചേട്ടനോട് മങ്കി ടെംപിൾ പോകുന്ന വഴി ഏതെന്നു ചോദിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ, ആശാനൊരുമാതിരി ഒരു നോട്ടം വച്ചിട്ട് മുറി ഇംഗ്ലീഷില്‍ മങ്കി ടെംപിൾ അല്ല അഞ്ജനാദ്രി എന്ന് പറഞ്ഞു കൈ ചൂണ്ടിക്കാണിച്ചു.. കുറെ ദൂരം കടന്നപ്പോള്‍ അകലെയായി തല ഉയര്‍ത്തിപിടിച്ച ഒരു മലയും അതില്‍ നിന്നും താഴേക്ക്‌ അരഞ്ഞാണം കണക്കിനെ ലൈറ്റുകള്‍ തെളിച്ച പടിക്കെട്ടുകളും കാണാനായി. അതിനിടയില്‍ ഹോം സ്റ്റേ ഒപ്പിച്ചു തന്ന ചേട്ടന്‍ സമ്മാനിച്ച പുകയും എടുത്തു കുറച്ചു സമയം താഴെ തന്നെ ഞാന്‍ ട്രിപ്പിങ്ങ് മോഡില്‍ ഇരുന്നു.

രാത്രി എത്രമണിക്ക് വന്നു കിടന്നെന്നോ, എപ്പോള്‍ ഉറങ്ങിയെന്നോ ഓർമ്മയില്ലായിരുന്നു. അടുത്ത ദിവസം ഹോം സ്റ്റേയിലെ ചേച്ചി കതകില്‍ മുട്ടി വിളിക്കുന്നത്‌ കേട്ട് ഞെട്ടിയെണീറ്റു. ഒരു കുപ്പി വെള്ളവും കയ്യിലെ ക്യാമറയും എടുത്തു ഇറങ്ങി ഓടിയപ്പോള്‍ സമയം നോക്കാന്‍ വിട്ടു പോയി അവിടെ ചെന്നപ്പോള്‍ 4.30 ആകുന്നതെ ഉണ്ടായിരുന്നുള്ളു. ബാക്കി ഉറക്കം മലയുടെ മുകളില്‍ പോയിട്ടാകാം എന്ന് വച്ച് ഏന്തി വലിഞ്ഞു അഞ്ജനാദ്രിയുടെ പടിക്കെട്ടുകള്‍ കയറിച്ചെന്നു.

വിജയനഗര രാജവംശത്തിലെ രാജഗുരുവായ വ്യാസരാജയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നില്‍. കുത്തനെയുള്ള 570 പടിക്കെട്ടുകള്‍ കയറി വേണം ഈ ക്ഷേത്രത്തിലെത്താന്‍. സാക്ഷാല്‍ ഹനുമാന്‍റെ ജന്മസ്ഥലം എന്ന പേരിലാണ് ഇവിടം പ്രസിദ്ധമെങ്കിലും ഹംപി വരുന്നവരില്‍ ഭൂരിഭാഗം ആള്‍ക്കാരും ഇവിടുത്തെ ഉദയാസ്ഥമയം മിസ്സ്‌ ചെയ്യാറില്ല. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹംപിയുടെ മനോഹാരിതയില്‍ വെള്ളിയരഞ്ഞാണം കണക്കിനെ ഒഴുകുന്ന തുങ്കഭദ്രയും ഉൾപ്പെടുന്നൊരു ഫ്രെയിമില്‍ സൂര്യോദയം കാണാന്‍ വിദേശികളും, സ്വദേശികളുമായി ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു.

സൂര്യോദയം കഴിഞ്ഞൊരു അല്‍പസമയം ക്ഷേത്രത്തില്‍ ചിലവഴിക്കണമെന്നൊരു പ്ലാന്‍ ഉണ്ടായിരുന്നുവെങ്കിലും സമയം വളരെ പരിമിതമായിരുന്നു. ഹനുമാന്‍റെ ജന്മസ്ഥലം എന്നാ പേരില്‍ പ്രശസ്തമായത്‌ കൊണ്ട് തന്നെ കൗതുകം കൊണ്ട് ക്ഷേത്രത്തിനു ഉള്ളിലെക്കൊന്നു കയറാതെ വരാനും തോന്നിയില്ല. ക്ഷേത്രത്തിനു ഉള്ളിലായി ഹനുമാന്‍റെ ഒരു ശിലയും മറ്റൊരു മുറിയിലായി ഒരു രാമശിലയും ഉണ്ടായിരുന്നു.

അവിടെ നിന്നും ഐലന്റില്‍ മിസ്സ്‌ ചെയ്യാന്‍ പാടില്ലാത്ത ഏതാനും സ്ഥലങ്ങള്‍ കൂടി കണ്ടു തിരികെ നേരത്തെ എത്തണം എന്നുള്ളത് കൊണ്ട് തന്നെ ഹോം സ്റ്റേയില്‍ നിന്നും സ്താവര ജംഗമ വസ്തുക്കളും നുള്ളിപെറുക്കി തിരികെ കടവിലെത്തി. ബോട്ട് സര്‍വീസ് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. അതേ സമയം തുങ്കഭദ്രയുടെ അപ്പുറത്തെ ഭാഗത്തായി കുളി കഴിഞ്ഞു നടന്നു കയറുന്ന വിരുപക്ഷയുടെ സ്വന്തം ലക്ഷ്മി എന്ന ആനയെയും കണ്ടു. അങ്ങനെ ആനക്കുളിയും കണ്ടു നേരെ കടവില്‍ നിന്നും ബോട്ട് കയറുമ്പോള്‍ ഇനിയൊരു വരവ് ഹിപ്പി ഐലന്റിനു വേണ്ടി മാത്രമായി വരണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.