വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ ‘യൂട്യൂബ്’ പിറന്ന കഥയും, ഗൂഗിൾ സ്വന്തമാക്കിയ ചരിത്രവും

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്‌ യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്.

കാലിഫോർണിയയിലെ സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകൾ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ വീഡിയോ കയറ്റാൻ അനുമതി നൽകുന്നില്ല.

പേപ്പലിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരായ മൂന്ന് സുഹൃത്തുക്കൾ, ചാഡ് ഹാർലി, സ്റ്റീവ് ചെൻ, ജവാദ് കരിം എന്നിവർ 2005 ഫെബ്രുവരിയിൽ ചാഡ് ഹാർലിയുടെ ആഭിമുഖ്യത്തിൽ ഒരു വിരുന്നിന് ഒത്തുകൂടുകയുണ്ടായി. വിരുന്നിന്റെ വീഡിയോ ചിത്രീകരിച്ചപ്പോൾ അതെങ്ങനെ അവരുടെ മറ്റു സുഹൃത്തുക്കൾക്ക് എത്തിക്കാം എന്ന ചിന്തയിലൂടെയാണ് ഇന്റെർനെറ്റ് വഴി വീഡിയോ പങ്കുവെക്കുക എന്ന ആശയം രൂപപ്പെട്ടത്.

കൂടാതെ 2004-ലെ അമേരിക്ക ൻ ഗായികയായ ജാനറ്റ് ജാക്സൺ ന്റ വിവാദമായ സൂപ്പർ ബൗൾ ഹാഫ് ടൈം പ്രകടനവും. അതു പോലെ 2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമിയും ഒക്കെ ഇവർക്ക് യൂട്യൂബ് തുടങ്ങാൻ പ്രേരണയായി. ഇവയുടെ ദൃശ്യങ്ങൾ അന്നു ഓൺലൈനിൽ അത്ര ലഭ്യമായിരുന്നില്ല എന്നതായിരുന്നു പ്രധാന കാരണം.

ചെനും കരീമും ഒന്നാന്തരം പ്രോഗ്രാമർമാരും ഹാർലി മികച്ചൊരു വെബ് ഡിസൈനറും ആയിരുന്നു. എതാണ്ടിതേ സമയത്ത് ഹാർലി പേപ്പാൽ വിടുകയും മെൻലൊ പാർക്കിലെ തന്റെ ഗാരേജിൽ സ്വന്തമായി വെബ് ഡിസൈനിംഗ് പ്രവർത്തനം തുടരുകയും ചെയ്തു. ചെനും കരീമും തങ്ങളുടെ ഒഴിവുസമയങ്ങൾ ഹാർലിയോടൊപ്പം വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് രൂപപ്പെടുത്തുന്നതിൽ പങ്കാളികളായി. 2005 മെയ് മാസത്തിൽ ഈ സുഹൃത്തുക്കളുടെ ശ്രമം വിജയിക്കുകയും യൂട്യൂബ് എന്ന വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് പൂർണ്ണമായി പ്രവർത്തന സജ്ജമാവുകയും ചെയ്തു.

വീഡിയോ പങ്കു വെക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിൾ പുറത്തിറക്കിയ പദ്ധതിയാണ് ഗൂഗിൾ വീഡിയോസ്. യുട്യൂബിന് സമാനമായ സേവനങ്ങളോടെ യുട്യൂബിനൊരു പ്രതിയോഗി എന്ന നിലക്കാണ് 2005 ജനുവരി 25ന് ഗൂഗിൾ വീഡിയോസ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് യൂട്യൂബിനെ ഗൂഗിൾ ഏറ്റെടുത്തതോടെ ഗൂഗിൾ വീഡിയോസ് ഒരു വീഡിയോ സെർച്ചിംഗ് സൈറ്റായി മാറി. ഒടുവിൽ 2012 ആഗസ്റ്റ് 20 ന് ശേഷിക്കുന്ന വീഡിയോകളെല്ലാം യുട്യൂബിലേക്ക് നീക്കിയ ശേഷം ഗൂഗിൾ വീഡിയോസ് പൂർണ്ണമായും പ്രവർത്തനമവസാനിപ്പിച്ചു.