ഒരുകാലത്ത് നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ‘ഹീറോപ്പേന’യുടെ കഥ…

ഒരുകാലത്തു നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ഒരു ഐറ്റമുണ്ടായിരുന്നു, ഹീറോ പേന. ആദ്യകാലങ്ങളിൽ ഗൾഫിൽ നിന്നും വരുന്നവർ കൊണ്ടുവന്നിരുന്ന ഹീറോ പേന പിന്നീട് നമ്മുടെ നാട്ടിലെ കടകളിലും വ്യാപകമായി മാറി. ഹീറോ പേന സ്വന്തമായുള്ളവർ സ്‌കൂളുകളിൽ രാജാവിനെപ്പോലെ വിലസിയിരുന്ന ആ കാലം ഇന്ന് നമുക്കൊക്കെ ഒരു നൊസ്റ്റാൾജിയ തന്നെയാണ്. ഒരുകാലത്ത് നമ്മുടെയെല്ലാം ഹീറോയായിരുന്ന ഹീറോപ്പേനയുടെ ചരിത്രമാണ് ഇനി പറയുവാൻ പോകുന്നത്.

എഴുത്ത് – ‎N S Arun Kumar‎.

1931-ൽ ചൈനയിലെ ഷാങ്ഹായിലാണ് ഹീറോപ്പേന ഉണ്ടാക്കുന്ന കമ്പനി സ്ഥാപിതമായത്. കമ്പനിയുടെ പേര് ‘വൂൾഫ് പെൻ കമ്പനി’ (Wolff Pen Company) എന്നായിരുന്നു. 1958-ൽ, മാവോസേതൂങ് ‘ദ ഗ്രേറ്റ് ലീപ് ഫോർവേർഡ്’ പദ്ധതി (“15 വർഷത്തിനുള്ളിൽ ബ്രിട്ടീഷ്-അമേരിക്കൻ ഉൽപ്പന്നങ്ങളെ തള്ളി, ചൈനീസ് ഉൽപ്പന്നങ്ങൾ ലോകവിപണി കീഴടക്കണം”) പ്രഖ്യാപിച്ചതിനെത്തുടർന്ന് 1966-ൽ ഈ  കമ്പനി ദേശസാൽക്കരിക്കപ്പെട്ടു. പേരും മാറി: ‘ഷാങ്ഹായി ഹീറോ പെൻ കമ്പനി’.

പാർക്കർ-45 എന്ന അമേരിക്കൻ പേനയുടെ അതേ ഗുണമേന്മ. അതേ ആകൃതി. പക്ഷേ വില കുറവ്. ‘ഹീറോ’ ഒരു മോഡൽ മാത്രമായിരുന്നുവെങ്കിലും വിപണി കീഴടക്കി.

മെഷീൻലൈൻ അസംബ്ലിയിലൂടെയാണ് പേനയുടെ ഓരോ ഘട്ടവും കടന്നു പോയിരുന്നതെങ്കിലും ‘നിബ്ബി’ന്റെ ഭാഗം കൈപ്പണി കൊണ്ടായിരുന്നു നിനുസപ്പെടുത്തിയിരുന്നത്. അത് ‘പാർക്കറി’ന്റേതുപോലെ ഉരുണ്ട അഗ്രത്തോടുകൂടിയതായിരുന്നില്ല. ഒരു ‘സ്ടോക്കിങ് പെൻ’ ആയിരുന്നു ‘ഹീറോ’. നിബിന്റെ വ്യാസം 1 മില്ലീമീറ്റർ ആയിരുന്നുവെങ്കിലും എഴുത്ത് 0.35 mm സാധ്യമാക്കിയിയരുന്നു. ഒരു മണിക്കൂർ എഴുതിയാലും ചിലവാകുന്ന മഷി 0.15-0.35 ഗ്രാം മാത്രം.

1979-ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 11-മത് സെൻട്രൽ കമ്മിറ്റിയുടെ മൂന്നാം പ്ളീനം നടപ്പിലാക്കിയ നയവ്യതിയാനങ്ങളുടെ ഭാഗമായി, പാർക്കർ കമ്പനി ഷാങ്ഹായിയിൽ വന്നു. പിന്നെ, പാർക്കർ പേനയുടെ ഹോങ്കോങ് ഫാക്ടറി മാനേജർ ഷാങ്ഹായ് സന്ദർശിച്ചു. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച ഹീറോപ്പേന നിർമ്മാണത്തിനുള്ള യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പാർക്കർ പേനയുടെ ഭാഗങ്ങൾ നിർമ്മിച്ചു നൽകാൻ കരാറായി. പക്ഷേ, ‘മെയ്ഡ് ഇൻ യുഎസ്എ’ എന്നുതന്നെ എഴുതി വിടണം. ഒരു യുഗത്തിന്റെ തുടക്കം!

പക്ഷേ, 1980-കളിൽ ഇന്ത്യയിലും കേരളത്തിലും ഹീറോ തരംഗമാവുമ്പോൾ, ഷാങ്ഹായിൽ ഹീറോ തകരുകയായിരുന്നു. 1997-ൽ, ഹോങ് കോങ് ചൈനയിലേക്ക് തിരിച്ചുവന്നപ്പോൾ ഹീറോക്കമ്പനി പുതിയൊരു മോഡൽ പുറത്തിറക്കി: ‘ഹീറോ 1997’. അതുപയോഗിച്ചാണ് ഹോങ്കോങ് കരാർ ചൈനീസ് പ്രതിനിധി ഒപ്പുവെച്ചത്.

2001-ൽ, ചൈന, ലോകവ്യാപാര ഉടമ്പടി (WTO) ഒപ്പുവെച്ചപ്പോഴും അതിനായി ഹീറോക്കമ്പനി ഒരു മോഡൽ പുറത്തിറക്കിയിരുന്നു: ‘ഹീറോ 1111’.

1960-കളിലെ ഇന്തോ-ചൈനീസ് യുദ്ധം ഉണ്ടായിട്ടുപോലും ഹീറോ എന്ന ചൈനീസ് പേനയെ ഇന്ത്യൻ ജനത സ്വീകരിക്കാൻ കാരണം, ബ്രീട്ടീഷ് ഭരണകൂടം ഷാങ്ഹായിലെ ട്രാഫിക് നിയന്ത്രണത്തിന് അവിടെ എത്തിച്ച സിഖുകാർ ആണെന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിൽ നിന്നാണ് അവരെ കൊണ്ടുപോയത്. ഓപ്പിയം യുദ്ധം അവസാനിക്കാനിടയാക്കിയ കരാറിന് ശേഷമായിരുന്നു ഇത്.

സിഖുകാർ വഴി ഇന്ത്യയിലെത്തിയ പേന ഇന്ത്യയിലാകെ പടരുകയായിരുന്നു എന്ന് കരുതപ്പെടുന്നു. എന്തായാലും, പരസ്യത്തിനായി ഒന്നും തന്നെ ഹീറോക്കമ്പനി ചെയ്തിട്ടില്ല. ഒരു പരസ്യം പോലും ഹീറോപ്പേനയുടേതായി നാളിതുവരെയായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നത് ഹീറോപ്പേന പോലെ തന്നെയുള്ള ഒരു അപൂർവ്വതയായി നിലനിൽക്കുന്നു.

ചിത്രം കടപ്പാട് – ശ്യാംലാൽ.