ജെറ്റ് എയർവേയ്‌സ്; ചിറകറ്റു വീണ ഒരു ഇന്ത്യൻ യന്ത്രപ്പക്ഷിയുടെ ചരിത്രം

മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ വിമാനക്കമ്പനി ആയിരുന്നു ജെറ്റ് എയർവേസ്. മാർക്കറ്റ്‌ ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ലോകമെമ്പാടുമുള്ള ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ദിവസവും 300 ൽ അധികം ഫ്ലൈറ്റ് സർവീസുകൾ നടത്തിയിരുന്ന ജെറ്റ് എയർവേയ്‌സ് ഇപ്പോൾ കടബാധ്യതകൾ മൂലം പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.

ജെറ്റ് എയർവേസിന്റെ ചരിത്രം ഇങ്ങനെ… വിദേശ എയർലൈനുകൾക്ക് സെയിൽസ് മാർക്കറ്റിംഗ് സേവനങ്ങൾ നൽകിയിരുന്ന ജെറ്റ്എയർ (പ്രൈവറ്റ്) ലിമിറ്റഡിൻറെ ഉടമസ്ഥനായിരുന്ന നരേഷ് ഗോയൽ, ഇന്ത്യൻ എയർലൈൻസുമായി മത്സരിക്കാൻ വേണ്ടിയായിരുന്നു ജെറ്റ് എയർവേസ് സ്ഥാപിച്ചത്.

1992 ഏപ്രിൽ 1-നു എയർ ടാക്സി സേവനം തുടങ്ങിക്കൊണ്ടാണ് ജെറ്റ് എയർവേസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മലയ്ഷ്യ എയർലൈൻസിൽ നിന്നും ലീസിനെടുത്ത 4 ബോയിംഗ് 737-300 വിമാനങ്ങൾ ഉപയോഗിച്ചു 1993 മെയ്‌ 5-നു ആണ് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് 1994-ൽ വന്ന പുതിയ നിയമത്തിൻറെ അടിസ്ഥാനത്തിൽ ജെറ്റ് എയർവേസ് സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര സേവനമാകാനുള്ള അപേക്ഷ നൽകി. അങ്ങനെ 1995-ൽ അനുമതി ലഭിച്ചു.

മാർച്ച്‌ 2004-ൽ ജെറ്റ് എയർവേസ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ആരംഭിച്ചു. ചെന്നൈയിൽനിന്നും കൊളംബോയിലേക്കായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനം. 2010 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും മികച്ചതുമായ വിമാനക്കമ്പനി എന്ന പേര് നേടിയത് ജെറ്റ് എയർവേയ്‌സ് ആയിരുന്നു.

എയർ സഹാറയെ 2006 ജനുവരിയിൽ 500 മില്യൺ യുഎസ് ഡോളറുകൾക്ക് ജെറ്റ് എയർവേസ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ആ നീക്കം ജൂൺ 2006-ൽ വിഫലമായി. ഏപ്രിൽ 12, 2007-ൽ ജെറ്റ്എയർവേസ് എയർ സഹാറയെ സ്വന്തമാക്കി. പിന്നീട് എയർ സഹാറയെ ജെറ്റ് ലൈറ്റ് എന്ന് പുനർനാമം ചെയ്തു. 2008 ഓഗസ്റ്റിൽ ജെറ്റ് ലൈറ്റിനെ പൂർണമായി ജെറ്റ് എയർവേസിൻറെ ഭാഗമാക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചു.

2012 – 15 കാലഘട്ടങ്ങളിൽ പുതിയ വിമാനക്കമ്പനികളുടെ വരവോടെ ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ മത്സരങ്ങൾക്ക് അരങ്ങുയർന്നു. പുതുതായി വന്ന കമ്പനികൾ ബഡ്‌ജറ്റ്‌ എയർലൈനുകൾ ആയിരുന്നതിനാൽ ടിക്കറ്റ് ചാർജ്ജുകൾ വളരെ കുറവായിരുന്നു. ഇക്കാരണത്താൽ സാധാരണക്കാരായ ജനങ്ങൾക്ക് വിമാനയാത്രാ സൗകര്യങ്ങൾ ലഭ്യമായി. ഈ കാലഘട്ടത്തിലാണ് ജെറ്റ് എയർവെയ്സിന് കാലിടറുന്നതും.

വിദഗ്ധരുടെ അഭിപ്രായത്തില്‍ ജെറ്റ് എയര്‍വേസിന്‍റെ സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നത് 2006 ല്‍ സഹാറയെ ഏറ്റെടുത്തത് മുതലാണ്. പിന്നീട് രൂപയുടെ മൂല്യത്തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ എണ്ണവിലക്കയറ്റം ജെറ്റിന്‍റെ തകര്‍ച്ചയുടെ വേഗം കൂട്ടി. വിവിധ ബാങ്കുകള്‍ക്ക് ജെറ്റ് തിരിച്ചു നല്‍കാനുളളത് 8,500 കോടി രൂപയായിരുന്നു.

വായ്പകളുടെ പലിശയും പലിശയ്ക്ക് മുകളില്‍ മറ്റ് ബാധ്യതകളും കുമിഞ്ഞു കൂടിയതോടെ പറന്നുയരുവാൻ ജെറ്റിന്‍റെ ചിറകിന് ഭാരം താങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടൊപ്പം ശമ്പളം കിട്ടാതെ ദുരിതത്തിലായ പൈലറ്റുമാരുടെ സമരം കൂടിയായതോടെ ജെറ്റ് എയർവേയ്‌സിന്റെ അവസാനമായി.

മുൻപ് ഇന്ത്യയിലെ വ്യോമയാന മേഖല ഒന്നടങ്കം പ്രതിസന്ധികൾ നേരിട്ടിരുന്ന സമയത്തും പിടിച്ചു നിന്ന ജെറ്റ്റ് എയർവേയ്‌സ് ഇത്തവണയും തകർച്ചയിൽ നിന്നും ഉയർന്നു വരുമെന്നായിരുന്നു ജീവനക്കാരുടെയും യാത്രക്കാരുടേയുമൊക്കെ പ്രതീക്ഷ. എന്നാൽ നഷ്ടക്കണക്കുകളുടെ കൂമ്പാരവും കടബാധ്യതകളും പിന്നെയൊരു ഉയർച്ചയ്ക്ക് ജെറ്റിനെ പിന്തുണച്ചില്ല.

2019 ആയപ്പോൾ ജെറ്റ് എയർവേയ്‌സ് സാമ്പത്തിക പ്രതിസന്ധി മൂലം കയറാനാകാത്തവിധത്തിൽ നിലയില്ലാക്കയത്തിലേക്ക് പതിച്ചിരുന്നു. അങ്ങനെ വളരെക്കാലം നീണ്ട സേവനം അവസാനിപ്പിച്ചുകൊണ്ട് 2019 ഏപ്രിൽ 17 നു ജെറ്റ് എയർവേയ്‌സ് ഇന്ത്യൻ ആകാശത്തു നിന്നും വിട വാങ്ങി.

ജെറ്റ് എയർവേയ്‌സിന്റെ ഏറ്റെടുക്കാൻ പലരും മുന്നോട്ടു വന്നെങ്കിലും അതൊന്നും നടപടിയായില്ല. വീണ്ടും ഇന്ത്യൻ ആകാശത്ത് ജെറ്റ് എയർവേയ്‌സിന്റെ യന്ത്രപ്പക്ഷികൾ പറന്നുയരുമോ എന്നത് സംശയം മാത്രമായി. പക്ഷേ 2020 ഓടെ വീണ്ടും പ്രതീക്ഷകൾ ചിറകു വരിച്ചു തുടങ്ങി. ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന വാർത്ത എങ്ങും പരന്നു. യുഎഇയിലെ ബിസിനസ്സുകാരനായ മുരാരി ലാൽ ജലാനും, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കൽറോക്ക് ക്യാപിറ്റലും നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ജെറ്റ് എയർവേയ്‌സിനെ ഏറ്റെടുത്ത് തിരികെ സർവീസിലേക്ക് കൊണ്ടുവരുന്നത്.

ജെ‌റ്റ് എയർവെയ്‌സിന്റെ പൂർവകാല കീർത്തിയിലേക്ക് തിരികെ കൊണ്ടുവരാനുള‌ള ശ്രമങ്ങൾ ജെ‌റ്റ് 2.0 എന്നപേരിലുള്ള പദ്ധതിയാക്കിയാണ് അവതരിപ്പിക്കുന്നത്. ഒരിക്കൽ രാജ്യത്ത് ഏ‌റ്റവുമധികം സർവീസുകൾ നടത്തിയിരുന്ന കമ്പനിയായിരുന്ന ജെ‌റ്റ് എയർവെയ്‌സ് പദ്ധതികൾ കൃത്യമായി നടന്നാൽ 2022 ഓടെ പ്രവർത്തനക്ഷമമാകും.

എല്ലാ റൂട്ടുകളിലെയും മികച്ച സര്‍വീസിനൊപ്പം ജെറ്റ് എയര്‍വെയ്സിൻെറ പോയ പ്രതാപം വീണ്ടെടുക്കാനും പുതിയ പദ്ധതികൾ സഹായകരമായാൽ ഏവിയേഷൻ രംഗത്തെ ലോകം കണ്ട മികച്ച തിരിച്ചു വരവായിരിക്കും ജെറ്റ് എയര്വേയ്സിന്റെത്.

കൊവിഡ് പ്രതിസന്ധി മൂലം ലോകത്തെ ഒട്ടുമിക്ക വ്യോമയാന ഗതാഗത കമ്പനികളും കഷ്‌ടപ്പെടുമ്പോഴാണ് കടംകയറി മുങ്ങിപ്പോയ ജെറ്റ് എയർവേയ്‌സ് തിരികെ വരുന്നത്. ഇത് വ്യോമയാനമേഖലയ്ക്ക് പുത്തനുണർവ്വ് നൽകുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.