മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ എന്ന സ്വയം കല്പിത നാമം സ്വീകരിക്കുകയും ചെയ്തു. ആദ്യമായി ഇന്ത്യയിൽ അവരുടെ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ,അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.

മുഗൾ ഭരണവ്യവസ്ഥയിൽ പരമാധികാരി ചക്രവർത്തിയായിരുന്നു. ദിവാൻ (പ്രധാന മന്ത്രി), മീർ ബക്ഷി(സൈന്യത്തലവൻ), മീർ സമൻ (രാജകൊട്ടാര നടത്തിപ്പുകാരൻ), സദർ- ഉസ്സദർ (ദാനധർമ്മങ്ങളുടെ മേൽനോട്ടക്കാരൻ,) എന്നിവരും ഇവർക്കു കീഴിലായി മറ്റനേകം ഉപമന്ത്രിമാരും അടങ്ങിയതായിരുന്നു ഭരണകൂടം. സൂബകളുടെ (പ്രവിശ്യ) ഉത്തരാധികാരിയായിരുന്നു സുബേദാർ. ഈ സ്ഥാനം ചക്രവർത്തിയുടെ സഹോദരന്മാരോ, പുത്രപൗത്രരോ അതുമല്ലെങ്കിൽ വിശ്വസ്തരും പ്രൌഢരുമായ സൈനികത്തലവന്മാരോ ആയിരുന്നു അലങ്കരിച്ചിരുന്നത്. പലപ്പോഴും സമീപസ്ഥസൂബകൾ കൂട്ടത്തോടെ ഒരാളുടെ കീഴിലാക്കുന്ന പതിവും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഷാജഹാന്റെ അവസാനകാലത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ ദാരയുടെ കീഴിലും, ഡക്കാൻ പ്രവിശ്യകൾ ഔറംഗസേബിന്റെ കീഴിലും കിഴക്കൻ പ്രവിശ്യകൾ ഷാ ഷൂജയുടെ കീഴിലും ഗുജറാത്തും പ്രാന്തപ്രദേശങ്ങളും മുറാദിന്റെ കീഴിലും ആയിരുന്നു. ഇടക്കിടെ സുബേദാർമാർക്ക് സ്ഥലമാറ്റവും പതിവായിരുന്നു. സുബേദാർമാരുടെ സഹായത്തിന് ദിവാൻ (മന്ത്രി), അമിൽ (നികുതിപിരിവുകാരൻ), പൊട്ദാർ (ഖജാൻജി), എന്നിവരാണ് ഉണ്ടായിരുന്നത്.
സർക്കാറുകളുടെ (ജില്ലകളുടെ) ഭരണാധികാരികൾ ഫൗജ്ദാർ എന്നറിയപ്പെട്ടു.

ഇനി നമുക്ക് പ്രധാനപ്പെട്ട മുഗൾ ചക്രവർത്തിമാരെ ഒന്നു പരിചയപ്പെടാം. മിക്കവരെക്കുറിച്ചും പണ്ട് സ്‌കൂൾ കാലഘട്ടത്തിലെ ചരിത്ര പാഠപുസ്തകത്തിൽ നാം കേട്ടിട്ടുണ്ടാകും. എന്നിരുന്നാലും ആ ഓർമ്മകൾ ഒന്ന് അയവിറക്കുവാൻ ഈ ലേഖനം ഒരു നിമിത്തമാകട്ടെ.

1. ബാബർ (1526 – 1530) : മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ബാബർ. യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ്. പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യം. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തല്പരനായിരുന്നു. നക്ഷബന്ദിയ്യ സൂഫി സരണി സ്വീകരിച്ചിരുന്ന ഇദ്ദേഹം ആധ്യാത്മികതയോടും പ്രതിപത്തി കാട്ടിയിരുന്നു.മദ്ധ്യേഷ്യയിലെ ഫർഗാനയിലെ തിമൂറി കുടുംബാംഗമായിരുന്ന ബാബർ, ഉസ്‌ബെക്കുകളുമായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയും തുടർന്ന് അവിടം വിട്ട് ഇന്ത്യയിലേക്കെത്തി മുഗൾ സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു. സാമ്രാജ്യസ്ഥാപകനെങ്കിലും കരുത്തുറ്റ ഒരു ഭരണകൂടം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. നിരവധി വർഷങ്ങളിലെ തുടർച്ചയായ യുദ്ധങ്ങൾക്കൊടുവിൽ 1530 ഡിസംബർ 26-ന് ആഗ്രയിൽ വച്ച് തന്റെ 48-ആം വയസിൽ ബാബർ മരണമടഞ്ഞു. ബാബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ ഹുമയൂൺ ആണ് സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. ബാബറിന്റെ യുദ്ധവീര്യം, പാനിപ്പത്ത്, ക്വേന, ഗൊഗ്രാ യുദ്ധങ്ങൾ നമ്മെ കാട്ടിത്തരുന്നു.

2. ഹുമായൂൺ (1530 – 1540 , 1555 – 1556) : ഇന്ത്യയിലെ മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാണ് ഹുമായൂൺ. മുഴുവൻ പേര് നസിറുദ്ദീൻ മുഹമ്മദ് ഹുമായൂൺ. ബാബറിന്റെ മൂത്തപുത്രൻ. ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം തന്നെ ഹുമായൂൺ യുദ്ധത്തിൽ പങ്കെടുത്തു. പിതാവിന്റെ മരണശേഷം സിംഹാരോഹണം ചെയ്യുമ്പോൾ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. ഭാഗ്യവാൻ എന്നാണ് പേരിന്റെ അർത്ഥം എങ്കിലും അധികാരത്തിൽ വന്നതിനുശേഷം വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇടയ്ക്ക് വച്ച് ഷേർഷാ ഭരണം പിടിച്ചെങ്കിലും പേർഷ്യക്കാരുടെ സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു. യുദ്ധവിജയങ്ങൾ ആഘോഷിക്കാൻ തന്റെ പിതാവിനെപ്പോലെത്തന്നെ ഹുമായൂണിനും സാധിച്ചില്ല. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടിൽ നിന്നും കാൽ തെന്നിവീണ് പരിക്കേറ്റ ഹുമായൂൺ അഞ്ചുമാസത്തോളം ശയ്യാവലംബനാകുകയും 1556 ജനുവരിയിൽ മരണമടയുകയും ചെയ്തു.

3. അക്ബർ (1556 – 1605) : മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബർ. മഹാനായ അക്‌ബർ എന്നും അറിയപ്പെടുന്നു. ചക്രവർത്തി, ഹുമയൂണിന്റെ പുത്രനായിരുന്ന അക്ബർ, തന്റെ പിതാവിനെപ്പിന്തുടർന്ന് 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അക്ബറിനു മുൻപുള്ള ബാബർ, ഹുമയൂൺ എന്നീ ചക്രവർത്തിമാർക്ക്, യുദ്ധങ്ങൾ നടത്തി സാമ്രാജ്യം സ്ഥാപിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നാൽ സാമ്രാജ്യത്തിൽ ശക്തമായ ഒരു ഭരണക്രമം സ്ഥാപിച്ചത് അക്ബറാണ്. അതുകൊണ്ട് മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽ‌പി എന്നാണ് അക്‌ബർ അറിയപ്പെട്ടിരുന്നത്. അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്. മതപരമായ സഹിഷ്ണുത പുലർത്തിയിരുന്നതുകൊണ്ട് അക്ബറുടെ ഭരണകാലം സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും വളരെയേറെ പ്രോത്സാഹജനകമായിരുന്നു. ഇദ്ദേഹത്തിന്റെ വാസ്തുശില്പങ്ങളാകട്ടെ ഹിന്ദു-പേർഷ്യൻ രീതികളുടെ സമ്മേളനരംഗങ്ങളുമായിരുന്നു.

വയസ്സുകാലത്ത് പുത്രന്മാരുടെ ധിക്കാരവും ആപ്തമിത്രങ്ങളുടെ വേർപാടും വൃദ്ധനായ അക്ബർ ചക്രവർത്തിയെ വ്യാകുലനാക്കി. കൊട്ടാരത്തിലെ അന്തഃഛിദ്രം ചക്രവർത്തിയെ ഒരു രോഗിയാക്കിമാറ്റി. വയറുകടി ബാധിച്ച് അവശനായ അക്ബർ ചക്രവർത്തി 63-ാമത്തെ വയസ്സിൽ, 1605 ഒ. 17-ന് രാത്രി അന്തരിച്ചു. സിക്കന്തരയിൽ താൻ തന്നെ തുടങ്ങിവച്ച ശവകുടീരത്തിൽ മതാനുഷ്ഠാനങ്ങളോടെ ചക്രവർത്തിയുടെ ഭൌതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടു. ഔറംഗസീബിനോടുള്ള പ്രതികാരത്തിന്റെ ഭാഗമായി 1661-ൽ ജാട്ടുവംശജർ ഈ ശവകുടീരം കൊള്ളയടിക്കുകയും ഭൌതികാവശിഷ്ടം നശിപ്പിക്കുകയും ചെയ്തു.

4. ജഹാംഗീർ (1605 – 1627) : മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയാണ്‌ ജഹാംഗീർ. പൂർണ്ണനാമം:നൂറുദ്ദീൻ സലീം ജഹാംഗീർ. 1605 മുതൽ തന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ലോകജേതാവ് എന്നാണ്‌ ജഹാംഗീർ എന്ന പേരിന്റെ അർത്ഥം. അക്ബർ ആരംഭിച്ച സൈനികനീക്കങ്ങൾ ജഹാംഗീറും തുടർന്നു. ജഹാംഗീറിന്റെ കാലത്ത് മേവാഡിലെ സിസോദിയ രാജാവ് അമർസിങ് മുഗളരുടെ മേൽകോയ്മ അംഗീകരിച്ചു. സിഖുകാർ, അഹോമുകൾ, അഹ്മദ്നഗർ എന്നിവക്കെതിരെ ജഹാംഗീർ നടത്തിയ ആക്രമണങ്ങൾ അത്ര വിജയം വരിച്ചില്ല. ജഹാംഗീർ പക്ഷി നിരീക്ഷകനും ശാസ്ത്രഗവേഷകനുമായിരുന്നു. തുസ്കി ജഹാംഗീരി (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, വാൽനക്ഷത്രത്തിന്റെ വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

5. ഷാജഹാൻ (1627 – 1658) : 1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ. പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ. ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ. ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്.

1657-58 കാലത്ത് പിന്തുടർച്ചാവകാശത്തിനഅയി ഷാജഹാന്റെ മക്കൾക്കിടയിൽ തന്നെ കലഹം നടന്നു. ബംഗാൾ വൈസ്രോയ് ആയിരുന്ന ഷുജ, ഗുജറാത് വൈസ്രോയ് ആയിരുന്ന മുറാദ് ബക്ഷ് തുടങ്ങിയവർ ആഗ്രയിലേക്ക് സൈനിക നീക്കം നടത്തി. മുഗൾ സാമ്രാജ്യത്തിന്റെ സിംഹാസനമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. എന്നാൽ ആഗ്രയിൽ സൈന്യത്തിന്റെ തലവനായിരുന്ന ഔറംഗസേബിന് ഇവരെ പരാജയപ്പെടുത്താൻ വളരെ ക്ലേശിക്കേണ്ടി വന്നില്ല. അങ്ങനെ ഈ കുടുംബകലഹത്തിൽ മേൽക്കൈ നേടിയ ഔറംഗസേബ് തന്റെ സഹോദരന്മാരെ മൂന്നു പേരേയും വകവരുത്തുകയും, ഷാ ജഹാനെ ആഗ്ര കോട്ടയിൽ തടവിലാക്കുകയും ചെയ്തു. തന്റെ പ്രണയിനിക്കു വേണ്ടി പണിത സ്മാരകമായ താജ്മഹലും നോക്കി ശിഷ്ടകാലം മുഴുവൻ ഷാജഹാന്‌ ഈ തടവറയിൽ കഴിയേണ്ടി വന്നു.

ഷാജഹാന്റെ മൂത്ത മകളായ ജഹനാരാ ബീഗം ആയിരുന്നു ഈ രോഗശയ്യയിൽ പിതാവിനെ ശുശ്രൂഷിച്ചിരുന്നത്. മുംതാസ് മഹലിന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഷാജഹാൻ നീക്കിവെച്ചത് ജഹനാരാ ബീഗത്തിന്റെ പേരിലായിരുന്നു. ബാക്കി സ്വത്തുക്കൾ മറ്റുള്ള മക്കൾക്കായി വീതിച്ചു നൽകി. 1666 ജനുവരിയിൽ ഉദരരോഗം കൊണ്ട് ഷാജഹാന്റെ നില തീരെ വഷളായി. 22 ജനുവരി 1666 ന് അദ്ദേഹം മരിച്ചു. താജ് മഹലിൽ, തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ കബറിടത്തിൽ ഷാജഹാനേയും അടക്കി.

6. ഔറംഗസേബ് (1658 – 1707) : ആറാമത്തെ മുഗൾ ചക്രവർത്തിയാണ്‌ ഔറംഗസേബ്. യഥാർത്ഥ പേര്‌:അബു മുസാഫ്ഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ആലംഗീർ. സ്ഥാനപ്പേര്‌:അൽ സുൽത്താൻ അൽ ആസം വാൽ ഖഖ്വാൻ അൽ മുകറാം അബ്ദുൾ മുസാഫ്ഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ബഹാദൂർ ആലംഗീർ I, ബാദ്ഷാ ഗാസി. 1658 മുതൽ അദ്ദേഹത്തിന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാ ജഹാൻ എന്നിവരാണ്‌ ഔറംഗസേബിന്റെ മുൻ‌ഗാമികൾ. ഔറംഗസേബ് എന്ന പദത്തിന്റെ അർഥം വിശ്വവിജയി എന്നാണ്.

പിതാവായ ചക്രവർത്തി ഷാജഹാനെ ആഗ്രയിലെ കോട്ടയിൽ ശിഷ്ടകാലം മുഴുവൻ തടവിലാക്കി അധികാരം പിടിച്ചെടുത്താണ്‌ ഔറംഗസേബ് അധികാരത്തിലേറിയത്. ഈ അട്ടിമറിയിൽ ദാരാ ഷികോഹ് അടക്കമുള്ള തന്റെ മൂന്നു സഹോദരങ്ങളേയും ഔറംഗസേബ് വകവരുത്തി. ഔറംഗസേബ് 1707-ൽ മരണമടഞ്ഞു.അദ്ദേഹത്തിൻറെ അഭീഷ്ട പ്രകാരം സൂഫി സന്യാസി സൈൻ ഉദ്ദിൻ ഷിറാസി യുടെ ദർഗ്ഗ ക്കക്കരികിൽ ലളിതമായി കല്ലറയൊരുക്കി. ആലംഗീർ ദർഗ്ഗ എന്ന പേരിലാണിവിടം അറിയപ്പെടുന്നത്. ഔറംഗസേബിന്റെ മരണം അദ്ദേഹത്തിന്റെ പുത്രന്മാർ തമ്മിലുള്ള അവകാശത്തർക്കത്തിൽ കലാശിച്ചു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ധാരാളം ധനവും വിഭവങ്ങളും കൈകാര്യം ചെയ്തിരുന്ന പ്രഭുക്കന്മാർ വളരെ ശക്തിശാലികളായി. കാലക്രമേണ മുഗൾ ചക്രവർത്തിക്ക് സ്വാധീനം കുറഞ്ഞതോടെ ചക്രവർത്തിയുടെ സേവകർ അവരവരുടെ മേഖലകളിൽ ശക്തമായ അധികാരകേന്ദ്രങ്ങളായി പരിണമിച്ചു. ഹൈദരബാദ്, അവാധ്, ബംഗാൾ തുടങ്ങിയ ഇടങ്ങളിലെ അധികാരം അവർ സ്വതന്ത്രമായി പിടീച്ചെടുത്ത് സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. എന്നിരുന്നാലും ദില്ലിയിലെ മുഗൾ ചക്രവർത്തിയെ അവരുടെ നേതാവായി അപ്പോഴും അംഗീകരിച്ചിരുന്നു.

ചക്രവർത്തി ഔറംഗസേബിന് തന്റെ കിഴിലുള്ള പ്രഭുക്കന്മാരോടുള്ള അവിശ്വാസം നിമിത്തം ഭരണകാര്യങ്ങൾ കൂടുതൽ കേന്ദ്രീകൃതമാക്കുകയും ഇത് ഭരണം താറുമാറാക്കുകയും ചെയ്തു. 1707-ൽ ഔറംഗസേബ് മരണമടഞ്ഞതിനെത്തുടർന്ന് സാമ്രാജ്യം തുണ്ടം തുണ്ടമായി അശക്തരായ പിൻഗാമികളുടെ കൈയിലായി. ഇതോടെ തെക്കുനിന്നും മറാഠരും, വടക്കുപടിഞ്ഞാറുനിന്ന് പേർഷ്യക്കാരും മുഗളർക്കെതിരെ ആക്രമണങ്ങളാരംഭിച്ചു.

1707-ൽ ഔറംഗസേബ് മരണമടഞ്ഞതിനുശേഷമുണ്ടായ അധികാരത്തർക്കങ്ങളെത്തുടർന്ന് ബഹദൂർഷാ എന്ന സ്ഥാനപ്പേരിൽ അധികാരത്തിലേറിയ പുത്രൻ ഷാ ആലത്തിന്റെ കാലം മുതലുള്ള മുഗൾ ചക്രവർത്തിമാർക്ക് സാമ്രാജ്യത്തിന്റെ ഭരണത്തിൽ കാര്യമായ അധികാരങ്ങളില്ലായിരുന്നു. ബഹദൂർ ഷാ അഞ്ചുവർഷം കഴിഞ്ഞപ്പോൾത്തന്നെ മരണമടഞ്ഞു.[6] ചക്രവർത്തിമാരായിരുന്ന ഫറൂഖ് സിയാർ (ഭരണകാലം: 1713-1719), അലംഗീർ രണ്ടാമൻ (ഭരണകാലം: 1754-1759) എന്നിവർ പ്രഭുക്കളാൽ വധിക്കപ്പെട്ടു. അഹ്മദ് ഷാ ബഹാദൂർ (ഭരണകാലം: 1748-1754), ഷാ ആലം രണ്ടാമൻ (ഭരണകാലം: 1759-1806) എന്നീ ചക്രവർത്തിമാരെ പ്രഭുക്കൾ അന്ധരാക്കി.

പതിനെട്ടാം നൂറ്റാണ്ടിൽ സാമ്രാജ്യത്തിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമായ നിലനിൽപ്പ് കൈവരിച്ചു. നാമമാത്ര അധികാരത്തിനായി മുഗൾ ചക്രവർത്തിമാർ മറാഠരുമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും സഖ്യത്തിലേർപ്പെട്ടു. 1803-ലെ ദില്ലി യുദ്ധത്തിൽ മറാഠരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ ഉത്തരേന്ത്യയുടെ നിയന്ത്രണം കൈയടക്കി. മുഗളരുടെ സംരക്ഷകരായി ദില്ലിയിലെത്തിയ ബ്രിട്ടീഷുകാർ തുടക്കത്തിൽ ചക്രവർത്തിയോട് ബഹുമാനപൂർവ്വമായിരുന്നു പെരുമാറിയിരുന്നത്. അവർ നാണയങ്ങൾ ചക്രവർത്തിയുടെ പേരിലായിരുന്നു അടിച്ചിറക്കിയിരുന്നത്. കമ്പനിയുടെ സീലിൽപ്പോലും മുഗൾ ചക്രവർത്തി ഷാ ആലത്തെ അംഗീകരിച്ചുകൊണ്ട് ഫിദ്വി ഷാ ആലം (ഷാ ആലത്തിന്റെ വിനീതവിധേയൻ) എന്ന വാചകം ഉൾപ്പെടുത്തിയിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിക്കുമ്പോൾ അധികാരം മുഴുവൻ ബ്രിട്ടീഷ് റെസിഡന്റിൽ കേന്ദ്രീകരിക്കപ്പെട്ടു. ചാൾസ് മെറ്റ്കാഫ്, രണ്ടാം വട്ടം റെസിഡന്റ് സ്ഥാനത്തിരിക്കുന്ന കാലം മുതൽക്കാണ് മുഗൾചക്രവർത്തിയോടുള്ള ബ്രിട്ടീഷുകാരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നുതുടങ്ങിയത്. ചക്രവർത്തിയുടെ മേൽക്കോയ്മ അംഗീകരിച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തിന് കാഴ്ച സമർപ്പിച്ചുകൊണ്ടിരുന്ന പതിവ്, ചാൾസിന്റെ പ്രേരണപ്രകാരം, 1832-ൽ ഗവർണർ ജനറൽ നിർത്തലാക്കി. തൊട്ടടുത്ത വർഷം ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കുന്ന നാണയങ്ങളിൽനിന്ന് മുഗൾ ചക്രവർത്തിയുടെ പേര് ഒഴിവാക്കി.

ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഓക്ലൻഡ് പ്രഭു, ഡെൽഹി സന്ദർശിച്ചപ്പോൾ ചക്രവർത്തിയുമായി ഒരു കൂടിക്കാഴ്ച പോലും നടത്തിയില്ല. ഡൽഹൗസിയാകട്ടെ ഏതൊരു ബ്രിട്ടീഷ് പ്രജയെയും മുഗൾ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കി. അങ്ങനെ മുഗൾ ചക്രവർത്തി ഒരു ഔപചാരികഭരണാധികാരി മാത്രമായി മാറുകയും, അധികാരം ദില്ലിയിലെ ചെങ്കോട്ടയിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു. തീരുമാനങ്ങൾക്കെല്ലാം റെസിഡന്റിന്റെ അനുമതിയും ആവശ്യമായിരുന്നു. ക്രമേണ മുഗൾ രാജകുടുംബത്തെ ചെങ്കോട്ടയിൽനിന്നുതന്നെ പുറത്താക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പദ്ധതി. ഇതിനായി അവസാന മുഗൾ ചക്രവർത്തിയായ ബഹാദൂർഷാ സഫറിന്റെ കിരീടാവകാശിയായ പുത്രൻ മിർസ ഫഖ്രുവുമായി അവർ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു.

1857-ലെ ശിപായിലഹളക്കാലത്ത് ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയിൽ ലഹളക്കാർ കണക്കാക്കിയിരുന്നത്. ലഹളയെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമർത്തിയതിനെത്തുടർന്ന് ബഹദൂർഷാ സഫറിന്‌ രാജ്യം വിടേണ്ടി വരുകയും അദ്ദേഹത്തിന്റെ പുത്രന്മാരെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഇതോടെ മുഗൾ സാമ്രാജ്യത്തിന് സമ്പൂർണ്ണ അന്ത്യമായി.