ആലപ്പുഴയിലെ ടൈറ്റാനിക്കിൽ തകർപ്പൻ അസ്തമയക്കാഴ്ചകളും ഡിന്നറും….

ആലപ്പുഴയിലെ ടൈറ്റാനിക്കിൽ തന്നെയാണ് ഞങ്ങൾ ഇപ്പോൾ. ഉച്ചയൂണ് ഒക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ കുറച്ചു സമയം വിശ്രമിക്കുകയുണ്ടായി. വൈകുന്നേര സമയം ആയപ്പോൾ വെയിലൊക്കെ ആറിത്തുടങ്ങിയിരുന്നു. ബോട്ടിന്റെ മുൻഭാഗത്ത് കാഴ്ചകൾ ആസ്വദിച്ചിരിക്കുകയായിരുന്നു ഞങ്ങളെല്ലാം. ഞങ്ങൾക്ക് എതിരെ സർക്കാർ ബോട്ടുകൾ കടന്നു പോകുന്നുണ്ടായിരുന്നു. സ്‌കൂൾ വിട്ടുള്ള കുട്ടികളായിരുന്നു ബോട്ടുകളിൽ അധികവും. അങ്ങനെയിരിക്കെ ബോട്ട് ജീവനക്കാർ ഞങ്ങൾക്ക് ചായയുമായി വന്നു. ചായയോടൊപ്പം കഴിക്കുവാൻ നല്ല ചൂട് പഴംപൊരിയും ഒപ്പം ടൊമാറ്റോ സോസും ഒക്കെയുണ്ടായിരുന്നു. ‘പഴംപൊരിയും സോസും’ – ഈ കോമ്പിനേഷൻ ഞാൻ ആദ്യമായായിരുന്നു പരീക്ഷിക്കുന്നത്.

ഇതിനിടെ നമ്മുടെ സ്രാങ്ക് ഉണ്ണി കുറച്ചു നേരം വിശ്രമിക്കുവാനായി ബോട്ടിന്റെ നിയന്ത്രണം മറ്റൊരു ചേട്ടന് കൈമാറിയിരുന്നു. എല്ലാവരും കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ കുറച്ചു സമയം ഞാൻ റൂമിൽ ചെന്നിരുന്നുകൊണ്ട് അൽപ്പം വീഡിയോ എഡിറ്റിങ് വർക്കുകൾ ചെയ്തു തീർത്തു. ജോലിയൊക്കെ തീർത്ത് വീണ്ടും ബോട്ടിനു മുന്നിലേക്ക് എത്തിയപ്പോഴേക്കും ബോട്ട് കായലിൽ നിന്നും ചെറിയൊരു തോടിലേക്ക് കയറിയിരുന്നു. അയ്യോ അതാ തോടിനു കുറുകെ ഒരു ചെറിയ പാലം. സൈക്കിളൊക്കെ അതിലൂടെ പോകും. ദൈവമേ ഞങ്ങളുടെ ബോട്ട് അൽപ്പം ഉയരമുള്ളതാണല്ലോ, ഇനിയെങ്ങാനും പാലത്തിൽ ഇടിക്കുമോ? അങ്ങനെ ഞങ്ങളുടെ ബോട്ട് പാലത്തിലേക്ക് അടുക്കുകയായിരുന്നു. അതാ പാലത്തെ തൊട്ടു തോറ്റിട്ടില്ലെന്ന മട്ടിൽ ഞങ്ങളുടെ ബോട്ട് അതിനു കീഴിലൂടെ കടന്നുപോയി.

ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന തോട്ടിൽ നല്ല വെള്ളമുണ്ടായിരുന്നു. ഇരു കരകളിലുമായി സാധാരണക്കാരുടെ ജീവിതം അടുത്തു കാണുകയായിരുന്നു അപ്പോൾ ഞങ്ങൾ. ചിലർ കടവുകളിൽ കുളിക്കുന്നു, ചിലർ വീടിനു മുന്നിൽ ചുമ്മാ ഇരിക്കുന്നു, ചിലർ ഒത്തുകൂടി ചീട്ടു കളിക്കുന്നു… അങ്ങനെയങ്ങനെ… തോട്ടിലൂടെയുള്ള യാത്രയ്ക്കു ശേഷം ഞങ്ങൾ വീണ്ടും വീതി കൂടിയ ഒരു കായൽഭാഗത്ത് എത്തി. അകലെ സൂര്യൻ അസ്തമിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ലങ്കാവിയിൽ സൺസെറ്റ് ഡിന്നർ ക്രൂയിസിൽ യാത്രചെയ്ത നിമിഷങ്ങൾ ഞാനും ശ്വേതയും ഓർത്തു.

അങ്ങനെ ഞങ്ങളുടെ ബോട്ട് കരയിൽ നിന്നും കുറച്ചകലെയായി കായലിൽ തീർത്തിട്ടുള്ള ഒരു ജെട്ടിയിൽ അടുപ്പിച്ചു. കൈനകരി എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ ബോട്ട് അടുപ്പിച്ചത്. കരയിൽ നിന്നും ജെട്ടിയിലേക്ക് ഒരു നീണ്ട വീതി കുറഞ്ഞ പാലം പണിതിട്ടുണ്ടായിരുന്നു. പാലത്തിൽ നിറയെ ആളുകൾ എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ടായിരുന്നു. അല്ലെങ്കിലും നമ്മൾ ഇന്ത്യക്കാരുടെ ഒരു ദുശീലമാണല്ലോ ഇങ്ങനെ പോകുന്നയിടങ്ങളിൽ പേരെഴുതിയും ലൗ ചിഹ്നം വരച്ചും ഇടുന്നത്. എന്തു പറയാനാ…

ഞങ്ങൾ ബോട്ട് അടുപ്പിച്ച സ്ഥലത്ത് ചെറിയൊരു കടയുണ്ടായിരുന്നു. കരിക്ക്, ശീതള പാനീയങ്ങൾ, മോരുംവെള്ളം, ഉപ്പിലിട്ട ഐറ്റംസ് എന്നിവ അവിടെ ലഭിക്കുമായിരുന്നു. ഞാൻ ഒരു കുലുക്കി മോര് വാങ്ങിച്ചു. പുളിയുണ്ടാകില്ലെന്നു കടക്കാരൻ ചേട്ടൻ പറഞ്ഞെങ്കിലും മോരിന് അത്യാവശ്യം പുളിയുണ്ടായിരുന്നു. ആ സമയത്ത് ഹാരിസ് ഇക്കയും ഭാര്യയും കൂടി പുതുതായി വാങ്ങിയ പാനസോണിക്കിൻ്റെ ക്യാമറയിൽ വിഷ്വൽസ് എടുക്കുന്നുണ്ടായിരുന്നു. കുറേനേരം അവിടെ കാഴ്ചകൾ ആസ്വദിച്ചു നിന്നശേഷം ഞങ്ങൾ വീണ്ടും ബോട്ടിൽ കയറി യാത്ര തുടർന്നു.

വീണ്ടും ഞങ്ങൾ വീതി കുറഞ്ഞ ഒരു തോടിലൂടെ യാത്ര തുടങ്ങി. കുറച്ചു ദൂരം ഇതുപോലെ യാത്ര ചെയ്തു കഴിഞ്ഞപ്പോൾ ഞങ്ങൾ കായലിലേക്ക് പ്രവേശിച്ചു. അപ്പോൾ സൂര്യൻ അസ്തമിച്ചിരുന്നു. എല്ലായിടത്തും ഇരുൾ പരന്നു തുടങ്ങി. ഞങ്ങളുടെ ബോട്ടിൽ ലൈറ്റുകൾ ഒക്കെയിട്ട് സുന്ദരമാക്കി. രാത്രിയായാൽ പിന്നെ ഹൗസ് ബോട്ടുകൾക്ക് കായലിലൂടെ സഞ്ചരിക്കുവാൻ അനുമതിയില്ല. ഇനി മീന്പിടുത്തക്കാരും സർക്കാർ ബോട്ടുകളും മാത്രമായിരിക്കും കായൽ ഭരിക്കുന്നത്. ഞങ്ങളുടെ ബോട്ട് അധികം വൈകാതെ ഒരിടത്ത് അടുപ്പിച്ചു.

യാത്രയൊക്കെ അവസാനിച്ചതിനാൽ ഞങ്ങൾ എല്ലാവരും ഒന്നു കുളിച്ചു ഫ്രഷായി. കുറച്ചു സമയം കഥയൊക്കെ പറഞ്ഞിരുന്നപ്പോഴേക്കും ഞങ്ങളുടെ ഡിന്നർ റെഡിയായിരുന്നു. ഞങ്ങളെല്ലാം ഡൈനിങ് ഏരിയയിലേക്ക് ചെന്നു. ഡിന്നറിനു ഫ്രൈഡ് റൈസ്, ചപ്പാത്തി, ദാൽ കറി, വെണ്ടയ്ക്ക മെഴുക്കുപുരട്ടിയത്, ചിക്കൻ കറി എന്നിവ കൂടാതെ നല്ല കൊഞ്ചും കൂടിയുണ്ടായിരുന്നു. കൊഞ്ച് എങ്ങനെയാണ് കഴിക്കേണ്ടതെന്നു ഹാരിസ് ഇക്ക ഞങ്ങൾക്ക് കാണിച്ചു തരികയുണ്ടായി. എല്ലാവരും നന്നായി ആസ്വദിച്ചു ഡിന്നർ കഴിച്ചു. ഡിന്നറിനു ശേഷം ഉറക്കം വരുന്നത് വരെ ഞങ്ങൾ എല്ലാവരും സംസാരിച്ചിരുന്നു. ഉറക്കം വന്നു തുടങ്ങിയപ്പോൾ എല്ലാവരും റൂമുകളിലേക്ക് പോയി.

പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ കുളിച്ചു റെഡിയായി. ദോശയും സാമ്പാറും ഒക്കെയായിരുന്നു ബ്രേക്ക്ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ കുറച്ചു ദൂരം ബോട്ട് അടുപ്പിച്ച ദ്വീപിലൂടെ നടക്കുവാനായി പോയി. നല്ല കാഴ്ചകൾ അടുത്ത് കാണുവാൻ ഞങ്ങൾക്ക് അതുമൂലം സാധിച്ചു. പിന്നെ വീണ്ടും ബോട്ടിൽ കയറി ഒരു ചെറിയ റൗണ്ടോക്കെ അടിച്ചശേഷം തിരികെ ഞങ്ങൾ തലേ ദിവസം ബോട്ടിൽ കയറിയ സ്ഥലത്ത് എത്തിച്ചേർന്നു. യാത്ര അടിപൊളിയായിരുന്നു. കൂടുതലായി ഒന്നും പറയുവാനില്ല. എല്ലാം നേരിട്ടു വന്നു അനുഭവിക്കുക. Royal Rivers ന്റെ ആലപ്പുഴയിലെ ഒരു കിടിലൻ ലക്ഷ്വറി ബൊട്ടാണിത്. പതിനായിരം രൂപ മുതലാണ് ഈ ബോട്ടിന്റെ നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: 9995070809 വിളിക്കാം. 6000 രൂപ മുതലുള്ള സാധാരണ ബോട്ടുകളും ലഭ്യമാണ്.