ബോയിങ്, എയർബസ് വിമാനങ്ങളെ ഒറ്റനോട്ടത്തിൽ എങ്ങനെ തിരിച്ചറിയാം?

ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ടു എയർക്രാഫ്റ്റ് നിർമ്മാതാക്കളാണ് അമേരിക്കൻ കമ്പനിയായ ബോയിങ്ങും, യൂറോപ്യൻ കമ്പനിയായ എയർബസും. ഈ രണ്ടു കമ്പനികളുടെ വിമാന മോഡലുകളാണ് ഭൂരിഭാഗം പാസഞ്ചർ എയർലൈനുകളും തങ്ങളുടെ സർവ്വീസുകൾക്കായി ഉപയോഗിക്കുന്നത്. ബസ്സുകളുടെ കാര്യം നോക്കുകയാണെങ്കിൽ അശോക് ലെയ്‌ലാൻഡും ടാറ്റയും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കി നമുക്ക് അവയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയുവാൻ സാധിക്കും. ഇതേപോലെ ബോയിങ്, എയർബസ് വിമാന മോഡലുകളെ തമ്മിൽ തിരിച്ചറിയുവാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അത് എങ്ങനെയാണെന്നാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ബോയിങ്ങിനും എയർബസിനും ധാരാളം മോഡലുകൾ ഉണ്ട്. ഇവയുടെ എല്ലാ മോഡലുകളും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസങ്ങളും ഉണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എയർലൈനുകൾ ഉപയോഗിക്കുന്ന ഇവരുടെ രണ്ടു മോഡലുകളാണ് Boeing 737 ഉം Airbus A320 യും. ഉദാഹരണത്തിന് ഈ രണ്ടു മോഡലുകളെ തമ്മിൽ തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം.

ആദ്യത്തെ അടയാളം വിമാനത്തിന്റെ മൂക്ക് (ഏറ്റവും മുൻഭാഗം) തന്നെ. ബോയിങ്ങ് വിമാനങ്ങൾക്ക് പൊതുവെ സ്വൽപ്പം കൂർത്ത മൂക്ക് പോലെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ എയർബസ് വിമാനങ്ങളുടെ മൂക്ക് കൂർത്ത ഡിസൈൻ ആയിരിക്കില്ല, പകരം അൽപ്പം ഉരുണ്ട ഡിസൈൻ ആയിരിക്കും. ഒരു സാധാരണക്കാരന് ഈ രണ്ടു വിമാനങ്ങൾ തമ്മിൽ തിരിച്ചറിയാനുള്ള പ്രധാനപ്പെട്ട ഒരു എളുപ്പ മാർഗമാണിത്.

രണ്ടാമത്തെ അടയാളം വിമാനത്തിന്റെ കോക്ക്പിറ്റ് വിൻഡോയാണ് ശ്രദ്ധിക്കുക എന്നതാണ്. ബോയിങ്ങ് വിമാനങ്ങളുടെ കോക്ക്പിറ്റ് വിൻഡോ ഡിസൈൻ കുറച്ചു ഷാർപ്പ് അംഗുലർ ആണ്. എന്നാൽ എയർബസ് വിമനങ്ങളുടേത് സ്മൂത്ത് കോർണർ ആയിരിക്കും. പിന്നെയുള്ള എളുപ്പമുള്ള അടയാളം എന്നത് വിമാനങ്ങളുടെ ഉയരമാണ്. ബോയിങ്ങ് 737 വിമാനങ്ങൾ പൊതുവെ നിലംപറ്റിയാണ് നിൽപ്പ്, എന്നാൽ എയർബസ് എ320 കുടുംബം അങ്ങനെയല്ല, അൽപ്പം ഉയരത്തിലാണ് നിൽക്കുക.

അതേപോലെ വിമാനത്തിന്റെ എഞ്ചിൻ നോക്കിയാൽ അടുത്ത വ്യത്യാസം കണ്ടെത്താം. ബോയിങ്ങ് 737 മോഡലുകൾ പൊതുവെ നിലംപറ്റി നിൽക്കുന്നവയാണെന്നു പറഞ്ഞല്ലോ. അവയുടെ എഞ്ചിന്റെ താഴ്ഭാഗം, അതായത് എഞ്ചിൻ കൗൾ കുറച്ചു പരന്നിരിക്കുന്നതായി ശ്രദ്ധിച്ചാൽ മനസിലാവുന്നതാണ്. എന്നാൽ എയർബസ് A320 മോഡൽ വിമാനങ്ങളുടെ എഞ്ചിൻ കൗൾ ഇങ്ങനെയല്ല, പകരം വൃത്താകൃതിയിൽ തന്നെയാണ്. എഞ്ചിൻ വശങ്ങളിൽ നിന്ന് നോക്കുകയാണെങ്കിൽ ബോയിങ്ങ് 737 മോഡൽ വിമാനങ്ങളുടെ എഞ്ചിൻ കവർ കുറച്ചു നീളം കൂടിയതാണ്. എന്നാൽ എയർബസ് A320 മോഡലുകൾക്ക് ഇത്രയുമില്ലെന്നു മാത്രമല്ല അവയുടെ എഞ്ചിൻ കുറച്ചു തടിച്ചതുമാണ്.

മേല്പറഞ്ഞവ കൂടാതെ കോക്‌പിറ്റ്‌, കാബിനിലെ ചില ഭാഗങ്ങൾ എന്നിവയിലും ഈ രണ്ടു മോഡലുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തുവാൻ സാധിക്കും. പക്ഷേ ഒരു സാധാരണക്കാരായ യാത്രക്കാർക്ക് അവയൊന്നും തിരിച്ചറിയുവാനോ കണ്ടുമനസ്സിലാക്കുവാനോ എളുപ്പമല്ല. ആയതിനാൽ സാധാരണക്കാർക്ക് ഇതിൽ പറഞ്ഞ എയർക്രാഫ്റ്റിന്റെ പുറമേ നിന്നുള്ള കാര്യങ്ങൾ നോക്കിയാകും ബോയിങ്, എയർബസ് മോഡലുകളെ തിരിച്ചറിയുവാൻ എളുപ്പം സാധിക്കുക.

കടപ്പാട് – സിറിൾ ടി കുര്യൻ.