കെഎസ്ആർടിസി ബസ്സുകൾ എങ്ങനെ നമുക്ക് വാടകയ്ക്ക് എടുക്കാം?

കല്യാണയാത്രകൾക്കോ ചെറു വിനോദയാത്രകൾക്കോ വേണ്ടി വലിയ ബസ്സുകൾ വാടകയ്ക്ക് എടുക്കാറുണ്ടല്ലോ. ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്നത് സാധാരണയായി ടൂറിസ്റ്റ് ബസുകളായിരിക്കും. സാധാരണക്കാരായ ചിലർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളും വാടകയ്ക്ക് എടുക്കാറുണ്ട്. വിവാഹം, വിനോദയാത്ര എന്നിങ്ങനെ യാത്രകൾ ഏതുമായിക്കോട്ടെ, അൽപ്പം വ്യത്യസ്തമായി മാറ്റണം എന്നാഗ്രഹമുണ്ടോ? എല്ലാവരും ശ്രദ്ധിക്കപ്പെടുന്നതായിരിക്കണം നിങ്ങളുടെ യാത്ര എന്നാഗ്രഹമുണ്ടോ?

മലയാളികളുടെ സ്വകാര്യ അഹങ്കാരവും നൊസ്റ്റാൾജിയയുമാണ് കെഎസ്ആർടിസി ബസ്സുകൾ. ഇത്തരത്തിലുള്ള യാത്രകൾക്ക് കെഎസ്ആർടിസി ബസ്സുകൾ എടുത്താൽ എങ്ങനെയിരിക്കും? വെറുമൊരു ആഗ്രഹം മാത്രമായി ഇത് തള്ളിക്കളയേണ്ട. മറ്റു ബസ്സുകളെപ്പോലെ കെഎസ്ആർടിസി ബസ്സുകളും വാടകയ്ക്ക് ലഭിക്കും. എത്രപേർക്ക് അറിയാം ഈ കാര്യം?

കെഎസ്ആർടിസി ബസ്സുകൾ വാടകയ്ക്ക് ലഭിക്കുന്നതിനെപ്പറ്റി അവരുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വിവരങ്ങൾ ഒന്നും കൊടുത്തിട്ടുള്ളതായി കാണുന്നില്ല. എങ്കിലും ഇത്തരമൊരു സൗകര്യം കെഎസ്ആർടിസി പൊതുജനങ്ങൾക്കായി തുറന്നിട്ടിട്ടുണ്ട്. അത് എങ്ങനെയാണെന്നും ചാർജ്ജുകൾ എത്തരത്തിലാണെന്നും ഒന്നു മനസ്സിലാക്കാം.

കെഎസ്ആർടിസി ബസ്സുകൾ വാടകയ്ക്ക് എടുക്കണമെന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത് നമുക്ക് തൊട്ടടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെടുക എന്നതാണ്. ശബരിമല സീസൺ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ചിലപ്പോൾ ബസ്സുകളുടെ കുറവ് മൂലം വാടകയ്ക്ക് ലഭിക്കുവാൻ സാധ്യത കുറവാണ്.

കെഎസ്ആർടിസി ബസ്സുകളുടെ (FP) വാടക നിരക്കുകൾ : 5 മണിക്കൂർ സമയത്തേക്കോ 100 കിലോമീറ്ററിന് ഉള്ളിലോ ആണ് നിങ്ങളുടെ യാത്രയെങ്കിൽ 8000 രൂപയാണ് ചാർജ്ജ്. 6 മണിക്കൂർ സമയത്തേക്കോ 150 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 10000 രൂപയും, 8 മണിക്കൂർ സമയത്തേക്കോ 200 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 12000 രൂപയും, 8 മണിക്കൂറിനു മുകളിലോ 200 കിലോമീറ്ററിനു മുകളിലോ ആണെങ്കിൽ 15000 രൂപയുമാണ് ചാർജ്ജ് വരിക. വെയിറ്റിങ് ആവശ്യമാണെങ്കിൽ അതിനായി ഈടാക്കുന്നത് ഒരു മണിക്കൂറിലേക്ക് 500 രൂപ മാത്രമാണ്.

ഇനി സാധാരണ കെഎസ്ആർടിസി ബസുകൾ കൂടാതെ കിടിലൻ എസി ലോഫ്ലോർ വോൾവോ ബസ്സുകൾ വാടകയ്ക്ക് എടുക്കണമെന്നുണ്ടോ? എങ്കിൽ അതിനും നമുക്ക് അവസരമുണ്ട്. ലോഫ്‌ളോർ ബസ്സുകളുടെ വാടക നിരക്ക് സാധാരണ ബസ്സുകളേക്കാൾ കൂടുതലായിരിക്കും. അത് ഇങ്ങനെ : 4 മണിക്കൂർ സമയത്തേക്കോ 100 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 10000 രൂപയും, 6 മണിക്കൂർ സമയത്തേക്കോ 150 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 15000 രൂപയും, 8 മണിക്കൂർ സമയത്തേക്കോ 200 കിലോമീറ്ററിനുള്ളിലോ ആണെങ്കിൽ 18000 രൂപയും, 200 കിലോമീറ്ററിന് മുകളിലാണെങ്കിൽ മിനിമം 21000 രൂപയുമാണ് ലോഫ്‌ളോർ ബസുകളുടെ വാടക നിരക്ക്.

സാധാരണ ബസ്സുകളായാലും ലോഫ്‌ളോർ ബസുകളായാലും ഈ ചാർജ്ജുകൾക്കൊപ്പം ഒരു നിശ്ചിത ശതമാനം സർവ്വീസ് ടാക്സ് കൂടി കൊടുക്കേണ്ടി വരും. 200 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് ഓരോ കിലോമീറ്ററിനും കെഎസ്ആർടിസി ചാർജ്ജുകൾ ഈടാക്കും. ഇത് സാധാരണ ഓർഡിനറി ബസ്സുകൾക്ക് 40 രൂപയും, ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾക്ക് 70 രൂപയും ലോഫ്‌ളോർ ബസുകൾക്ക് 100 രൂപയുമാണ്. അതുപോലെ തന്നെ, വണ്ടി വരുന്ന ഡിപ്പോയിൽ നിന്നും വന്നു ആളെ കയറ്റി യാത്രയ്ക്കു ശേഷം തിരികെ അതേ ഡിപ്പോയിൽ എത്തുന്ന ദൂരമാണ് യാത്രാദൂരമായി കണക്കിലാക്കുന്നത്.

സാധാരണയായി കൂടുതലാളുകളും വാടകയ്ക്ക് എടുക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് A/C ലോഫ്ലോർ ബസുകളാണ്‌. യാത്രകൾക്ക് സാധാരണ ടൂറിസ്റ്റ് ബസുകൾ എടുക്കുന്നതിനേക്കാൾ വാടകച്ചെലവ് അൽപ്പം കൂടുമെങ്കിലും ഒരു വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കും എല്ലാവരുടെയും ശ്രദ്ധ നേടുന്നതിനും ഒക്കെ ഇത്തരത്തിൽ കെഎസ്ആർടിസി ബസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെടുക. എല്ലാ യൂണിറ്റുകളിലും ബസ്സുകൾ എളുപ്പത്തിൽ വാടകക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യത്തിനായി ട്രാഫിക് സെക്ഷൻ പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ വിവിധങ്ങളായ ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ലോ ഫ്ളോർ എ.സി. ബസുകൾ അടക്കം കെ.എസ്.ആർ.ടി.സി. വാടകക്ക് ലഭ്യമാക്കി വരുന്നുണ്ട്. പ്രതിദിനം ഇന്ധനച്ചെലവ് കൂടി വരുന്ന ഈ കാലഘട്ടത്തിൽ കുറഞ്ഞ ചെലവിൽ സുഖകരമായതും സുരക്ഷിതമായതുമായ യാത്ര പൊതുസമൂഹത്തിന് പ്രദാനം ചെയ്യുക എന്നതാണ് കെ.എസ്.ആർ.ടി.സി. ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അപ്പോൾ മറക്കേണ്ട… കെ.എസ്.ആർ.ടി.സിയും ഉണ്ടാകും നിങ്ങളുടെ ജീവിതത്തിലെ മംഗളമുഹൂർത്തങ്ങൾക്കൊപ്പം.