വളരെ എളുപ്പത്തിൽ തേൻ നെല്ലിക്ക തയ്യാറാക്കുന്ന വിധം

നെല്ലിക്ക തേനിൽ ഇട്ടു കഴിച്ചാൽ ഉണ്ടാകുന്ന രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള തേൻ നെല്ലിക്ക ശരീരത്തിലെ പല രോഗങ്ങൾക്കും ഉത്തമമാണ്.ഇന്ത്യൻ ഗൂസ് ബറി എന്ന് അറിയപ്പെടുന്ന നെല്ലിക്ക പോഷക ഗുണങ്ങളുടേയും, ഔഷധമൂല്യങ്ങളുടേയും ഒരു വലിയ കലവറയണ്.നെല്ലിക്കയും, തേനും കൂടിച്ചേരുമ്പോൾ രുചിയും, ഗുണവും കൂടും.

തേൻ നെല്ലിക്ക തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ – നെല്ലിക്ക, പഞ്ചസാര, തേൻ, ഏലക്ക ,കറുവപ്പട, കുരുമുളക്, എന്നിവ.

ആദ്യമായി അര കിലോ നെല്ലിക്ക നന്നായി കഴുകി, വെള്ളം നന്നായി പോകത്തക്ക വിധം തുടച്ചെടുക്കുക. ഒരോ നെല്ലിക്കയും എടുത്ത്, അതിന്റെ വെളുത്ത വരകളുള്ള ഭാഗത്ത് ഫോർക്ക് ഉപയോഗിച്ച് കുത്തുക.അതിനു ശേഷം ഒരു പാത്രത്തിൽ 2 കപ്പ്‌ പഞ്ചസാരയും ചേർത്ത് നെല്ലിക്ക ചൂടാക്കുക അതിലേക്ക് അൽപം ശർക്കര പാനി ഒഴിച്ചു കൊടുക്കുക.ഇതിലേക്ക് ഏലക്ക ,കറുവപ്പട്ട, കുരുമുളക് ഇവ പൊടിച്ചത് കാൽ ടീസ്പൂൺ ഇട്ട് കൊടുത്ത് ഇളക്കി കൊണ്ടിരിക്കുക.

പഞ്ചസാര ലായനി കുറുകി വരുമ്പോൾ തീയണയ്ക്കുക. ഇത് തണുത്തതിനു ശേഷം 4 ടീസ്പൂൺ തേൻ ഇതിലേക്ക് ഒഴിച്ച് ഇളക്കുക. തേൻ നെല്ലിക്ക തയ്യാറായാൽ നമുക്ക് ഉപയോഗിച്ച് തുടങ്ങാം. അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കണമെങ്കിൽ വെള്ളത്തിന്റെ അംശം ഒട്ടുമില്ലത്ത ചില്ല് ഭരണികളിൽ സൂക്ഷിക്കാം.

ശരീരത്തിലെ എല്ലാ വ്യവസ്ഥകളുടെയും സുഗമമായ പ്രവർത്തനത്തിന് തേൻ വളരെ നല്ലതാണ്. തേനിലുള്ള ആന്റി ഓക്സിഡൻറുകൾ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മുറിവുകൾ പെട്ടെന്ന് ഉണങ്ങാനും, തേൻ സഹായകമാണ്. ദഹന വ്യവസ്ഥയുടെ പ്രവർത്തനം നന്നായി നടക്കാൻ തേൻ നല്ലതാണ്. ശ്വാസകോശ രോഗങ്ങൾക്കും തേൻ വളരെ നല്ലതാണ്.

അന്നജത്തിന്റെ നല്ലൊരു സ്രോതസ്സാണ് തേൻ. ജലാംശത്തിന്റെ അളവ് 20% ത്തോളം മാത്രമേയുള്ളൂ. ജലത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തേനിന്റെ ഗുണം കൂടുതലാണ്.ഫ്രക്ടോസിന്റെ അളവ് കൂടുന്നതനുസരിച്ച് തേനിന്റെ മധുരം കൂടുന്നു. വൈറ്റമിൻ B6, റൈബോ ഫ്ലേവിൻ, നിയാസിൻ, കാൽസ്യം, കോപ്പർ ,അയൺ, മാംഗനീസ് ,മാഗ്നീഷ്യം, സിങ്ക്, ചില അമിനോ ആസിഡുകൾ എന്നിവ തേനിൽ അടങ്ങിയിരിക്കുന്നു.

100 ഗ്രാം തേനിൽ 20 ഗ്രാം ജലാംശം ഉണ്ട്.കൂടാതെ 79 ഗ്രാം കാർബോഹൈഡ്രേറ്റും, 0.3 ഗ്രാം പ്രോട്ടീനും, 0.2 ഗ്രാം ധാതുക്കളും , 0.690 മി.ഗ്രാം അയണും അടങ്ങിയിരിക്കുന്നു. ഊർജത്തിന്റെ അളവ് 349 കാലറിയാണ്. കാൽസ്യം 5 മി.ഗ്രാമും, ഫോസ്ഫറസ് 16 മി.ഗ്രാമും തേനിൽ അടങ്ങിയിരിക്കുന്നു.

വലിപ്പത്തിൽ നെല്ലിക്ക ചെറുതാണെങ്കിലും, ആരോഗ്യപരമായ ഗുണങ്ങളാൽ വളരെ മുന്നിലാണ്. ആയുർവേദത്തിൽ നെല്ലിക്ക ഔഷധമായി ഉപയോഗിക്കുന്നു. നെല്ലിക്കയിൽ അന്നജം, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ,ജീവകം സി, ജീവകം എ, കാൽസ്യം,ഇരുമ്പ്, നിയാസിൻ എന്നിവ അടങ്ങിയിരിക്കുന്നു. Buy Origanl Honey : https://amzn.to/2WRP6iY.