സാധാരണക്കാർക്കും യാത്രകൾ പോകണ്ടേ? എങ്ങനെ ചെലവ് ചുരുക്കാം?

മിക്കയാളുകൾക്കും യാത്ര എന്നു കേൾക്കുമ്പോൾ അത് കാശുള്ളവർക്ക് മാത്രമേ പറ്റുകയുള്ളൂ എന്നൊരു വിചാരം മനസ്സിലുണ്ടാകും. ആ ധാരണ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്, എന്നാലും സാധാരണക്കാർക്ക് ടൂർ, ട്രിപ്പ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു ഭയമായിരിക്കും. ഇത് എല്ലാവരെയും ഉദ്ദേശിച്ചല്ല കേട്ടോ. ഇത്തരം ചിന്താഗതി മൂലം ജോലിയും കുടുംബവും മാത്രമായി ഒതുങ്ങുന്നവരെയാണ് ഇവിടെ ഉദ്ദേശിച്ചത്. ഇത്തരക്കാർക്കായി കുറച്ചു കാര്യങ്ങൾ പറഞ്ഞുതരാം. ഇത് മുഴുവനും ഉൾക്കൊണ്ടാൽ നിങ്ങൾക്ക് ഒരു ഭയവും കൂടാതെ ട്രിപ്പ് പോകുവാനുള്ള ഒരു ധൈര്യം കൈവരും. അങ്ങനെ വരണം, അതാണ് ഈ പോസ്റ്റ് കൊണ്ടുള്ള ഉദ്ദേശ്യവും.

1. വാഹനം – സ്വന്തമായി വാഹനം ഇല്ലെന്ന കാരണത്താൽ ആരും യാത്ര പോകാതിരിക്കുന്നില്ല എന്നോർക്കുക. ടൂറിസ്റ്റു വണ്ടിയൊക്കെ വാടകയ്ക്ക് എടുത്ത് പോകാമെന്നു വെച്ചാലോ വാടകയോർത്ത് എല്ലാം വേണ്ടെന്നു വെയ്ക്കുകയും ചെയ്യും. ഇങ്ങനെ ചിന്തിക്കുന്നതിനു മുൻപായി ഒരു കാര്യം ഓർക്കുക. നിങ്ങൾക്കു വേണ്ടിയാണ് സർക്കാർ ‘ആനവണ്ടി’ എന്നു വിളിക്കുന്ന നമ്മുടെ കെഎസ്ആർടിസി ഓടിക്കുന്നത്. കേരളത്തിലെ എല്ലാ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസിയുടെ സർവ്വീസുകൾ ലഭ്യമാണ്. സമയവിവരങ്ങൾ അറിയുവാനായി www.aanavandi.com ഉപയോഗിക്കാം. വേണമെങ്കിൽ ബസ്സിൽ സീറ്റുകൾ റിസർവ്വ് ചെയ്യുവാനും സാധിക്കും. ഇതിനായി http://online.keralartc.com എന്ന സൈറ്റിൽ കയറിയാൽ മതി.

2. ഭക്ഷണം – ഭക്ഷണം കഴിക്കുന്നതിലൂടെയാണ് യാത്രകളിൽ കൂടുതലും പണം പോകുന്ന വഴി. എന്നുവെച്ച് പട്ടിണി കിടന്നു പോകാൻ പറ്റുമോ? അപ്പോൾ നമ്മൾ ചെയ്യേണ്ട ഒന്നുണ്ട്. ഏത് സ്ഥലത്താണോ പോകുവാൻ ഉദ്ദേശിക്കുന്നത്, ആ സ്ഥലത്ത് ഏറ്റവും വില കുറഞ്ഞ, എന്നാൽ മോശമല്ലാത്ത ഭക്ഷണം ലഭിക്കുന്നത് എവിടെയാണെന്ന് അന്വേഷിച്ചു കണ്ടെത്തുക. ഫേസ്‌ബുക്കിൽ ധാരാളം ട്രാവൽ ഗ്രൂപ്പുകൾ നിലവിലുള്ളതിനാൽ ഇത്തരം കാര്യങ്ങൾക്ക് അവിടെ നിന്നും നിങ്ങൾക്ക് സഹായം ലഭിക്കുന്നതായിരിക്കും.

യാത്ര ചെയ്യുമ്പോൾ നല്ല റേറ്റ് ഉള്ള ഭക്ഷണം ഒഴിവാക്കി പകരം നല്ല നാടൻ ഭക്ഷണം ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉദാഹരണത്തിന് ബ്രേക്ക് ഫാസ്റ്റിനു പൊറോട്ടയും പൂരിയുമെല്ലാം ഒഴിവാക്കി ഇഡ്ഡലി, ദോശ, പുട്ട് മുതലായ നാടൻ വിഭവങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കാം. ശരീരത്തിനും നല്ലത് പോക്കറ്റിനും നല്ലത്. പിന്നെ യാത്ര തുടങ്ങുമ്പോൾത്തന്നെ വീട്ടിൽ നിന്നും ഒരു കുപ്പി വെള്ളം കൂടെക്കരുതുവാൻ ശ്രദ്ധിക്കുക. കുപ്പിയിലെ വെള്ളം തീർന്നാൽ ഹോട്ടലുകളിൽ നിന്നോ മറ്റോ നിറയ്ക്കാവുന്നതാണ്. ഇങ്ങനെ നിറയ്ക്കുന്ന വെള്ളം ശുചിത്വമുള്ളതാണെന്നു ഉറപ്പുവരുത്തുക. പലതവണ ബോട്ടിൽ വെള്ളം വാങ്ങി പണം കളയാതെ സൂക്ഷിക്കുവാൻ ഇത് സഹായിക്കും.

3. ഷോപ്പിംഗ് ഒഴിവാക്കാം – പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളിൽ പോകുകയാണെങ്കിൽ ധാരാളം കച്ചവട കേന്ദ്രങ്ങൾ കാണുവാൻ സാധിക്കും. ഇവിടെ നിന്നുള്ള ഷോപ്പിംഗ് പരമാവധി ഒഴിവാക്കുക. കാരണം നമ്മൾ പോകുന്നത് മാക്സിമം ചെലവ് കുറച്ചല്ലേ? ഇത്തരത്തിലുള്ള കടകളിൽ സാധനങ്ങൾക്ക് മറ്റു സ്ഥലങ്ങളെക്കാൾ വില കൂടുതലായിരിക്കും. കുട്ടികളൊക്കെ കൂടെയുണ്ടെങ്കിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ തണുപ്പ് കൂടുതലുള്ള സ്ഥലത്തേക്കാണ് യാത്രയെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട സാമഗ്രികളായ സോക്സ്, സ്വറ്റർ, തൊപ്പി മുതലായവ വീട്ടിൽനിന്നും തന്നെ കൂടെക്കരുതുക. നേരത്തെ പറഞ്ഞപോലെ അവിടെ ചെന്നിട്ടു വാങ്ങുവാൻ നിന്നാൽ നല്ലൊരു തുക കയ്യിൽ നിന്നും ചെലവാകും.

4. താമസം – ഒരു കാര്യം മനസ്സിലാക്കുക. എത്ര വലിയ ടൂറിസ്റ്റു കേന്ദ്രമാണെങ്കിലും കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യങ്ങൾ എവിടെയും ലഭ്യമായിരിക്കും. ഇങ്ങനെ കുറഞ്ഞ ചെലവിൽ താമസം ലഭിക്കണമെങ്കിൽ ഓഫ് സീസൺ സമയത്ത് യാത്ര ചെയ്യുക. അല്ലെങ്കിൽ പണി പാളും. വലിയ ഹോട്ടലുകളെക്കാൾ വിലക്കുറവിൽ നല്ല ഹോം സ്റ്റേകൾ ലഭ്യമായ സ്ഥലങ്ങളുണ്ടായിരിക്കും. ഒന്നുകിൽ ബുക്കിംഗ് സൈറ്റുകളിലോ ആപ്പുകളിലോ നോക്കി ഇവ നേരത്തെ ബുക്ക് ചെയ്തു പോകുക. അല്ലെങ്കിൽ മുൻപ് പറഞ്ഞപോലെ ഫേസ്‌ബുക്കിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിന്നും നിർദ്ദേശങ്ങളും സഹായവും തേടുക. വളരെ കുറഞ്ഞ ചെലവിൽ നല്ലൊരു താമസ സൗകര്യം ലഭിക്കുവാൻ ഇത് കാരണമായേക്കാം.

5. മറ്റുള്ള കാര്യങ്ങൾ – ഏത് സ്ഥലത്തു പോയാലും അവിടത്തെ ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗങ്ങൾ അറിഞ്ഞുവെക്കുക. ഇത്തരം കാര്യങ്ങൾ ഭക്ഷണം കഴിക്കുന്ന ഹോട്ടലിലോ ബസ് ജീവനക്കാരുടെയടുത്തോ ചോദിക്കാവുന്നതാണ്. അല്ലാതെ ഒട്ടും പരിചയമില്ലാത്തവരുടെ അടുത്തു ചെന്ന് സംശയമോ വഴിയോ ചോദിക്കാൻ നിൽക്കരുത്. അതുപോലെ തന്നെ ചില സ്ഥലങ്ങളിൽ അവിടെ മാത്രം ലഭിക്കുന്ന ശുദ്ധമായ ഒറിജിനൽ സാധനം എന്നൊക്കെപ്പറഞ്ഞു ആളുകൾ കച്ചവടത്തിനായി വരും. ഉദാഹരണത്തിന് കാട്ടുതേൻ, മറ്റുള്ള ഐറ്റങ്ങൾ. ചിലപ്പോൾ ഒറിജിനൽ ആയിരിക്കാം, എന്നിരുന്നാലും ഇത്തരത്തിലുള്ള കച്ചവടക്കാരെ തുടക്കത്തിലേ ഒഴിവാക്കുക. ചുമ്മാ വിലപേശി സമയം കളയാൻ നിൽക്കരുത്. ആദ്യമേതന്നെ “വേണ്ട” എന്നു പറഞ്ഞാൽ കുഴപ്പമില്ലല്ലോ.

ഇത് ചുമ്മാ ഇരുന്ന് ആലോചിച്ച് എഴുതിയുണ്ടാക്കിയതല്ല. പലതവണ സഞ്ചരിച്ച് മനസിലാക്കിയതും പ്രവർത്തികമാക്കിയതുമായ കാര്യങ്ങളാണ്. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? അധികം കാശുമുടക്കില്ലാതെ ഒരു ട്രിപ്പ് പോകുവാൻ തോന്നുന്നുണ്ടോ ഇപ്പോൾ? എങ്കിൽ വൈകിക്കണ്ട, പറഞ്ഞതുപോലെയൊക്കെ നോക്കി, വേണ്ടതെല്ലാം പാക്ക് ചെയ്ത് ആനവണ്ടിയും പിടിച്ച് ഒരു യാത്ര തുടങ്ങിയാട്ടെ.