ലങ്കാവി യാത്ര – എങ്ങനെ അവിടെ ഒരു ബൈക്ക് വാടകയ്ക്ക് എടുക്കാം?

ലങ്കാവിയെക്കുറിച്ച് ഇനി കൂടുതലധികം പറയേണ്ടല്ലോ അല്ലെ? ഞങ്ങൾ കൊച്ചിയിൽ നിന്നും ലങ്കാവിയിലെ ഹോട്ടലിൽ എത്തിച്ചേർന്ന വിശേഷങ്ങൾ നിങ്ങൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണല്ലോ അല്ലേ. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു റെസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ റൂം റെഡിയായിരുന്നു. അങ്ങനെ ഞങ്ങൾ റൂമിലേക്ക് നീങ്ങി. ഞങ്ങളുടേത് ഹണിമൂൺ ട്രിപ്പ് ആയതിനാൽ റൂമിലെ ബെഡ് ഒക്കെ നന്നായി അലങ്കരിച്ചിരുന്നു. ഒരു മീഡിയം സൈസിൽ ഉള്ള റൂം ആയിരുന്നു ഞങ്ങളുടേത്. മറ്റൊരു സർപ്രൈസ് കൂടി അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. എന്താണെന്നല്ലേ? പറയാം. ഞങ്ങളുടെ റൂമിൽ നിന്നും നേരിട്ട് സ്വിമ്മിങ് പൂളിലേക്ക് ഇറങ്ങുവാനുള്ള സൗകര്യം അവിടെയുണ്ടായിരുന്നു. റൂമിൽ താമസിക്കുന്നവർക്ക് വേണ്ടി മാത്രമായുള്ള ഒരു സ്വിമ്മിങ് പൂൾ ആയിരുന്നു അത്. കുറച്ചകലെയായി നീലനിറത്തിൽ കടൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു.

മലേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവർ ഒരു പ്ലഗ് പോയിന്റ് കൂടി കയ്യിൽ കരുതുക. കാരണം റൗണ്ട് പ്ലഗ് അവിടെ ഒട്ടും കാണുവാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള വീഡിയോ കണ്ടാൽ മതിയാകും. റൂമിൽ എത്തിയപാടെ ഞാൻ നേരെ പൂളിലേക്ക് ഇറങ്ങി. പാവം ശ്വേതയാണെങ്കിൽ മടി കാരണം നോക്കി നിന്നതേയുള്ളൂ. സ്വിമ്മിങ് പൂളിന്റെ ബാക്കിൽ നല്ല കിടിലൻ കാഴ്ചകൾ ആയിരുന്നു. എന്തായാലും തിരഞ്ഞെടുത്ത ഹോട്ടൽ മോശമായില്ല. ചാർജ്ജും അത്ര കത്തിയൊന്നുമല്ലായിരുന്നു. ടൗണിൽ നിന്നും അൽപ്പം മാറിയായിരുന്നു ഹോട്ടൽ എന്നതിനാൽ കടകളും മറ്റു ഹോട്ടലുകളുമൊന്നും അടുത്തായി ഉണ്ടായിരുന്നില്ല.

ഇവിടെ വരുന്നവർക്ക് മൂന്നു രീതിയിൽ യാത്ര ചെയ്യാം. 1. ബൈക്കുകൾ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യാം, 2. കാറുകൾ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യാം, 3. ടാക്സി വിളിച്ചു യാത്ര ചെയ്യാം. ഇവയിൽ ടാക്സി വിളിക്കുകയാണെങ്കിൽ അൽപ്പം പണം കൂടുതലായി മുടക്കേണ്ടി വരും. എന്നാൽ കാറോ ബൈക്കോ വാടകയ്ക്ക് എടുക്കുകയാണെങ്കിൽ അധികം ചിലവില്ലാതെ ലങ്കാവി മൊത്തം കറങ്ങാം.

സ്വിമ്മിങ് പൂളിലെ കുളിയൊക്കെ കഴിഞ്ഞശേഷം ഞങ്ങൾ അവിടെ അടുത്തുള്ള ഹുവാ ടൗൺ വരെ പോകുവാൻ തീരുമാനിച്ചു. മെയിൻ ജെട്ടിയൊക്കെയുള്ള ഒരു ടൌൺ ആയിരുന്നു ഹുവാ ടൌൺ. നമ്മുടെ നാട്ടിലെ യൂബർ പോലത്തെ ‘ഗ്രാബ്’ എന്ന ടാക്സി വിളിച്ചായിരുന്നു ഞങ്ങൾ യാത്ര പോയത്. സാധാരണ ടാക്സികളെ അപേക്ഷിച്ച് വളരെ ചെലവ് കുറവായിരുന്നതിനാലാണ് ഞങ്ങൾ ഇത് ഉപയോഗിച്ചത്. ഞങ്ങളുടെ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റ് ചേച്ചി ഞങ്ങളുമായി നല്ല കമ്പനിയായിരുന്നു. പുള്ളിക്കാരി വഴിയാണ് ഈ ഓൺലൈൻ ടാക്സി സംവിധാനത്തെക്കുറിച്ച് ഞങ്ങൾ അറിയുന്നത്.

ടാക്സി വിളിച്ച് ഞങ്ങൾ ടൗണിലേക്ക് പോയത് ഒരു ബൈക്ക് വാടകയ്ക്ക് എടുക്കുവാൻ വേണ്ടിയായിരുന്നു. കുറെ നാളായി ബൈക്ക് ഓടിച്ചിട്ട്. ശ്വേതയ്ക്കാണെങ്കിൽ ബൈക്കിൽ കയറുവാൻ വല്ലാത്ത മോഹവും. വളരെ മാന്യമായ ഡ്രൈവിംഗ് സംസ്കാരമായിരുന്നു അവിടെ നിരത്തുകളിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. നമ്മുടെ നാട്ടിലാണെങ്കിൽ പറയുകയേ വേണ്ട. പോകുന്ന വഴിയിൽ അമ്പലങ്ങളും പള്ളികളും ഒക്കെ കാണാമായിരുന്നു. കുറച്ചു നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ ഹുവാ ജെട്ടിയ്ക്ക് അടുത്ത ഇറങ്ങി. അവിടത്തെ പ്രധാനപ്പെട്ട ഒരു ടൌൺ തന്നെയായിരുന്നു ഹുവാ. സമയം ഉച്ചയായതിനാൽ ഞങ്ങൾക്ക് നല്ല വിശപ്പ് അനുഭവപ്പെട്ടിരുന്നു. അടുത്തുകണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു.

ഭക്ഷണത്തിനുശേഷം ഞങ്ങൾ വീണ്ടും പുറത്തേക്ക് ഇറങ്ങി. ബൈക്ക് വാടകയ്ക്ക് എടുക്കുന്നതിനെക്കുറിച്ച് ഞങ്ങൾ പലരോടുമായി അന്വേഷിച്ച് അറിഞ്ഞു. അവസാനം ഒരു ചേച്ചിയുടെ അടുത്താണ് ഞങ്ങൾ എത്തിച്ചേർന്നത്. പുള്ളിക്കാരി ബൈക്ക് വാടകയ്ക്ക് കൊടുക്കുന്നവരാണ്. മൂന്നു ദിവസത്തേക്ക് 100 മലേഷ്യൻ റിങ്കറ്റ് ആയിരുന്നു ബൈക്കിന്റെ വാടക. ഏതാണ്ട് ഏകദേശഹ്മ് 1800 ഇന്ത്യൻ രൂപ. കൂടാതെ 50 റിങ്കറ്റ് നമ്മൾ അഡ്വാൻസ്‌ ആയി അടയ്ക്കുകയും വേണം.ബൈക്ക് എടുക്കുന്നവർ ബൈക്കിനു ഇൻഷുറൻസ് ഒക്കെ ഉണ്ടോയെന്നു പരിശോധിച്ചതിനു ശേഷം മാത്രം എടുക്കുക. ബൈക്ക് കൊണ്ടുപോകുന്നതിനു മുൻപ് ബൈക്കിനു എന്തൊക്കെ പോറലുകളും പൊട്ടലുകളും ഒക്കെയുണ്ടെന്നു നോക്കി വെക്കുക. ഒരു ഫോട്ടോയും എടുത്തു വെക്കണം. ഇവിടെ ബൈക്ക് ഓടിക്കുവാനായി ഇന്ത്യൻ ലൈസൻസ് മതിയാകും.

അങ്ങനെ എല്ലാം പരിശോധിച്ച് പണം അടച്ചതിനു ശേഷം ഞങ്ങൾ ബൈക്ക് എടുത്തു കറങ്ങുവാനായി പോയി. ആദ്യമായാണ് ഞാൻ ഇന്ത്യയ്ക്ക് വെളിയിലൂടെ ഒരു വാഹനം ഓടിക്കുന്നത്. അതിൻ്റെ ഒരു ആകാക്ഷ എനിക്ക് ഉണ്ടായിരുന്നു. ബൈക്ക് യാത്രയുടെ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ പറയാം…