HRTC; ഏറ്റവും ദുർഘടമായ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

ഇന്ത്യയിലെ ഏറ്റവും ദുർഘടമായ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഏതായിരിക്കും? HRTC അഥവാ Himachal Road Transport Corporation ആണത്. ഇന്ത്യയിലെ മികച്ച ഡ്രൈവർമാരും HRTC യിലാണ് ഉള്ളതെന്നും പറയാം. ഈ HRTC യുടെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയാൻ പോകുന്നത്.

റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആക്ട് പ്രകാരം 1958 ൽ പഞ്ചാബ് സർക്കാരും ഹിമാചൽപ്രദേശ് സർക്കാരും റെയിൽവേയും സംയോജിച്ചുകൊണ്ട് ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിക്കുകയുണ്ടായി. മാണ്ടി – കുളു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നായിരുന്നു അതിൻ്റെ പേര്. ഹിമാചൽ പ്രദേശ്, പഞ്ചാബിലെ ഹൈറേഞ്ച് ഏരിയകൾ എന്നിവിടങ്ങളിലായിരുന്നു ഈ കോർപ്പറേഷൻ ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നത്.

1966 ൽ പഞ്ചാബിന്റെ മലയോരപ്രദേശങ്ങൾ ഹിമാചൽ പ്രദേശിനോട് കൂട്ടിച്ചേർത്തതോടെ മാണ്ടി – കുളു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ സർവ്വീസുകൾ ഏതാണ്ട് പൂർണ്ണമായും ഹിമാചൽ പ്രദേശ് സംസ്ഥാനത്തിലായി മാറി. ഒടുവിൽ 1974 ഒക്ടോബർ 2 നു മാണ്ടി – കുളു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനായി മാറുകയും ചെയ്തു.

ഹിമാചൽ പ്രദേശിന്റെ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചത് HRTC ആണെന്നു നിസ്സംശയം പറയാം. പലരും പോകാൻ മടിക്കുന്ന ദുർഘടമായ, ഭീതിജനകമായ റൂട്ടുകളിലൂടെ HRTC സർവ്വീസുകൾ നടത്തുവാൻ ആരംഭിച്ചു. ട്രക്ക് ഡ്രൈവർമാർ പോലും പോകാൻ ഭയന്നു മാറിനിന്നിരുന്ന ചില ഏരിയകളിൽ ചരക്കുനീക്കങ്ങൾ നടത്തിയിരുന്നതും HRTC ബസ്സുകൾ വഴിയാണ്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂപ്രകൃതിയിൽ സർവ്വീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന ഖ്യാതിയും HRTC യ്ക്ക് ആണ്. ലേ – ഡൽഹി, ഷിംല – കാസ, കുളു – കാസ, മണാലി – റെക്കോങ്പിയോ തുടങ്ങിയ ബസ് റൂട്ടുകൾ അതിനുദാഹരണങ്ങളാണ്.

ഇവയിൽ ഡൽഹി – ലേ റൂട്ടിൽ വർഷത്തിൽ ചില മാസങ്ങൾ മാത്രമായിരിക്കും ബസ് സർവ്വീസ് ഉണ്ടാകുക. ഒരു വശത്തേക്ക് മാത്രമായി 1200 ഓളം കിലോമീറ്റർ ദൂരം താണ്ടുന്ന ഈ ബസ് റൂട്ട് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെന്റ് ബസ് റൂട്ട് ആണ്.

ടാറ്റാ ബസ്സുകളാണ് HRTC യിൽ അധികവും. മഞ്ഞും മലയും നദികളുമൊക്കെ താണ്ടി വരുന്ന ടാറ്റാ HRTC ബസ് കാണുമ്പോൾ പ്രത്യേകിച്ച് ലുക്ക് ഒന്നും തോന്നിക്കില്ലെങ്കിലും യഥാർത്ഥത്തിൽ അവർ ഹീറോകൾ തന്നെയാണ്. അതുപോലെതന്നെ എടുത്തു പറയേണ്ട ഒന്നാണ് ഈ റൂട്ടുകളിലെ ബസ് ജീവനക്കാരുടെ ധൈര്യവും കഴിവും. ജീവൻ പണയം വെച്ചാണ് ഇവർ ഇതുവഴി സർവ്വീസ് നടത്തുന്നത്.

ഹിമാചൽ പ്രദേശ് കൂടാതെ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും HRTC ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്.

ഹിമാചൽ തലസ്ഥാനമായ ഷിംല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന HRTC യിൽ 4 ഡിവിഷനുകളിലായി 27 ഡിപ്പോകൾ ഉണ്ട്. 2020 ലെ കണക്കു പ്രകാരം 3158 ഓളം ബസ്സുകളാണ് HRTC യ്ക്ക് സ്വന്തമായുള്ളത്. മൊത്തത്തിൽ 2573 റൂട്ടുകളിൽ HRTC സർവ്വീസ് നടത്തുന്നുമുണ്ട്.

ഹിമസുത എന്ന പേരിൽ വോൾവോ, സ്‌കാനിയ ബസ്സുകൾ; ഹിമഗൗരവ് എന്ന പേരിൽ എസി ഡീലക്സ് ബസുകൾ, ഹിംമണി എന്ന പേരിൽ നോൺ എസി ഡീലക്സ് ബസുകൾ, ഹിംതരംഗ് എന്ന പേരിൽ ഇലക്ട്രിക് ബസ്സുകൾ, ജനറം, ഓർഡിനറി ബസ്സുകൾ എന്നിങ്ങനെയാണ് HRTC യിലെ ബസ്സുകളുടെ കാറ്റഗറികൾ.

ഇന്ത്യയിൽ ആദ്യമായി എല്ലാ കാറ്റഗറി ബസുകൾക്കും ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ച സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലൊന്ന് HRTC യാണ്. ‘ഹിമാചൽ പരിവഹൻ’ എന്നാണു HRTC ബസ്സുകൾ പൊതുവെ അറിയപ്പെടുന്നത്.

നിങ്ങൾ ഒരു സാഹസിക യാത്രാപ്രേമിയാണെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും HRTC യുടെ ഹൈറേഞ്ച് സർവീസുകളിൽ യാത്ര ചെയ്തിരിക്കണം. തീർച്ചയായും അവിസ്മരണീയമായ ഒരു യാത്രാനുഭവമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.