ഭൂട്ടാനിൽ ബുദ്ധസ്തൂപത്തിൽ ചവിട്ടിയ ഇന്ത്യൻ സഞ്ചാരി പിടിയിൽ

എഴുത്ത് – സുജിത്ത് ഭക്തൻ.

മാസങ്ങൾക്ക് മുൻപ് ഞങ്ങൾ INB ട്രിപ്പ് (ഇന്ത്യ – നേപ്പാൾ – ഭൂട്ടാൻ) എന്ന പേരിൽ രണ്ടു മാസത്തോളമെടുത്തുള്ള യാത്ര നടത്തിയിരുന്നത് എല്ലാവരും ഓർക്കുന്നുണ്ടാകും. കേരളത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് ബംഗാൾ വഴി ഭൂട്ടാനിലേക്ക് ആയിരുന്നു. എന്തൊരു മനോഹരമായ രാജ്യം, അവിടത്തെ ആളുകൾ, ചരിത്ര സ്മാരകങ്ങൾ… എല്ലാം കൊണ്ടും ഒരു സന്തുഷ്ട രാജ്യം തന്നെയാണ് ഭൂട്ടാൻ. കള്ളവുമില്ല ചതിയുമില്ല, ഇന്ത്യക്കാരോട് പ്രത്യേകമൊരു മമത ഭൂട്ടാൻ എന്ന രാജ്യത്തിനും ആ നാട്ടുകാർക്കും ഉണ്ട്. അത് ഞങ്ങൾ യാത്രയ്ക്കിടയിൽ നേരിട്ടനുഭവിച്ചതാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഭൂട്ടാനിലെ ഒരു സ്തൂപത്തിൽ ചവിട്ടി നിന്നുകൊണ്ട് ഇന്ത്യക്കാരനായ ഒരു സഞ്ചാരി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം കണ്ട് സത്യത്തിൽ എനിക്ക് ദേഷ്യവും ഒപ്പം വിഷമവും വന്നു. കാരണം ബുദ്ധമത വിശ്വാസികളാണ് ഭൂട്ടാനിലെ ആളുകൾ. ബുദ്ധക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള സ്തൂപങ്ങളുമെല്ലാം വളരെ ആദരവോടെയാണ് അവർ പരിപാലിക്കുന്നത്. അവിടെ ചെല്ലുന്ന സഞ്ചാരികളും അങ്ങനെ തന്നെയാണ്. എന്നാൽ അതിൽ കയറി നിന്നുകൊണ്ട് ഫോട്ടോയെടുക്കുക വഴി ആ ഇന്ത്യൻ ബൈക്ക് യാത്രികൻ അവിടത്തെ ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിനും കൂടി അപമാനമായിരിക്കുകയാണ്.

മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് രതന്‍ ഹജരേ എന്ന ബൈക്ക് റൈഡറാണ് ഭൂട്ടാനിലെ ദൊലൂച്ചയിലെ ബുദ്ധ സ്തൂപത്തിന് മുകളില്‍ ഏണിവെച്ചു കയറി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അറിവില്ലായ്മ കൊണ്ടാണോ എന്തോ ആ ചെയ്തതിന്റെ ഫലം അയാൾ അനുഭവിക്കുകയാണിപ്പോൾ. ചിത്രം ഫേസ്‌ബുക്കിൽ വൈറലായതോടെയാണ് ഭൂട്ടാൻ പോലീസ് അഭിജിത്തിനെ പിടികൂടിയത്. ഇദ്ദേഹത്തിന്റെ പാസ്സ്‌പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. ഭൂട്ടാനിലേക്ക് പതിനഞ്ചംഗ സംഘത്തോടൊപ്പം ബൈക്ക് യാത്രയ്ക്കായി എത്തിയതാണ് അഭിജിത് രതൻ. സംഭവത്തിൽ റോയൽ ഭൂട്ടാൻ പോലീസ് (ആർബിപി) അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭിജിത്തിനു ഹോട്ടലിൽ താമസിക്കാൻ പോലീസ് അനുവാദം നൽകിയിട്ടുണ്ട്.

അറിവില്ലായ്മ കൊണ്ടാണെങ്കിലും വളരെ ഗുരുതരമായ ഒരു കുറ്റമാണ് ഈ ഇന്ത്യൻ സഞ്ചാരിയുടെ ഭാഗത്തു നിന്നും സംഭവിച്ചിരിക്കുന്നത്. കാരണം ഓരോ രാജ്യത്തു പോകുമ്പോഴും അവിടത്തെ നിയമങ്ങളും സംസ്കാരവുമെല്ലാം മനസ്സിലാക്കിയിരിക്കണം. നമ്മുടെ നാട്ടിൽ ചെയ്യുന്നതു പോലെ അവിടെ ചെയ്യുവാൻ മുതിരരുത്. ഒരു സ്ഥലത്തു ചെന്നാൽ അവിടുത്തെ രീതികളാവണം നമ്മുടെ രീതികൾ. ആ രീതികളെ ഹനിച്ചു കൊണ്ടുള്ള പ്രവൃത്തികൾ സഞ്ചാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകാനേ പാടില്ല.

അതുപോലെ തന്നെ മറ്റൊരു രാജ്യത്തു ചെല്ലുമ്പോൾ നമ്മൾ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെയാണ് അവിടെ പ്രതിനിധീകരിക്കുന്നത്. നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഓരോരോ ചെയ്തികളിലുമെല്ലാം പ്രതിഫലിക്കുന്നത് ഇന്ത്യ എന്ന മഹാരാജ്യമാണ്. ആയതിനാൽ നമ്മൾ ചെയ്യുന്ന മോശം പ്രവർത്തികൾക്ക് ചീത്തപ്പേര് ചാർത്തപ്പെടുന്നത് നമ്മുടെ രാജ്യത്തിനു മേലായിരിക്കും.

ഭൂട്ടാനിൽ നടന്ന ഈ സംഭവം എല്ലാവർക്കും ഒരു പാഠമാകട്ടെ. ഇനി സ്വന്തം നാട്ടിലാണെങ്കിലും മറ്റു രാജ്യങ്ങളിലാണെങ്കിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. നാടും സംസ്‌കാരങ്ങളും അടുത്തറിയാനായിരിക്കണം നമ്മുടെ യാത്രകൾ. യാത്രകളിൽ നമുക്ക് ലഭിക്കേണ്ടത് ശത്രുക്കളെയല്ല, മിത്രങ്ങളെയാണ് എന്ന കാര്യം മറക്കരുത്.