റിപ്പബ്ലിക് ദിന പരേഡ് നേരിട്ടു കാണുവാൻ പോകാം. ടിക്കറ്റ് എങ്ങനെ കിട്ടും?

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു.

ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.

റിപ്പബ്ലിക് ദിനത്തിലെ പ്രധാന Highlight തന്നെയാണ് പരേഡ്. നമ്മളെല്ലാം ഈ പരേഡ് ലൈവായി ടിവിയിൽ കാണാറുള്ളതുമാണ്. എന്നാൽ ഈ പരേഡ് നേരിട്ടു കാണുവാൻ എല്ലാവർക്കും അവസരമുണ്ട് എന്ന കാര്യം ഇന്നും പലർക്കും അറിയില്ല. ടിക്കറ്റ് മൂലമാണ് ആളുകൾക്ക് പരേഡ് കാണുവാൻ സാധിക്കുന്നത്. എല്ലാ വർഷവും ജനുവരി 7 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ റിപ്പബ്ലിക് പരേഡിന്റെ ടിക്കറ്റുകൾ ഡൽഹിയിലെ അതാത് കൗണ്ടറുകളിൽ ലഭിക്കുന്നതായിരിക്കും.

ടിക്കറ്റുകൾ ലഭിക്കുന്ന കൗണ്ടറുകൾ – North Block Roundabout,
Sena Bhawan (Gate 2), Pragati Maidan (Gate 1 at Bhairon Road), Jantar Mantar (Main Gate), Shastri Bhawan (near Gate 3), Jamnagar House (opposite India Gate), Red Fort (inside August 15 Park and opposite Jain Temple), Parliament House Reception Office, special counter for Members of Parliament.

ഈ ടിക്കറ്റ് കൗണ്ടറുകൾ ദിവസേന രാവിലെ 10 മുതൽ 12.30 വരെയും ഉച്ച തിരിഞ്ഞു 2 മുതൽ വൈകീട്ട് 4.30 വരെയും തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ സേനാ ഭവനിലെ കൗണ്ടർ തിരക്കുകൾ പ്രമാണിച്ച് ജനുവരി 23 മുതൽ 25 വരെ രാത്രി 7 മണി വരെ തുറന്നിരിക്കും. പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേഴ്‌സൽ നടക്കുന്നതിനാൽ ജനുവരി 23 നു രാവിലെ എല്ലാ കൗണ്ടറുകളും അടച്ചിടും.

ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി കാർഡ് തുടങ്ങി സർക്കാർ തരുന്ന ഏതു ഐഡി കാർഡുകളും ടിക്കറ്റ് എടുക്കുവാനുള്ള തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. 2019 ലെ റിപ്പബ്ലിക് ദിന പരേഡ് കാണുവാനായുള്ള റിസർവേഷൻ ടിക്കറ്റ് നിരക്ക് 500 രൂപയാണ്. 500 രൂപ മുടക്കി ടിക്കറ്റ് എടുത്താൽ നിങ്ങൾക്ക് റിസർവ്വ് ചെയ്ത സീറ്റുകൾ ലഭിക്കും. ഇത് കൂടാതെ 100 രൂപയുടെയും 20 രൂപയുടെയും ടിക്കറ്റുകളും ലഭ്യമാണ്. എന്നാൽ ഈ ടിക്കറ്റ് എടുത്തവർക്ക് സീറ്റുകൾ റിസർവ്വ് ചെയ്തിട്ടുണ്ടാകില്ല. അതുകൊണ്ട് 100, 20 ടിക്കറ്റുകൾ എടുക്കുന്നവർ നേരത്തെ തന്നെ കയറി സൗകര്യപ്രദമായ സ്ഥലം പിടിച്ചിരിക്കണം.

ഓരോ ടിക്കറ്റ് കൗണ്ടറുകളിലും ദിവസേന വിൽപ്പനയ്ക്ക് ലഭ്യമായിട്ടുള്ള ടിക്കറ്റുകളുടെ എണ്ണം പരിമിതമായിരിക്കും. 500 രൂപയുടെ റിസർവേഷൻ ടിക്കറ്റിനാണ് ആവശ്യക്കാർ ഏറെയും. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട ടിക്കറ്റുകൾ എളുപ്പം തീരുകയും ചെയ്യും. ടിക്കറ്റുകൾ എടുക്കുവാനായി രാവിലെ 8 മണിയോടെ തന്നെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതാണ് നല്ലത്. ഒരു ഐഡി കാർഡ് ഉപയോഗിച്ച് രണ്ടു ടിക്കറ്റുകൾ മാത്രമേ വാങ്ങുവാൻ സാധിക്കുകയുള്ളൂ.

പരേഡ് നടക്കുന്നയിടത്തു പ്രവേശിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൊബൈൽഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അവിടെ കൊണ്ടുപോകുവാൻ പാടുള്ളതല്ല. കഴിവതും നേരത്തെ എത്തി സീറ്റ് പിടിക്കണം. ദേശീയഗാനം ആരംഭിച്ചു കഴിഞ്ഞാൽ പരേഡ് നടക്കുന്നയിടത്തേക്കുള്ള എല്ലാ എൻട്രൻസുകളും അടയ്ക്കും. ഡൽഹിയിൽ ഈ സമയത്ത് രാവിലെയുള്ള കാലാവസ്ഥ തണുപ്പേറിയതായിരിക്കും. അതിനാൽ തണുപ്പിനെ അതിജീവിക്കുന്നതിനായുള്ള ജാക്കറ്റുകൾ ധരിക്കുവാൻ ശ്രദ്ധിക്കണം.

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം : രാജീവ് കുമാർ, സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (Sale of Tickets & Printing), ഫോൺ – (011) 2301-0047.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, tripsavvy.