അപകടമുണ്ടാക്കിയിട്ട് നിർത്താതെ ഓടിച്ചുപോയി ഇന്നോവ കാർ; നീതി ലഭിക്കുവാൻ യാത്രക്കാരൻ…

വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന എല്ലാ ഡ്രൈവർമാരും റോഡ് മര്യാദകൾ പാലിക്കണം എന്നാണ് നിയമം. എങ്കിലും ചിലപ്പോഴൊക്കെ അബദ്ധവശാൽ ചെറിയ കൈപ്പിഴകൾ ചെറിയ അപകടങ്ങളായി തീരാറുണ്ട്. ഇത്തരത്തിൽ അപകടങ്ങൾ സംഭവിച്ചാൽ (ജീവഹാനിയില്ലാത്ത അപകടങ്ങൾ) അപകടമുണ്ടാക്കിയവരും അതിനിരയായവരും പരസ്പരം സംസാരിച്ച് ഒരു ഒത്തുതീർപ്പിൽ എത്താറാണ് പതിവ്. അല്ലെങ്കിൽ പോലീസിനെ വിളിച്ച് കേസ് ആക്കും. എന്തായാലും ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ അപകടത്തിനിരയായവർക്ക് വാഹനം റിപ്പയർ ചെയ്യുന്നതിനുള്ള തുക ക്ലെയിം ചെയ്ത് എടുക്കാവുന്നതുമാണ്.

എന്നാൽ അപകടമുണ്ടാക്കിയിട്ട് കടന്നുകളയാൻ ശ്രമിച്ചാലോ? കയ്യൂക്കിന്റെയും അധികാരത്തിന്റെയും ബലത്തിൽ മറ്റുള്ളവരെ പൊട്ടന്മാരാക്കുവാൻ ശ്രമിക്കുന്നവരുമുണ്ട് നമ്മുടെ സമൂഹത്തിൽ. അത്തരമൊരു അനുഭവം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയും മീഡിയയിൽ ജോലിചെയ്യുന്നയാളുമായ സജീഷ് തോപ്പിൽ. സജീഷിന്റെ അനുഭവക്കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു.

“മെയ് 19 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഞാനും 2 കുഞ്ഞുങ്ങളടക്കമുള്ള കുടുംബവും തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. പറന്തൽ എന്ന സ്ഥലത്തിനു സമീപം വച്ച് ഒരു ഹംപ് കയറവേ പിന്നിൽ നിന്നും വന്ന ഒരു വെളുത്ത നിറത്തിലുള്ള ഇന്നോവ (KL 03 Y 3318) ഞങ്ങളുടെ കാറിൻ്റെ വലതു വശത്തെ റിയർവ്യൂ മിററും ഇൻഡിക്കേറ്ററും ഇടിച്ചു തകർത്ത് പാഞ്ഞു പോയി. അതിവേഗതയിലായിരുന്ന ആ കാറിനെ ഞങ്ങൾ പിന്തുടർന്നു. ഏകദേശം രണ്ടു കിലോമീറ്ററിനിപ്പുറം റോഡിൽ തിരിയാനൊരുങ്ങിയ ഇന്നോവയെ ഞങ്ങൾ തടഞ്ഞു നിർത്തിയെങ്കിലും ഡ്രൈവർ അവ്യക്തമായി എന്തൊക്കയോ വിളിച്ചു പറഞ്ഞ് ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ ഞങ്ങളുടെ കാറിനു മുന്നിലൂടെ അതിവേഗതയിൽ വെട്ടിത്തിരിഞ്ഞ് വന്ന ദിശയിലേക്ക് തന്നെ പോയി. ആ സമയത്ത് പെട്ടെന്നെടുത്ത ഫോട്ടോ ആണ് ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്നത്.

മൗണ്ട് സിയോൻ മെഡിക്കൽ കോളേജ് ചെയർമാൻ അബ്രഹാം കലാമണ്ണിലിൻ്റെ കാർ ആയിരുന്നു ഞങ്ങളെ ഇടിച്ചത്. അദ്ദേഹവും കാറിൽ ഉണ്ടായിരുന്നു. കാറിൽ നെയിംബോർഡും ഉണ്ടായിരുന്നു. അവരുടെ ഓഫീസിൽ വിളിച്ച് സംസാരിച്ചപ്പോൾ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് കട്ട് ചെയ്തു. ചെയർമാൻ്റെ നമ്പർ തന്നതുമില്ല. തിരിച്ച് വിളിച്ചതുമില്ല. യാത്ര ചെയ്തു ക്ഷീണിച്ച കുഞ്ഞുങ്ങളെയും കൊണ്ട് പോലീസ് സ്റ്റേഷനിൽ കയറണ്ട എന്നു കരുതി ഞങ്ങൾ യാത്ര തുടരുകയാണ് ഉണ്ടായത്. ഒട്ടനവധി സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന, സമൂഹത്തിന് മാതൃകയാകേണ്ട ഇത്തരം വ്യക്തികളിൽ നിന്ന് തന്നെ ഇൗ മാതിരി നെറികേട് ഉണ്ടായാൽ അത് സമൂഹത്തെ അറിയിക്കണം എന്ന് കരുതിയാണ് ഈ പോസ്റ്റ്.”

ഈ സംഭവത്തിനു ശേഷം സജീഷ് കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലിലേക്ക് (ഫേസ്‌ബുക്ക് പേജ്) ചിത്രങ്ങൾ സഹിതം പരാതി ബോധിപ്പിച്ചിട്ടുണ്ട്. കയ്യൂക്കും പണവുമുള്ള ഉന്നതന്മാരുടെ ഇത്തരം ലീലാവിലാസങ്ങൾക്കെതിരെ പൊതുജനം ശക്തമായി പ്രതികരിക്കേണ്ടതു തന്നെയാണ്. ഇന്ന് സജീഷിനാണ് ഈ അനുഭവമുണ്ടായതെങ്കിൽ ചിലപ്പോൾ നാളെ നിങ്ങൾക്കുമാകാം. ഓർക്കുക, റോഡ് ആരുടേയും തറവാട് സ്വത്തല്ല…