സൺറൂഫ് ഉള്ള ട്രാക്ടർ ചൈനയിലെ വണ്ടികൾ കണ്ട് കിളിപോയപ്പോൾ

ചൈനയിലെ കാന്റൺ ഫെയറിലെ വാഹനങ്ങളുടെ സ്റ്റാളിലെ കാഴ്ചകൾ കണ്ടു തീരാതെ അടുത്ത ദിവസവും ഞങ്ങൾ അവിടേക്ക് എത്തിച്ചേർന്നു. ഞാനും മാനുക്കയുമായിരുന്നു വണ്ടികളുടെ സ്റ്റാളിലേക്ക് വന്നത്. ആദ്യം ഞങ്ങൾ പോയത് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന അല്ലെങ്കിൽ ഒരുതരത്തിൽ പറഞ്ഞാൽ മാൻപവർ കുറയ്ക്കുന്നതിനായി ഉപയോഗിക്കാവുന്ന വ്യത്യസ്ത തരത്തിലെ വാഹനങ്ങൾ കാണുവാനായിരുന്നു. അവിടെ കണ്ട പ്രധാനപ്പെട്ട വാഹനങ്ങളുടെ ഒരു ചെറുവിവരണമാണ് ഈ ലേഖനത്തിൽ.

ട്രാക്ടറുകൾ : കൃഷി ആവശ്യങ്ങൾക്കായി ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വാഹനമാണ് ട്രാക്ടർ. തീരെ ചെറുത് മുതൽ നല്ല വലിപ്പത്തിലുള്ളതു വരെ പലതരത്തിൽ ട്രാക്ടറുകൾ അവിടെ കാണുവാൻ സാധിച്ചു. നമ്മുടെ നാട്ടിൽ സാധാരണ കണ്ടിട്ടുള്ള ട്രാക്ടറുകളെ അപേക്ഷിച്ച് ഈ ചൈനീസ് ട്രാക്ടറുകൾക്ക് ആകർഷണീയമായ, രാജകീയ പ്രൗഢി നൽകുന്ന ലുക്ക് ആണ് പ്രധാനം. ട്രാക്ടറുകളുടെ മുൻഭാഗത്തെ ഗ്രില്ലിനു വരെ ഒരു സ്റ്റൈലിഷ് ലുക്ക് ആണ്. അവയുടെ സ്റ്റീയറിങ് ഒക്കെ നമ്മുടെ ആഡംബര കാറുകളിലേതു പോലെ അടിപൊളിയായിരുന്നു. ചുവപ്പ്, പച്ച, നീല, ഓറഞ്ച് തുടങ്ങിയ കിടിലൻ കളറുകളിലാണ് ട്രാക്ടറുകൾ കാണപ്പെട്ടത്.

സാധാരണ ട്രാക്ടറുകൾ കൂടാതെ അത്യാധുനിക സൗകര്യങ്ങളുള്ള, ഒരു ആഡംബര ട്രാക്ടറും സന്ദർശകരുടെ ശ്രദ്ധ കവരുന്നതായിരുന്നു. ഗ്ളാസ് ഇട്ട കാബിൻ, എസി, ഫാൻ, സൺറൂഫ്, മ്യൂസിക് സിസ്റ്റം തുടങ്ങി ഒരു ലക്ഷ്വറി വാഹനത്തിൽ വേണ്ട എല്ലാം അടങ്ങിയ ആ ട്രാക്ടർ കാണികൾക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കർഷകർക്ക് വിയർപ്പൊഴുക്കാതെ കൃഷി ചെയ്യുവാൻ സഹായിക്കുന്ന തരത്തിലുള്ളവയാണ് ഈ ലക്ഷ്വറി ട്രാക്ടറുകൾ. നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള ട്രാക്ടറുകൾ വിപണിയിലെത്തിയാൽ ചിലപ്പോൾ പുതിയ തലമുറയെ കൃഷിപ്പണികളിലേക്ക് കൂടുതൽ ആകർഷിക്കുവാൻ കഴിഞ്ഞേക്കും. എന്തായാലും ചൈനക്കാരുടെ ബുദ്ധി കൊള്ളാം.

ട്രാക്ടറുകൾ കൂടാതെ വിവിധ തരത്തിലുള്ള എസ്കവേറ്ററുകളും പ്രദർശനത്തിൽ കാണുവാൻ സാധിച്ചു. നമ്മുടെ നാട്ടിൽ സാധാരണ എല്ലാത്തരം എസ്കവേറ്ററുകളെയും ജെ.സി.ബി. എന്നാണു പറയുന്നത്. ഇത്തരത്തിലുള്ള പല ചൈനീസ് കമ്പനികളുടെ എസ്കവേറ്റർ മോഡലുകൾ വളരെ ആകർഷണീയമാണ്. ഇത്തരം വാഹനങ്ങൾ കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട പലതരം മെഷിനറികളും അവിടെയുണ്ടായിരുന്നു. അതിൽ ഏറ്റവും ആകർഷണീയമായി തോന്നിയതാണ് നെല്ല്, അരിയായി വേർതിരിച്ചെടുക്കുന്ന ചെറിയ മെഷീൻ. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന ഈ മെഷീൻ ചെറിയ രീതിയിൽ കൃഷികൾ ചെയ്യുന്നവർക്ക് ഉപകാരപ്രദമാണ്. ഏകദേശം 10000 രൂപയോളമാണ് ഈ ഉപകരണത്തിന്റെ വില.

കൃഷിയാവശ്യങ്ങൾക്കായുള്ള വാഹനങ്ങൾക്കും മെഷിനറികൾക്കും പുറമെ, കോൺക്രീറ്റ് ആവശ്യങ്ങൾക്കായുള്ള ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ പ്രദർശനത്തിൽ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ഇന്റർലോക്ക് ഹോളോബ്രിക്സ് ഉണ്ടാക്കുന്ന മെഷീനുകൾ ഏവരെയും ആകർഷിക്കുന്ന ഒന്നായിരുന്നു. എല്ലാ സ്റ്റാളുകളിൽ നിന്നും ഞങ്ങൾക്ക് വളരെ നല്ല പെരുമാറ്റമായിരുന്നു ലഭിച്ചത്. ചൈനക്കാർക്ക് ഇന്ത്യക്കാരോട് നല്ല മതിപ്പും ബഹുമാനവുമൊക്കെയാണെന്നു ഞങ്ങൾക്ക് കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുതന്നെ മനസ്സിലായതാണ്. കാരണം, ചൈനക്കാരുടെ പ്രധാന ബിസ്സിനസ്സ് പങ്കാളികൾ, കസ്റ്റമേഴ്‌സ് തുടങ്ങിയവർ ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നതു തന്നെ.

കാന്റൺ ഫെയറിലെ വാഹനങ്ങളുടെ കാഴ്ചകൾ ഇവിടെ അവസാനിക്കുന്നില്ല. ബാക്കി വണ്ടിവിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം. ചൈനാ യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ: +91 7594022166.