ഇരിങ്ങാലക്കുടയിൽ നിന്ന് സത്യമംഗലം കാട് വഴി ബാംഗ്ലൂർ യാത്ര

വിവരണം – വൈശാഖ് ഇരിങ്ങാലക്കുട.

പുതിയ വണ്ടിയെടുത്തു ആദ്യമായി നാട്ടിൽ വന്നു തിരിച്ചു പോവുകയാണ്. രാവിലെ ഏഴേകാലോടെ ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ടു. മാപ്രാണം ഷാപ്പ് കഴിഞ്ഞു, മാപ്രാണത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു പ്രാവിന്കൂട് ഷാപ്പ്, വാഴ, നന്തിക്കര വഴിയാണ് ഹൈവേയിൽ കയറിയത്. പാലിയേക്കര ടോൾ പ്ലാസയിൽ തിരക്ക് വളരെ കുറവായിന്നു. ടുവീലർ ആയത് മൂലം ടോൾ എന്ന തലവേദന ഉണ്ടായിരുന്നില്ല.

മണ്ണുത്തി ഫ്ളൈഓവറിൽ കയറിയപ്പോൾ നടുക്ക് നിറയെ വെള്ളം. നേരത്തെ കണ്ടത് മൂലം സൈഡിൽ കൂടെ പോകാൻ സാധിച്ചു. അടുത്ത ദിവസ്സം ഒരു കാർ ഈ വെള്ളത്തിൽ അടിച്ചു നിന്ന് തകർന്ന വാർത്ത കണ്ടിരുന്നു. മണ്ണുത്തിയിൽ നിന്നും കുതിരാൻ കടന്നു. കുതിരാനിലും തിരക്ക് ഉണ്ടായിരുന്നില്ല. വടക്കാഞ്ചേരി വഴി പാലക്കാട് ചന്ദ്രനഗർ ഫ്‌ളൈഓവർ കടന്നു വാളയാർ എത്തി.

വടക്കാഞ്ചേരി മുതൽ കേരള ബോർഡർ വരെ ഒട്ടനേകം സ്പീഡ് ക്യാമറകൾ ഉണ്ട്. കാറിനു 90, ബൈക്കിന് 70 എന്നിങ്ങനെയാണ് സ്പീഡ് ലിമിറ്റ്. ഇത് ലംഖിച്ചാൽ ഫൈൻ വീട്ടിൽ എത്തും. ഏത് സംസ്ഥാനത്തെ രെജിസ്ട്രേഷൻ ഉള്ള വണ്ടിയാണെങ്കിലും ഏത് അഡ്രെസ്സിലാണോ രെജിസ്റ്റർ ചെയ്തിരിയ്ക്കുന്നത് അവിടെ എത്തും. ഫൈൻ ഓൺലൈൻ ആയി അടക്കാനുള്ള സംവിധാനമൊക്കെ ഉണ്ട്.

തമിഴ്നാട് ചെക്ക് പോസ്റ്റിൽ പാസ് ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. ടു വീലർ തടഞ്ഞില്ല. പാസും ആർ ടി പി സി ആർ ടെസ്റ്റും ഞാൻ എടുത്തു വച്ചിരുന്നു. എൽ & ടി ബൈപാസിൽ കയറി കുറച്ചു ദൂരം പോയപ്പോൾ പെട്രോൾ അടിക്കാൻ നിർത്തി. ബാംഗ്ലൂർ – തൃശൂർ സ്ട്രെച്ചിലെ ഏറ്റവും മോശമായ റോഡാണ് ഈ കോയമ്പത്തൂർ ബൈപാസ്. മോശം എന്ന് പറഞ്ഞാൽ റോഡ് മോശം അല്ല. പക്ഷെ സിംഗിൾ ലൈൻ ആണ്. അത് കൊണ്ട് കാറിലും ബസിലും മറ്റും വരുന്നവർക്ക് സമയ നഷ്ടം ഏറെയാണ്. ബൈക്കിൽ പിന്നെ ഇടതു വശത്തു കൂടി പതുക്കനെ ബ്ലോക്ക് ഇല്ലാതെ പോകാം. അവിടെ നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു ബൈപാസ് കടന്നു.

ബൈപാസ് കഴിഞ്ഞു ആദ്യത്തെ ഫളൈഓവർ കയറാതെ സർവിസ് റോഡ് എടുത്തു ഇടത്തോട്ടു തിരിയണം. തമിഴ്‌നാട് സ്റ്റേറ്റ് ഹൈവെ 165 ലൂടെ ഏകദേശം 17 കിലോമീറ്റർ സഞ്ചരിച്ചാൽ അന്നൂർ എന്ന സ്ഥലത്തു നാഷണൽ ഹൈവെ 948 ൽ വന്നു ചേരും. കോയമ്പത്തൂർ, സത്യമംഗലം, ചാമരാജ്നഗർ, കൊല്ലേഗൽ, കനക്പുര വഴി ബാംഗ്ലൂർ വരെ 323 കിലോമീറ്റർ നീളമുള്ള ഹൈവേയാണ് NH 948.

ഞാൻ ചാമരാജ്നഗർ എത്തുന്നതിനു മുൻപ് വലത്തോട്ടു തിരിഞ്ഞു മല മഹദേശ്വരാ വന്യജീവി സങ്കേതം വഴിയാണ് യാത്ര ചെയുന്നത്. ഈ വഴിയിലെ പ്രത്യേകത സിംഗിൾ ലൈൻ ആണെങ്കിലും ആവശ്യത്തിന് വീതിയും, റോഡിനു ഇരുവശവും തണല്മരങ്ങളും ഉണ്ട് എന്നുള്ളതാണ്. കിടിലം ഡ്രൈവ് ആണ് ഇതിലെ. നിങ്ങൾ ഒരിക്കൽ എങ്കിലും ഇതിലെ യാത്ര ചെയ്തിരിക്കണം.

സത്യമംഗലം എത്തി, ധിമ്പം ചെക്ക് പോസ്റ്റ് കടന്നു ഹെയർ പിൻ കയറാൻ തുടങ്ങി. 27 ഹെയർ പിന്നുകളാണ് ഈ റൂട്ടിൽ ഉള്ളത്. കോയമ്പത്തൂർ സിറ്റിയുടെ മനോഹരമായ മുകളിൽ നിന്നുള്ള കാഴ്ചകൾ നമുക്ക് ഇവിടെ നിന്നും കാണാവുന്നതാണ്. തൃശ്ശൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് കർണാടക ആർ ടി സിയുടെ രണ്ടു ബസുകൾ ഈ വഴി സർവിസ് നടത്തുന്നുണ്ട്. ബസ് സർവിസ് രാത്രിയായ കാരണം കാഴ്ചകൾ അധികം കാണാൻ സാധിക്കില്ല. 27 ഹെയർപിൻ കയറി ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വലത്തോട്ട് തിരിഞ്ഞു. നേരെ പോയാൽ ചാമരാജ നഗർ വഴി കൊല്ലേഗൽ എത്താമെങ്കിലും വന്യ ജീവി സങ്കേതത്തിനു ഉളിലൂടെ യാത്ര ചെയ്യാൻ തീരുമാനിച്ചു.

കൊടുംകാട്ടിലൂടെ ആയിരുന്നു പിന്നീടുള്ള യാത്ര. ഒറ്റക്കായത് മൂലം ചെറിയ പേടി ഉണ്ടായിരുന്നു. എങ്കിലും എതിർ വശത്തു നിന്ന് ഇടക്ക് ബൈക്കുകൾ വരുന്നത് കണ്ടത് കൊണ്ട് ആശ്വാസം തോന്നി. കണിക്കൊന്നകൾ പൂത്ത കാടിനു നടുവിലൂടെ ഒറ്റയ്ക്ക് റോയൽ എൻഫീൽഡ് മീറ്റിയോറിൽ 70 – 80 സ്പീഡിൽ പോകുന്നത് ഒരു ഒന്നൊന്നര ഫീൽ ആണ്. അനുഭവിച്ചു തന്നെ അറിയണം.

വന്യ ജീവി സങ്കേതങ്ങൾ ആണെങ്കിലും ആകെ കണ്ടത് കാട്ടു പോത്തിനെ മാത്രമാണ്. മല മഹദേശ്വരാ വന്യ ജീവി സങ്കേതം കടന്നു കർണാടകയുടെ തനതായ ഗ്രാമ കാഴ്ചകൾ കണ്ടു കൃഷി സ്ഥലങ്ങളിലൂടെ യാത്ര ചെയ്തു കൊല്ലേഗൽ എത്തി. അവിടെ നിന്നും ഭക്ഷണം കഴിക്കാം എന്ന് കരുതി എങ്കിലും നല്ല ഹോട്ടലുകൾ കണ്ടെത്താൻ സാധിച്ചില്ല. ഈ റൂട്ടിലെ പ്രധാന പോരായ്മ നമുക്ക് പറ്റിയ ഹോട്ടലുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്നുള്ളതാണ്. ഹോട്ടലുകൾ ഇല്ല എന്ന് തന്നെ പറയാം. കൊല്ലേഗലിൽ നിന്ന് മാലവള്ളി വഴി കനക്പുര എത്തി. കൊല്ലേഗൽ മുതൽ മാളവള്ളി വരെ കിടിലം തണൽ ഉള്ള റോഡുകളാണ്. അതിനു ശേഷം തണൽ കുറവാണ്.

കനക്പുര കഴിഞ്ഞു ബാംഗ്ലൂർ നൈസ് റോഡ് കയറി ഇലക്രോണിക്ക് സിറ്റിയുള്ള വീട്ടിൽ എത്തുമ്പോൾ സമയം നാലര. ഒൻപതര മണിക്കൂറാണ് 460 കിലോമീറ്റർ യാത്ര ചെയ്യാൻ വേണ്ടി വന്നത്. രണ്ടാമതാണ് സോളോ റൈഡ് ചെയ്യുന്നത്. ആദ്യം ബാംഗ്ലൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് നേരെ ഹൈവെ വഴിയാണ് യാത്ര ചെയ്തത്. തിരിച്ചു വന്നപ്പോൾ ഈ റൂട്ട് ഒരു വ്യത്യസ്തമായ അനുഭവമായി. ഇനിയും ഇങ്ങനെയുള്ള യാത്രകൾ കോവിഡ് പ്രശ്നങ്ങൾ കഴിഞ്ഞു നടത്താം പറ്റുമെന്ന് കരുതുന്നു.