ഇരിട്ടിപ്പുഴയുടെ മരണവും, പുതിയ ഇരിട്ടിപ്പാലത്തിൻ്റെ ജനനവും

വിവരണം – ജിതിൻ ജോഷി.

കണ്ണൂർ ജില്ലയിൽ കൂർഗ് (കുടക്) കാടുകളോട് ചേർന്നുകിടക്കുന്ന മലയോരപട്ടണമാണ് ഇരിട്ടി. തലശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇരിട്ടിയാണ് മലബാറിന്റെ കുടകിലേക്കുള്ള കവാടം. ഇരിട്ടിയിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർ തീർച്ചയായും കണ്ടിട്ടും കയറിയിട്ടുമുണ്ടാകും പ്രതാപത്തോടെ തലയുയർത്തി ഇരിട്ടിപുഴയുടെ കുറുകെ ഇരിട്ടിയുടെ കാവൽക്കാരനെപ്പോലെ നിൽക്കുന്ന ഇരിട്ടിപാലത്തിൽ.

തലശ്ശേരി പട്ടണത്തേയും അങ്ങ് കാടിനപ്പുറമുള്ള കുടക് ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ സായിപ്പിന്റെ ബുദ്ധിയിൽ വിരിഞ്ഞ ഇരിട്ടിപ്പാലം. 1933 ൽ ബ്രിട്ടീഷ് എൻജിനീയർ ഏണസ്റ്റ് ജെയിംസ് ഈ പാലം യാത്രികർക്കായി തുറന്നപ്പോൾ കൈകോർത്തത് രണ്ടു സംസ്ഥാനങ്ങൾ ആയിരുന്നു.

മഞ്ഞുപുതച്ച പേരമ്പാടി ചുരംവഴി എത്രയോ ഫർഗോ ലോറികൾ കുടകിൽനിന്നും കാപ്പിയും ഏലവുമൊക്കെയായി ഈ പാലം കയറി ഇരിട്ടിയിലേക്കും തലശ്ശേരിയിലേക്കും വന്നിരിക്കുന്നു. നമ്മുടെ എത്രയോ മുൻപുള്ള യൗവനങ്ങൾ ജോലിക്കായി കുടക് കുന്നുകൾ കയറിയതിനും ഇരിട്ടിപ്പാലം സാക്ഷി.

ഇന്നും, നീണ്ട 86 വർഷങ്ങൾക്കിപ്പുറവും പ്രായത്തിന്റെ അവശതകൾ ബാധിച്ചിട്ടുപോലും ദിവസേന ഇത്രയും വാഹനങ്ങൾ ഈ വയസൻ പാലത്തിൽ കയറിയിറങ്ങുന്നുണ്ടെങ്കിൽ ഇതാണ് ശരിക്കുള്ള വിസ്മയം. പഴയ പാലത്തിന്റെ പ്രായത്തിന്റെ അവശതകൾ കണക്കിലെടുത്ത് പുതിയ ഒരു പാലം തൊട്ടടുത്തായി ഒരുങ്ങുന്നുണ്ട്. ഏതാനും വർഷങ്ങളായി അവർ പണി തുടങ്ങിയിട്ട്. ഇപ്പോളും തൂണുകളുടെ നിർമ്മാണത്തിൽ നിന്നും മുന്നോട്ട് പോവാൻ സാധിച്ചിട്ടില്ല..

ഞാൻ ഇട്ടിരിക്കുന്ന ചിത്രങ്ങൾ നോക്കിയാൽ മനസിലാകും പുതിയ പാലംപണിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇരിട്ടിപ്പുഴയുടെ അവസ്ഥ എന്താണെന്ന്. ശരിക്കും സങ്കടമുണ്ട്. രണ്ടു തൂണ് പണിയാൻ ഇത്രയും വർഷങ്ങൾ. അതിലേറെ സങ്കടം അതിനായി പുഴയുടെ പകുതിയിലേറെ ഭാഗം മണ്ണും കല്ലും ഇട്ട് നികത്തി എന്നതിലാണ്. ഇങ്ങനെ നികത്താൻ ആയിരുന്നെങ്കിൽ എന്തിനാണ് പാലം? ഇപ്പൊ എടുത്തിട്ട മണ്ണിന്റെ മുകളിൽ ഇത്തിരി ടാർ കൂടി ചെയ്‌താൽ പാലംപണി ഒഴിവാക്കാമല്ലോ..??

1933 ൽ അതായത് 86 വർഷങ്ങൾ മുന്നേ പുഴയെ നോവിക്കാതെ ചുരുങ്ങിയ സമയംകൊണ്ട് കരുത്തുറ്റ ഒരു പാലം പണിയാൻ അന്നത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സാധിച്ചുവെങ്കിൽ, കാലം ഇത്രയും മുൻപോട്ടു വന്നിട്ടും ടെക്നോളജി ഇത്രയേറെ പുരോഗമിച്ചിട്ടും എന്തെ നമുക്ക് നമ്മുടെ പുഴയെ നോവിക്കാതെ രണ്ടു തൂണുകൾ ബലത്തോടെ കെട്ടിപ്പൊക്കാൻ സാധിക്കുന്നില്ല..??

തമിഴ്‌നാട്ടിൽ കടലിന്റെ മുകളിൽ നിൽക്കുന്ന പാമ്പൻ പാലം കടൽ നികത്തി ഉണ്ടാക്കിയതാണോ? ഇന്ത്യയിലെ മറ്റ് മഹാനദികളുടെയെല്ലാം കുറുകെ നിലകൊള്ളുന്ന പാലങ്ങളെല്ലാം ആ നദികൾ മണ്ണിട്ട് നികത്തി ഉണ്ടാക്കിയതാണോ ? ഇവിടെ ഒരു പാലം പണിയാൻ നിങ്ങൾ ഇല്ലാതാക്കുന്നത് ഒരു പുഴയെയാണ്. കൂടാതെ തൊട്ടടുത്തുള്ള ഒരു മലയെയും. ഇങ്ങനെതന്നെ വേണം “പണിയാൻ”..

നമ്മൾ ശീലിച്ചതും പഠിച്ചതും നശീകരണം മുൻനിർത്തിയുള്ള നിർമ്മാണ പ്രവൃത്തികൾ ആണല്ലോ. എന്തായാലും ആശംസകൾ. ഇല്ലാത്ത പുഴയുടെ മുകളിൽ ഉയരുന്ന പുതിയ പാലത്തിന്. ഒപ്പം പാലത്തെ പ്രസവിച്ചു മരണം പുൽകുന്ന ഇരിട്ടിപ്പുഴയ്ക്ക് ആദരാഞ്ജലികളും.