ഇലക്ഷൻ ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കഷ്ടതകൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എല്ലാവരും വോട്ടു ചെയ്ത സന്തോഷത്തിലായിരിക്കുമല്ലോ ഇപ്പോൾ. വോട്ട് ചെയ്തതിനു ശേഷം കൈവിരലിൽ പതിച്ച മഷിയും സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഇന്ന് എല്ലാവരും (ഒട്ടുമിക്കവരും) ഇലക്ഷൻ ദിവസം ആഘോഷപൂരിതമാക്കുന്നത്. എന്നാൽ ഇലക്ഷൻ ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥരുടെ കാര്യം ആരെങ്കിലും ഓർക്കാറുണ്ടോ? അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, ടെൻഷൻ… അങ്ങനെ നീളുന്നു.. ഇലക്ഷൻ ഡ്യൂട്ടിയ്ക്കിടെ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വിവരിച്ചു കൊണ്ട് മലപ്പുറം കളക്ട്രേറ്റിലെ സീനിയർ ക്ലർക്കായ ബാബു എന്ന ഉദ്യോഗസ്ഥൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത അനുഭവക്കുറിപ്പാണ് താഴെ കൊടുത്തിരിക്കുന്നത്. വായിച്ചു മനസിലാക്കുക.

“ഇത്തവണ നോമിനേഷന്‍ വിഭാഗത്തിലായിരുന്നു. അവസാനദിവസം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ വന്നു, അതും ഉച്ചക്ക് ശേഷം. രാവിലെ പതിനൊന്ന് മണിക്ക് ഇരുന്ന ഇരിപ്പ് എഴുന്നേറ്റത് രാത്രി 8 മണിക്കായിരുന്നു. ആദ്യമായി ഒരു കവിള്‍ വെള്ളം കുടിക്കുന്നതും അപ്പോള്‍ തന്നെ. തുടര്‍ന്ന് ഭക്ഷണശേഷം ഇരുന്ന ഇരിപ്പില്‍നിന്ന് എഴുന്നേറ്റത് പുലര്‍ച്ചെ 5 മണിക്കായിരുന്നു. 11 മണിക്ക് സൂക്ഷ്മപരിശോധനയാണ്. അതിന്‍റെ കാവലും കരുതലും മൂലം കണ്ണ് ഒരു പോള പോലും അടഞ്ഞില്ല. ഫ്രഷപ്പ് ചെയ്ത ശേഷം സൂക്ഷ്മപരിശോധനയും അനുബന്ധജോലികളും കഴിഞ്ഞ് വീട്ടില്‍ പോകാനായത് രാത്രി പത്ത് മണിക്ക്. 35 മണിക്കൂര്‍ ഒരു യന്ത്രം പോലെ- എങ്ങനെയാണ് എനിക്കിത് സാധിച്ചത്? എവിടുന്നാണ് ഇതിനുള്ള ഊര്‍ജ്ജം ലഭിച്ചത്? തുടര്‍ന്നങ്ങോട്ട് ആഴ്ചയും പക്കവും അവധിദിനവും തൊഴില്‍ദിനവും രാവും പകലുമറിയാതെയുള്ള നാളുകള്‍. ചില ദിവസങ്ങളില്‍ പഞ്ച് ചെയ്യാന്‍ പോലും മറന്നു.

അവസാനമിതാ ഇന്നും. ഇന്നലെ രാവിലെ 6 മണിക്ക് കയറിക്കൂടിയതായിരുന്നു. രാത്രി അല്പസമയം ഒരു ചട്ടയിട്ട് എവിടെയോ ചുരുണ്ടുകൂടി. രാവിലെ വീട്ടില്‍ പോയി വരാനാകുമെന്ന പ്രതീക്ഷയും പൊളിഞ്ഞു. വീട് കണ്ടത് വൈകുന്നേരം ആറ് മണിക്ക്. ഒരു ദിവസത്തെ വസ്ത്രത്തില്‍ രണ്ട് ദിവസം.

ഇത്രയും പറഞ്ഞത് ഇനിയുള്ള കാര്യം പറയാന്‍ വേണ്ടി മാത്രമാണ്. ഈ ഇലക്ഷനില്‍ ജോലി കുറവുള്ള ജീവനക്കാരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. മറ്റുള്ളവര്‍ ചെയ്ത ജോലിയുടെ വ്യാപ്തി അതില്‍നിന്നുതന്നെ ഊഹിക്കാമല്ലോ. കേരളവും സര്‍ക്കാര്‍ ജീവനക്കാരും ലോകസഭാ ഇലക്ഷന്‍ എന്ന് കേള്‍ക്കുന്നതിന് മാസങ്ങള്‍ മുമ്പുതന്നെ രാവ് പകലാക്കി ഇലക്ഷന്‍ ജോലി തുടങ്ങിയവരാണ് എന്‍റെ ഓഫീസിലെ മറ്റുള്ളവര്‍. ഒരു തെരഞ്ഞെടുപ്പില്‍ അടങ്ങിയിരിക്കുന്ന എണ്ണമറ്റ മനുഷ്യാദ്ധ്വാനവും സാങ്കേതികതകളും സങ്കീര്‍ണ്ണവും വികേന്ദ്രീകൃതവുമായ നിര്‍വഹണഘട്ടങ്ങളും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സാമാന്യജനവും ചുരുക്കം ചില ജീവനക്കാരും കുടുംബാംഗങ്ങള്‍ പോലും അജ്ഞരാണ് എന്നതാണ് ഒരു റവന്യു ജീവനക്കാരന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

“നിങ്ങള്‍ക്ക് മാത്രമെന്താണ് ഇത്ര ജോലി?”, “ഇലക്ഷന്‍ കഴിഞ്ഞില്ലേ ഇനിയെന്താണ്?”, “ഇങ്ങനെ കൂടുതലിരിക്കുന്നതിന് എന്തെങ്കിലും കിട്ടുമോ?” തുടങ്ങിയ ചോദ്യങ്ങള്‍ സമനില തെറ്റാതെ നേരിടുകയെന്നതായിരിക്കും തിരഞ്ഞെടുപ്പുകാലത്ത് റവന്യു ജീവനക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ന് സ്ട്രോംഗ് റൂമില്‍ ചെന്നപ്പോള്‍ എന്നെപ്പോലെ, അല്ല എന്നെക്കാള്‍ മുഷിഞ്ഞ് രണ്ട് ദിവസത്തെ പൂര്‍ണ്ണമായ ഉറക്കവും കായികാദ്ധ്വാനവും കൊണ്ട് കണ്ണുകള്‍ തടിച്ച്തൂങ്ങിയ അനേകം താലൂക്ക്-എ.ആര്‍.ഒ. ജീവനക്കാര്‍ നില്‍ക്കുന്നു, നടക്കുന്നു, ഓടുന്നു.

പോളിംഗ് ഡ്യൂട്ടി ഒഴിവാക്കാന്‍ അപേക്ഷ തന്ന് സാധിക്കാതെ പോയതിന്‍റെ പേരില്‍ എന്നെ ഫോണില്‍ വിളിച്ച് വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആ അദ്ധ്യാപകന്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു കൈ കൊണ്ട് ഒരു ജോലിയും മറുകൈ കൊണ്ട് മറ്റൊരു ജോലിയും ചെയ്യുന്ന സമയത്തായിരുന്നു അയാള്‍ എന്നെ വിളിച്ചത്. അമ്മയുടെയും ഭാര്യയുടെയും ഫോണ്‍ കാളുകള്‍ സമയമില്ലാത്തതു കൊണ്ട് കട്ട് ചെയ്തതിന് തൊട്ടു ശേഷമുള്ള സമയത്താണ് അയാളുടെ വിളി ഞാനെടുത്തത്. പരീക്ഷ തീര്‍ന്നാല്‍ മക്കള്‍ക്ക് വാക്കുകൊടുത്തിരുന്ന വാഗ്ദാനങ്ങള്‍, കാണാമെന്ന് സമ്മതിച്ച സിനിമകള്‍, വീട്ടില്‍ ഒഴിഞ്ഞ ധാന്യക്കുപ്പികള്‍ അരിപ്പാത്രങ്ങള്‍, പങ്കെടുക്കാന്‍ പറ്റാത്ത ബന്ധുവീടുകളിലെ ചടങ്ങുകള്‍ എല്ലാം വിസ്മരിച്ചുകളഞ്ഞ ഒരു സമയമായിരുന്നു അത്. സെക്കന്‍റുകള്‍ക്കുപോലും കുതിരപ്പവന്‍ മൂല്യമുള്ളതാണ് തിരഞ്ഞെടുപ്പു സമയം. ഒന്നു ചിന്തിച്ചാല്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടി കാരണമില്ലാതെ ഒഴിവാക്കിക്കൊടുക്കാന്‍ റവന്യു ജീവനക്കാരന് സാധിക്കണമെന്നില്ല. കാരണമുണ്ടെങ്കില്‍ ഒഴിവാക്കുന്നതിന് ഇടനിലക്കാരുടെ ആവശ്യവുമില്ല.

തൊഴിലെന്നത് ഒരു സംസ്കാരമാണ്. പണത്തിനുമപ്പുറമാണ് കടമയെന്ന ഉറച്ച പ്രഖ്യാപനമാണ്. എന്തും ഏറ്റെടുത്ത് നടത്താനുള്ള ആര്‍ജ്ജവമാണ്. ആ സംസ്കാരം വന്നുചേര്‍ന്നാല്‍ നാം ആ യന്ത്രത്തിന്‍റെ പല്‍ച്ചക്രങ്ങളായിത്തീരും. എണ്ണയില്‍ കുതിര്‍ന്ന് പരാതിയില്ലാതെ അല്ലലില്ലാതെ അതങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. അതിരില്ലാത്ത ഊര്‍ജ്ജം നമ്മിലേക്ക് വന്നുകൊണ്ടിരിക്കും. ആ യന്ത്രത്തിന്‍റെ ഭാഗമാകാന്‍ കഴിയാത്തവന്‍ തന്‍റെ ദുരിതത്തിന് കാരണക്കാരെന്ന് തങ്ങള്‍ വിശ്വസിക്കുന്നവരെ ഇങ്ങനെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും.