വെഡ്‌ഡിങ് ഫോട്ടോഗ്രാഫർമാരുടെ കഷ്ടപ്പാടുകളും വിഷമങ്ങളും നിങ്ങൾ അറിയുന്നുണ്ടോ? – വൈറലായ ഒരു കുറിപ്പ്…

എഴുത്ത് – റസാഖ് അത്താണി (പ്രൊഫഷണൽ ഫോട്ടോഗ്രാഫർ).

ഒരുപാട് ഇഷ്ടത്തോടെ കയറിവന്നതാണ് വെഡിങ് ഫോട്ടോഗ്രഫിയിലേക്ക്. ചിലപ്പോൾ ചിലരുടെ പെരുമാറ്റത്തിലും മറ്റുമെല്ലാം ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. വർക്കിനു വിളിക്കുന്ന നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഞങ്ങളുടെ കഷ്ടപ്പാടും സമ്മർദ്ദവും? ഒരിക്കലെങ്കിലും ഞങ്ങളുടെ ഭാഗത്തുനിന്നൊന്നു ചിന്തിച്ചുനോക്കണം.

രാവിലെ പയ്യനെ എഴുന്നേൽപ്പിക്കുന്നതുപോലും ചിലപ്പോൾ ഫോട്ടോഗ്രാഫറാണ്. സമയം വൈകിയത് ഈ ഫോട്ടോഗ്രാഫറുടെ കാരണമാണെന്ന് പലവട്ടം കേൾക്കേണ്ടി വന്നിട്ടുണ്ട്. എനിക്ക് മാത്രമല്ല 100% ഫോട്ടോഗ്രാഫറുമാർ കേട്ട, കേട്ടുകൊണ്ടിരിക്കുന്ന സ്ഥിരം ഡയലോഗാണിത്.

ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ മോർണിംഗ്‌ വരാൻ പറയുന്ന സമയത്തേക്കാൾ 15 മിനിറ്റും 30 മിനിറ്റും മുന്നേ വരുന്നവരാണ് ഇപ്പോഴുള്ള ഫോട്ടോഗ്രാഫർമാർ. വാങ്ങുന്ന കാശിന് ആത്മാർത്ഥതയോടെ നിങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും സുപ്രധാനമായ ഒന്നായ നിങ്ങളുടെ കല്ല്യാണം വളരെ മനോഹരമായി എടുത്തു തരണമെന്ന ഒരു കുറ്റമേ നിങ്ങളോട്‌ ഞങ്ങൾ ചെയ്തിട്ടൊള്ളു.

നിങ്ങളുടെ കല്യാണത്തിനു വരുന്ന മറ്റുള്ള തൊഴിലെടുക്കുന്ന എല്ലാവരേക്കാളും ആത്മാർത്ഥമായി (ആരേയും ആക്ഷേപിക്കുകയല്ല) ഞങ്ങൾ ജോലി ചെയ്യുന്നുണ്ട്. നിങ്ങൾ “നിർത്തു, ഇനി എടുക്കണ്ടാ, മതി” എന്ന് പറഞ്ഞിട്ടു പോലും ഒരു മിനിറ്റെന്നും പറഞ്ഞ് നിങ്ങളുടെ കാരണവന്മാരുടെ ചീത്ത കേട്ടിട്ടും എടുക്കുന്നത് ഞങ്ങളുടെ വീട്ടിലേക്ക് നിങ്ങളുടെ ഫോട്ടോ കൊണ്ടുപോവാനല്ല. പകരം നിങ്ങളുടെ പരിപാടി മനോഹരമായി പകർത്തി തരണം എന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ടാണ്.

ഒരിക്കൽ പോലും ഒരു ഫോട്ടോഗ്രാഫറും തന്റെ വർക്ക്‌ കുളമായെന്നു കേൾക്കാൻ ആഗ്രഹിക്കില്ല. ആ കാരണം കൊണ്ടുകൂടിയാണ് ഈ കഷ്ടപ്പെടുന്നത്. കാരണവന്മാർ കുറ്റപ്പെടുത്തുന്നില്ല എങ്കിലും പല കല്യാണഫോട്ടോയും വിഡിയോയും കുളമാക്കിത്തരുന്നതിന്റെ വലിയൊരു പങ്ക് കാരണവന്മാരെന്നു പറഞ്ഞ് മേൽനോട്ടം വഹിക്കുന്നവർക്കുണ്ട്.

നിങ്ങൾക്കറിയില്ല നിങ്ങളുടെ ഒരു ആവശ്യവുമില്ലാത്ത ധൃതി കാരണം ഞങ്ങൾക്ക് മോശമാവുന്ന ഞങ്ങളുടെ വർക്കുകളെ പറ്റി. നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടില്ല നിങ്ങളാൽ അല്ലെങ്കിൽ സാക്ഷാൽ കല്യാണപയ്യന്റെ അടുത്തു നിന്നുപോലും ഞങ്ങൾക്ക് ചീത്ത കേൾക്കപ്പെടേണ്ടതിനെ കുറിച്ച്. പല വർക്കുകളിലും ആ കാരണത്താൽ കിട്ടാതെ പോയ ബാക്കി ബാലൻസ് തുകയെ കുറിച്ച് അറിഞ്ഞിരിക്കില്ല നിങ്ങൾ. കാരണം നിങ്ങളപ്പോൾ മറ്റാരുടെയോ കല്യാണത്തിന് പോവാൻ ഷർട്ട്‌ തേക്കുകയായിരിക്കും.

“തോള് ചേർന്നു നിൽക്കണ്ട, നെറ്റി മുട്ടിക്കണ്ട” എന്നൊക്കെയുള്ള ചില അമ്മാവന്മാരുടെ വാക്കും കേട്ട് സീനും വെട്ടികൂട്ടി പയ്യനു കൊടുത്താൽ അവന്റെ വകയുള്ള ഒരു ചോദ്യമുണ്ട് “ഉള്ള ചൊള എണ്ണിത്തന്നിട്ടു അവാർഡ് ഫിലിമാണോ നീ ഈ പിടിച്ചു വെച്ചിരുക്കുന്നതെന്ന്.” കല്യാണത്തിൻ്റെ അന്ന് അവരുടെ അമ്മാവൻ നമ്മോടു കാണിച്ചുകൂട്ടിയ പൊല്ലാപ്പൊന്നും അപ്പോൾ പയ്യന്‌ ഓർമ്മ കാണില്ല. അവസാനം അവൻ നമ്മുടെ വർക്കിനിടുന്നൊരു വിലയുണ്ട്. ഞമ്മളു പറഞ്ഞതിനെക്കാളും കുറച്ച് ഒരു തോർത്തിൽ  കെട്ടി കച്ചവടം ഉറപ്പിക്കുന്ന പോലെ.

നിസ്സഹായത കൊണ്ടും സങ്കടത്തോടെയും പ്രതീക്ഷിച്ചതിനെക്കാളും കുറച്ചു കാശുമായി പടിയിറങ്ങുമ്പോൾ ഞങ്ങളിൽ മിന്നിമറയുന്നത് പ്രിന്റിങ്ങിന്റെ ചിലവും എഡിറ്റിങ്ങിന്റെ ചിലവും എല്ലാം കഴിച്ചു ക്യാമറയുടെ അടവും ഒക്കെയായിരിക്കും. സ്വന്തം പെണ്ണിന്റെ കെട്ടുതാലി വരെ പണയം വെച്ചവരാണ് ഞങ്ങളിലെ പല ഫോട്ടോഗ്രാഫറും. ഞങ്ങളിലുമുണ്ട് ചില കണക്കുകൂട്ടലുകളൊക്കെ. ചിലപ്പോഴൊക്കെ നിങ്ങളുടെ പിടിവാശികളിൽ വട്ടമൊപ്പിക്കാൻ കഷ്ടപെടുന്നവരാണ് ഞങ്ങൾ.

അംഗീകരിക്കണമെന്നു പറയുന്നില്ല ആക്ഷേപിക്കരുത്, നിരുത്സാഹപ്പെടുത്തരുത്, ഞങ്ങൾക്കും ജീവിക്കണം.