റോഡിലെ തലവേദന; ചില ന്യൂജെൻ ബൈക്ക് റൈഡർമാർ; ഒരു യാത്രികൻ്റെ അനുഭവക്കുറിപ്പ്…

റോഡിൽ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന കൂട്ടരാണ് അമിതവേഗതയിൽ പായുന്ന ന്യൂജെൻ ബൈക്ക് റൈഡർമാർ. റൈഡേഴ്‌സ് എന്നൊക്കെ സ്വയം വിളിക്കുമെങ്കിലും സത്യത്തിൽ ഇവരുടെ ഈ പാച്ചിൽ കാരണം ചീത്തപ്പേര് കേൾക്കുന്നത് മാന്യമായിട്ടു, എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പോകുന്ന യഥാർത്ഥ റൈഡർമാർക്ക് ആണ്.

റോഡ് റേസിംഗ് ട്രാക്ക് ആക്കുവാൻ മത്സരിക്കുന്നവർക്ക് കെടിഎം ഡ്യൂക്ക് പോലുള്ള സൂപ്പർ ബൈക്കുകൾ കൂടി ആയപ്പോൾ കാര്യം ഉഷാറായി എന്നുവേണം പറയുവാൻ. ഇത്തരം ഷോ റൈഡർമാരുടെ ലീലാവിലാസം കാരണം ബുദ്ധിമുട്ടുന്നത് റോഡിലെ പാവം മറ്റു യാത്രക്കാരാണ്. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് യാത്രാപ്രേമിയും പരിസ്ഥിതി പ്രവർത്തകനുമായ ആദിഷ് (Aadish Sanctus Fortis). അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു…

“ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നും തിരിച്ചു ബാംഗ്ലൂർ വരാൻ ബസ് ബുക്ക് ചെയ്തത് തെങ്കാശിയിൽ നിന്നാണ്. പുനലൂർ സ്റ്റാൻഡിൽ നിന്നും അച്ചൻകോവിൽ ബസിൽ കയറി. ചെങ്കോട്ട ഇറങ്ങി അടുത്ത ബസിന് തെങ്കാശി എത്താം. പുനലൂരിൽ നിന്നും എന്റെ വീട് നിൽക്കുന്ന കലയനാട് കഴിഞ്ഞാൽ പിന്നെ റോഡിൽ കട്ട വളവും തരക്കേടില്ലാത്ത കയറ്റവും ഒക്കെ ആണ്.

അങ്ങനെ ഓർഡിനറി ബസ് ആര്യങ്കാവ് ഒക്കെ അടുത്തപ്പോ അതാ എതിരെ ഒരു കണ്ടൈനർ ലോറി വളവ് തിരിഞ്ഞ് എതിരെ വരുന്നൂ. ബസ് ഡ്രൈവർ അല്പം ഇടതു ചേർന്ന് വന്ന സ്പീഡിൽ തന്നെ വണ്ടി മുന്നോട്ട് കൊണ്ടു പോകുമ്പോ ധാ നമ്മുടെ ലോറിയുടെ ബാക്കിൽ നിന്നും പെട്ടെന്ന് ഒരു KTM Duke ബൈക്കിൽ രണ്ടു ചേട്ടന്മാർ വലതു എടുത്തു പാഞ്ഞു വരുന്നു. ബസ് ഡ്രൈവർ സഡൻ ഇട്ടു. ബൈക്കൊളികൾ കൃത്യമായി ബസിന്റെ സൈഡ് പിടിച്ചു വിട്ടു. ബസിലെ എല്ലാവരും ബൈക്കൊളിയുടെ അപ്പന് വിളിച്ചു.

പുറകിൽ ഇരുന്ന ഊളൻ ഇളിഞ്ഞ ചിരി പാസ്സാക്കി എന്തോ അചീവ് ചെയ്ത പോലെ. ശെരിയാണ്, രണ്ടാം ജന്മം ആണല്ലോ. ആഘോഷിക്കണം. എത്ര പറഞ്ഞാലും tail gate ചെയ്യരുത്, എതിരെ വരുന്ന വാഹനം കാണാതെ ഓവർടേക്ക് ചെയ്യരുത് എന്ന് പറഞ്ഞാല് മനസ്സിലാകില്ല. ഈ പേക്കൂത്ത് കാണിക്കുന്ന അവന്മാർ ചത്താൽ അവന്മാർക്ക് ഒന്നുമില്ല. വീട്ടുകാർക്ക് ജീവിതകാലം മൊത്തം കരയാനുള്ള വക.

പിന്നെ, എതിരെ വരുന്ന നിർഭാഗ്യ ബൈക്കുകാരുടെ അവസ്ഥ ആണ് അതിലും കഷ്ടം. ശ്രദ്ധിച്ചു നിയമം പാലിച്ചു വണ്ടി ഓടിക്കുന്ന ആൾക്ക് അപകടം വന്നാലോ? പുനലൂർ ടൗണിൽ വച്ച് അച്ഛന് ഇതുപോലൊരു ബൈക്കോളി കൊടുത്ത പണി, അതനുഭവിച്ച അച്ഛനും ഞങ്ങ വീട്ടുക്കാർക്കും മാത്രമേ അറിയൂ. മൈനർ ആക്സിഡന്റ് ആയിട്ടുപോലും കാലിലെ നുറുങ്ങിപോയ വിരല് ഒരെണ്ണം നഷ്ടപ്പെട്ടു എന്ന ഭയത്തിൽ കഴിഞ്ഞ ആദ്യ മൂന്ന് ആശുപത്രി ദിനങ്ങൾ, പിന്നെ ഒടിഞ്ഞ കാലുമായി വീട്ടിൽ കിടന്ന രണ്ടുമാസം.

കുടുംബം എങ്ങനെയൊക്കെയോ മുന്നോട്ട് കൊണ്ട് പോയത് ജോലിക്ക് കയറി ആറു മാസം മാത്രം ആയ എന്റെ ശമ്പളത്തിൽ. എന്റെ കാര്യത്തിൽ ആ ആറുമാസം മുന്നേ ഈയൊരു ലക്ഷ്വറി ലൈഫ് ഇല്ലായിരുന്നു, പലരുടെയും കാര്യത്തിൽ ഇപ്പോഴും ഉണ്ടാകില്ല. അതുകൊണ്ട് അഡ്രിനാലിൻ മൂക്കുമ്പോൾ എതിരെ വരുന്നവനെ എങ്കിലും മനസ്സിൽ ഓർത്താൽ നല്ലത്.”

Cover Photo by vikram sundaramoorthy from Pexels.