ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ജമ്മു – ശ്രീനഗർ റോഡ് ട്രിപ്പ്…

ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഉധംപൂർ എന്ന സ്ഥലം വരെ നല്ല കിടിലൻ നാലുവരിപ്പാതയായിരുന്നു. എന്നാൽ അവിടെ നിന്നും പിന്നങ്ങോട്ട് റോഡ് രണ്ടുവരിയായി ചുരുങ്ങി. എങ്കിലും അവിടെ നാലുവരി ആക്കുവാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു.

പോകുന്ന വഴിയിൽ ഞങ്ങൾ വണ്ടി നിർത്തി കുറച്ചുനേരം വിശ്രമിക്കുവാനായി ഒരു തണലുള്ള സ്ഥലം നോക്കി നടക്കുകയായിരുന്നു. ഒടുവിൽ ഞങ്ങൾ വഴിയരികിൽ ഒരു തണലുള്ള സ്ഥലം കണ്ടെത്തി. നല്ല ചൂടുള്ള അന്തരീക്ഷത്തിൽ ആ സ്ഥലത്തെ തണൽ ഞങ്ങൾക്ക് വല്ലാത്തൊരു കുളിർമ്മ തന്നെയായിരുന്നു പ്രദാനം ചെയ്തത്.

കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും നാലുവരിപ്പാത തുടങ്ങി. അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കപാതയായ ചെനാനി-നഷ്‌റി മുന്നിൽ കണ്ടു. ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതകളിൽ പന്ത്രണ്ടാം സ്ഥാനമാണ് ഇതിന്. ഏകദേശം ഒൻപതു കിലോമീറ്ററോളം നീളമുണ്ട്‌ ഈ തുരങ്കപാതയ്ക്ക്. ഈ പാത വന്നതോടെ ജമ്മു – ശ്രീനഗർ യാത്രയിൽ ഏതാണ്ട് രണ്ടു മണിക്കൂറോളം ലഭിക്കുവാൻ കഴിയുന്നു. ആഹാ സംഭവം കിടിലൻ തന്നെ…

ഞങ്ങൾ തുരങ്കത്തിലൂടെ യാത്ര തുടങ്ങി. അതിലൂടെ പോകുന്ന വാഹനങ്ങൾക്ക് മണിക്കൂറിൽ 50 കിലോമീറ്റർ ആണ് വേഗതാപരിധി. ഏതാണ്ട് പതിനഞ്ചു മിനിറ്റിലധികം ടണലിലൂടെ സഞ്ചരിച്ചു ഞങ്ങൾ മറുപുറത്തെത്തി. അങ്ങനെ നാലുവരിപ്പാത വീണ്ടും രണ്ടുവരിയായി ചുരുങ്ങി. ഒടുവിൽ റാംബൻ എന്നു പേരുള്ള ഒരു ചെറിയ ടൗണിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ കണ്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ചിക്കൻ ഫ്രൈയും ഓംലറ്റും ചിക്കൻ കറിയുമെല്ലാം കൂട്ടി ഊണ് കഴിച്ചു. നല്ല സ്വയമ്പൻ ഭക്ഷണം തന്നെയായിരുന്നു അവിടെ. ഹോട്ടലിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി അവരോട് നന്ദി പറയുവാൻ ഞങ്ങൾ മറന്നില്ല.

അവിടെ നിന്നും പിന്നീട് അങ്ങോട്ട് വീതികുറഞ്ഞ ചുരം റോഡ് ആയിരുന്നു. പോകുന്ന വഴിയിൽ ഏതോ ഒരു തുരങ്കപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇന്ത്യൻ ആർമിയുടെ വാഹനങ്ങൾ എതിരെ കടന്നുപോകുന്നത് കണ്ടു. കുറേദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ നല്ല പച്ചപ്പുള്ള പ്രദേശങ്ങൾ കണ്ടുതുടങ്ങി. അങ്ങോട്ടു ചെല്ലുന്തോറും അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞു വരാൻ തുടങ്ങി.

പോകുന്ന വഴിയിൽ ഒരു വ്യൂ പോയിന്റ് കണ്ട ഞങ്ങൾ അവിടെയിറങ്ങിയപ്പോഴേക്കും മുകൾഭാഗത്തു നിന്നും ആരോ വിസിലടിക്കുന്നു. നോക്കിയപ്പോഴാണ് പട്ടാളക്കാർ ആണെന്ന് മനസ്സിലായത്. ഉടനെ ഞങ്ങൾ തിരികെ വണ്ടിയിൽക്കയറി അവിടെ നിന്നും യാത്രയായി. അപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായത്, ഇതിലൂടെ കടന്നുപോകുന്ന എല്ലാവരും നമ്മുടെ സൈന്യത്തിന്റെ നോട്ടത്തിലായിരിക്കും.

ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്ന പാത വളരെ അപകടം പിടിച്ചതായിരുന്നു. പോകുന്ന വഴിയിൽ കൊക്കയിലേക്ക് മറിഞ്ഞ ഒരു ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്ന ദൃശ്യം കണ്ടപ്പോഴാണ് ഞങ്ങൾക്ക് ആ റൂട്ടിന്റെ ഭയാനകത മനസ്സിലായത്. ഞങ്ങൾ വളരെ ശ്രദ്ധയോടെയായിരുന്നു ചുരം റോഡിലൂടെ ഡ്രൈവ് ചെയ്തിരുന്നത്. അങ്ങനെ ചുരം റോഡുകളെല്ലാം കഴിഞ്ഞു ഞങ്ങൾ വീണ്ടും വീതിയുള്ള നാലുവരിപ്പാതയിലേക്ക് കയറി. ഹൈവേയുടെ ഇരുവശത്തും നല്ല പച്ചപ്പാർന്ന നെൽപ്പാടങ്ങളും അങ്ങകലെ തലയുയർത്തി നിൽക്കുന്ന മഞ്ഞുമലകളും… ആഹാ വളരെ മനോഹരമായ ഒരു കാഴ്ച…

ഞങ്ങൾ വഴിയരികിൽ ഒരിടത്ത് വണ്ടി നിർത്തി അവിടത്തെ ഭംഗിയൊക്കെ ആസ്വദിച്ചു. അതിനിടെ മുൻപ് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട റാന്നിക്കാരൻ ഡോക്ടർ റൈഡറെ അവിടെവെച്ചു കണ്ടുമുട്ടി. കുറച്ചുനേരം ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചശേഷം വീണ്ടും കാണാം എന്ന ഉറപ്പിൽ അവിടെ നിന്നും യാത്രയായി. ഏതാണ്ട് ഒരു വിദേശ രാജ്യത്തുകൂടി യാത്ര ചെയ്യുന്ന ഒരു ഫീൽ ആയിരുന്നു ഞങ്ങൾക്ക് ആ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ലഭിച്ചിരുന്നത്.

അങ്ങനെ ഒടുവിൽ ഞങ്ങൾ ശ്രീനഗറിൽ എത്തിച്ചേർന്നു. കാശ്മീരിൽ വരുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ അവിടെ പ്രീപെയ്‌ഡ്‌ സിംകാർഡുകൾ പ്രവർത്തിക്കില്ലെന്നതാണ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പോസ്റ്റ്പെയ്‌ഡ്‌ സിംകാർഡുകൾ മാത്രമേ അവിടെ പ്രവർത്തിക്കുകയുള്ളൂ. ഞങ്ങളുടെ കൈവശം പോസ്റ്റ്പെയ്‌ഡ്‌ സിംകാർഡുകൾ ഉണ്ടായിരുന്നതിനാൽ ആ കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിരുന്നില്ല.

നമ്മുടെ ഒരു ഫോളോവറും, സൗദി പ്രവാസിയും, പൊന്നാനിയ്ക്ക് അടുത്തുള്ള അയിരൂർ സ്വദേശിയുമായ സക്കീർ ഭായി മുൻകൈയെടുത്ത് ശ്രീനഗറിൽ ഞങ്ങൾക്കായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം സ്പോൺസർ ചെയ്തിരുന്നു. ‘ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ’ എന്ന കിടിലൻ ഹോട്ടലിലായിരുന്നു സക്കീർഭായ് ഞങ്ങൾക്ക് റൂം റെഡിയാക്കിയിരുന്നത്. അതിനു സക്കീർഭായിയോട് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവുമുണ്ട്.

ഹോട്ടലിൽ കയറിയ ഞങ്ങൾക്ക് വെൽക്കം ഡ്രിങ്ക് ആയി നൽകിയത് രുചിയേറിയ ‘കാശ്മീരി കാവ’ എന്ന പാനീയമായിരുന്നു. വളരെ രസകരമായി ഞങ്ങൾക്ക് അതു കുടിച്ചപ്പോൾ തോന്നി. അതിനുശേഷം ഞങ്ങൾ റൂമിലേക്ക് പോയി. നല്ല അടിപൊളി റൂം ആയിരുന്നു ഞങ്ങളുടേത്. അപ്പോൾ സമയം രാത്രി എട്ടുമണിയായിരുന്നു. എട്ടുമണി ആയെങ്കിലും അവിടെ സൂര്യൻ അസ്തമിക്കുവാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഇത്രയും ദൂരം സഞ്ചരിച്ച ഞങ്ങളെല്ലാം ഭയങ്കര ക്ഷീണിതരായിരുന്നു. അതുകൊണ്ട് പെട്ടെന്ന് ഡിന്നർ കഴിച്ച ശേഷം ഞങ്ങൾ റൂമിൽ കിടന്നുറക്കമായി. കശ്മീരിലെ കാഴ്ചകൾ ഇനി തുടങ്ങുന്നേയുള്ളൂ… ബാക്കിയൊക്കെ ഇനി അടുത്ത ദിവസം….

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.