കാന്തല്ലൂരിലെ ഭംഗി ആസ്വദിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത ഒരു Nature Friendly റിസോർട്ട്

ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ എത്തിയതാണ് ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാൻ, ശ്വേത, എമിൽ, അഞ്ചു, എമിലിന്റെ കസിൻ ജിൻസ് എന്നിവർ. കാന്തല്ലൂരിലെ ജംഗിൾബുക്ക് വിന്റേജ് റിസോർട്ടിൽ ആയിരുന്നു ഞങ്ങളുടെ താമസം. കാന്തല്ലൂരിലെ ഭംഗി ആസ്വദിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത ഒരു Nature Friendly റിസോർട്ട്, അതാണ് ജംഗിൾബുക്ക്. പ്രകൃതിയെ തൊട്ടറിഞ്ഞ് കൊണ്ടുള്ള നിർമ്മിതികളാണ് ഇതിന്റെ പ്രത്യേകത.

സാധാരണ റിസോർട്ടുകളിലെ കോട്ടേജുകളെ അപേക്ഷിച്ചു മണ്ണിൽ ചാണകം മെഴുകി ഉണ്ടാക്കിയതാണ് ഇവിടത്തെ പ്രകൃതിദത്ത കോട്ടേജുകൾ. രാത്രികാലങ്ങളിൽ തണുപ്പ് ക്രമാതീതമായി ഉയരുന്ന കാലാവസ്ഥയാണ് കാന്തല്ലൂരിലും പരിസരപ്രദേശങ്ങളിലും. ഈ തണുപ്പിനെ അതിജീവിച്ചുകൊണ്ട് മുറിക്കുള്ളിൽ അൽപ്പം ചൂട് നിലനിർത്തുവാൻ ഈ മണ്ണുകൊണ്ടുള്ള ഭിത്തികളും നിർമ്മിതികളും ഒരു പരിധി വരെ സഹായകമാണ്. സാധാരണ കോൺക്രീറ്റ് കെട്ടിടങ്ങളിൽ താമസിച്ചു പരിചയമുള്ള നമുക്ക് ഇത്തരമൊരു വ്യത്യസ്തമായ കോട്ടേജിലെ താമസം വളരെ കൗതുകകരവും ആസ്വാദ്യകരവുമാണ്.

മുകളിലും താഴെയുമൊക്കെയായിട്ടാണ്‌ റിസോർട്ടിലെ കോട്ടേജുകൾ സ്ഥിതി ചെയ്യുന്നത്. ഓരോ കോട്ടേജുകളുടെ അടുത്തും അതിഥികൾക്ക് റിലാക്സ് ചെയ്യുവാനായി ഓരോ പാടികൾ നിർമ്മിച്ചിട്ടുണ്ട്. തടിയും കോതപ്പുല്ലും കൊണ്ടാണ് ഈ പാടികൾ നിർമ്മിച്ചിരിക്കുന്നത്. പാടികൾക്ക് അടുത്തായി മനോഹരമായ ചെറിയൊരു പൂന്തോട്ടവും ഉണ്ട്. കോട്ടേജിലെ കട്ടിലുകൾ വരെ പ്രാദേശികമായ തടി കൊണ്ട് നിർമ്മിച്ചവയാണ്. ഒരു ബെഡ്‌റൂം, ഒരു ഡ്രെസ്സിംഗ് റൂം, ബാത്ത്റൂം എന്നിവയടങ്ങിയതാണ് കോട്ടേജുകൾ. ബാത്ത്റൂമിൽ മനോഹരമായ ടൈലുകളും സെറ്റ് ചെയ്തിട്ടുണ്ട്.

മഡ് ഹൗസ് കോട്ടേജുകളെക്കൂടാതെ മുഴുവനായും തടികൊണ്ടു നിർമ്മിച്ച ഒരു വുഡ്ഹൗസും ഈ റിസോർട്ടിലുണ്ട്. ഹണിമൂൺ ആഘോഷിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരു കോട്ടേജാണ് വുഡ്ഹൗസ്. BSNL ഒഴികെ മറ്റു മൊബൈൽ നെറ്റ്വർക്കുകൾ ഒന്നുംതന്നെ ഇവിടെയില്ല. പക്ഷേ റിസോർട്ടിൽ വൈഫൈ സൗകര്യം ലഭ്യമാണ്.

കോട്ടേജുകളുടെ കാഴ്ചകളും വിശേഷങ്ങളുമൊക്കെ ആസ്വദിച്ചു കൊണ്ടിരിക്കെ ഭക്ഷണം റെഡിയായി എന്നുള്ള അറിയിപ്പ് ലഭിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞങ്ങൾ വേഗം റെസ്റ്റോറന്റിലേക്ക് നീങ്ങി. റെസ്റ്റോറന്റും അത്യാവശ്യം ഓപ്പൺ ആയ രീതിയിൽ പണികഴിപ്പിച്ചവയാണ്. ഭക്ഷണത്തിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. നാടൻ രീതിയിൽ വാഴയിലയിൽ ചോറും, മീൻകറിയും, ബീഫും, നാടൻ പച്ചക്കറിത്തോരനുകളും ഒക്കെയായി അടിപൊളി തന്നെയായിരുന്നു ഊണ്. ഞങ്ങളെല്ലാവരും നന്നായി ആസ്വദിച്ചു തന്നെ കഴിച്ചു.

റിസോർട്ടിലെ ആക്ടിവിറ്റികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓഫ്‌റോഡ് യാത്രയാണ്. 4×4 ജീപ്പിൽ കുണ്ടും കുഴിയും കയറ്റവും ഇറക്കവുമൊക്കെ നിറഞ്ഞ കാട്ടുപാതകളിലൂടെ ഒരു കിടിലൻ ജീപ്പ് ട്രെക്കിംഗ് ആസ്വദിക്കാം. റിസോർട്ടിലെ കോട്ടേജ് ചാർജ്ജിനു പുറമേ 2500 രൂപയ്ക്ക് 5 പേർക്ക് ഈ ജീപ്പ് യാത്ര ആസ്വദിക്കാൻ സാധിക്കും. അതോടൊപ്പം തന്നെ മറയൂർ ശർക്കര ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ ഒരു സന്ദർശനവും നടത്താം. കരിമ്പിൽ നിന്നും ശർക്കര ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് ഇവിടെ വന്നാൽ മനസിലാക്കുവാൻ സാധിക്കുന്നതാണ്.

എല്ലാം കഴിഞ്ഞു വൈകുന്നേരമാകുമ്പോൾ റിസോർട്ടിൽ ക്യാമ്പ് ഫയറും ബാർബിക്യൂ ചിക്കാനുമൊക്കെ ആസ്വദിക്കാവുന്നതാണ്. നേരമിരുട്ടിയാൽ റിസോർട്ട് പരിസരത്ത് തണുപ്പും കോടയും കൂടി ഒന്നിച്ചിറങ്ങും. വല്ലാത്തൊരു റൊമാന്റിക് കാലാവസ്ഥയായിരിക്കും അപ്പോൾ അവിടെ. ശബ്ദമലിനീകരണം ഒട്ടുമില്ലാത്ത ഏരിയയായതിനാൽ മഴത്തുള്ളികൾ വീഴുന്നതിന്റെയും, ചെറിയ കാറ്റിൽ ഇലകൾ ആടുന്നതിന്റെയുമൊക്കെ ശബ്ദം നമുക്ക് ശരിക്കും കേൾക്കാൻ സാധിക്കും. രാത്രി ഡിന്നറിനു പിടിയും ചമ്മന്തിയും നല്ല നാടൻ കോഴിക്കറിയുമൊക്കെ കൂട്ടി വയർ നിറയ്ക്കാം.

നാട്ടിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി ഒന്നോ രണ്ടോ ദിവസം സ്വസ്ഥമായി താമസിക്കുവാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് ജംഗിൾബുക്ക് എന്നയീ വിന്റേജ് റിസോർട്ട്. ലക്ഷ്വറി സൗകര്യങ്ങളെ അപേക്ഷിച്ച് പ്രകൃതദത്തമായ ഒരു ആമ്പിയൻസ് ആണ് ഇവിടെ എല്ലാവരെയും ആകർഷിക്കുന്നത്. നിങ്ങൾക്കും ഇവിടെ വന്നു താമസിക്കുവാൻ ആഗ്രഹമുണ്ടോ? എങ്കിൽ വിളിക്കാം – 8078808912.