തെയ്യത്തെ കൺകുളിർക്കെ കണ്ട ജീവിതയാത്രാനുഭവം

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കണ്ണൂരിലെ തെയ്യങ്ങളോട് ജീവിത കഥ പറയുമ്പോൾ കാലിൽ ചിലമ്പ് ഇട്ട ദൈവങ്ങൾ നൽക്കുന്ന സ്നേഹവും , അനുഗ്രഹവും വാക്കുകൾക്കും വർണ്ണനാതീതം. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം കലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നു കാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു (ഉദ:കതിവന്നൂർ വീരൻ) ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.

കാലിൽ ചിലമ്പിട്ട കണ്ണൂരിലെ ദൈവങ്ങളെ എന്റെ മനസ്സിലെ അമ്പലമില്ലാത്ത ശ്രീകോവലിൽ ഞാൻ അറിയാതെ പ്രതിഷ്ഠിച്ചു. കണ്ണൂരിലെ ഓരോ കാവുകളും ഒരു പാട് ഓർമ്മകൾ സമ്മാനിക്കുണ്ട് അതുപോലെ കാവുകളും , തെയ്യവും എന്നും മനസ്സിൽ ഒരു വിശ്വാസമായി നിലനിൽക്കും. “യാത്ര അറിയും തോറും അകലം കൂടുന്ന മഹാ സാഗരം അലഞ്ഞിട്ട് ഉണ്ട് അതും തേടി മൂന്ന് വർഷക്കാലമായി, ഏതൊരു സഞ്ചാരിയുടെയും യാത്രകളുടെ ഓർമ്മകൾക്ക് സ്വർണ്ണത്തിനെക്കാൾ വിലയായിരിക്കും .”

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് , ജീവിതം യാത്രയിൽ മുഴക്കുമ്പോൾ നെഞ്ചോട് ചേർന്നന്റെ കൈകളെ വിടാതെ നീ മുറികെ പിടിക്കുമെങ്കിൽ യാത്രകളുടെ നിഴലായി ഞാൻ ഉണ്ടാകും ഈ മണ്ണോട് ചേരും വരെ. ഒറ്റക്കായെന്ന് തോന്നിയാൽ പ്രണയിച്ച് തുടങ്ങും ഈ പ്രകൃതിയെ. കാത്തിരുന്ന് ഒരു നൂറ് ജന്മം തീർക്കേണ്ടി വന്നാലും എന്റെ അമ്മയ്ക്കും, യാത്രകൾക്കും പകരം മറ്റാർക്കും സ്ഥാനമില്ല.

മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗം കിട്ടുമെന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടിലേ പക്ഷേ നമ്മൾ ഒന്ന് ചിന്തിച്ച് നോക്കിയാൽ മനിസാലാക്കും , നമ്മുടെ ഈ ഭൂമി തന്നെയാണ് സ്വർഗ്ഗം ഇവിടെ ജീവിക്കാൻ ആയുസ്സ് കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം. യാത്രകൾക്ക് അറിയില്ലലോ ഞാൻ യാത്രകളെ അത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്. കണ്ട കിനാവിലെ കാണാ കാഴ്ചകൾ
തേടി അലയണം.

ഇതാ എന്റെ പ്രിയപ്പെട്ട സ്നേഹിതരുടെ മുന്നിലേക്ക് വ്യത്യസ്തയാർന്ന ഒരു യാത്ര വിവരണം. സ്വപ്നങ്ങളെ സഞ്ചിയിലാക്കി നഗരം വിട്ട് ഗ്രാമങ്ങളിലേക്കും അവിടുത്തെ മനോഹരമായ യാത്രകളിലേക്കും പോകാം. എന്റെ ഗ്രാമം പച്ച പുതച്ച പാടങ്ങൾ സ്നേഹം നിറഞ്ഞ നാട് എന്റെ നാട് കണ്ണൂർ. ദൈവത്തിന്റെ മണ്ണിലേക്ക് വിരുന്നെത്തിയ അതിഥി ഞാൻ ഒരു നാടിന്റെ ദൃശ്യാവിശ്ക്കാരമായ തെയ്യത്തെ കൺ കുളിർക്കേ കാണാൻ.

ജീവിതം പോലെ തന്നെ ചില കലകളും അനന്ത സാഗരമാണ്. നിമിഷ നേരം കൊണ്ട് നമ്മുടെയെല്ലാം മനസ്സിനെയും ശരീരത്തിനെയും ചലനം കൊണ്ട് വിസ്മരിപ്പിക്കുന്ന ദൈവത്തിന്റെ മാന്ത്രിക വിദ്യയാണ് തെയ്യം. മൂന്ന് വർഷത്തെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തെയ്യം കാണണം എന്നത്. ആഗ്രഹങ്ങൾക്ക് പിന്നാലെ മനസ്സിന് പറന്ന് പോകാൻ കഴിയും പക്ഷേ നേർ കാഴ്ച നല്ക്കുന്ന മനോഹാരിത അത് ഒന്ന് വെറെ തന്നെ. ശ്രീ എ പി ജെ അബ്ദുൾ സലാം സർ പറഞ്ഞതു പോലെ “നിങ്ങളുടെ സ്വപ്നം സഫലമാക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സ്വപ്നമുണ്ടായിരിക്കണം”.

എന്റെ ജീവൻ ഈ യാത്രകളാണ് യാത്രകളാണ് എന്നെ ജീവിപ്പിക്കുന്നതും. ഒരു പാട് തവണ എഴുത്തുകളിലൂടെ കണ്ണൂരിലെ പ്രകൃതി മനോഹരമായ കണ്ട് കാഴ്ചകൾ എഴുതാൻ ശ്രമിക്കുമ്പോഴും, സ്നേഹ സമ്പന്നരുടെ നാട് തന്നെയാണ് കണ്ണൂർ എന്ന് ഈ നിമിഷം ഞാൻ എടുത്തു പറയുന്നു. കാരണം തെയ്യത്തിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന നാട് എന്റെ നാട് കണ്ണൂർ.

പ്രിയപ്പെട്ട സുഹ്യത്തായ കണ്ണൂരുക്കാരൻ Jithin Nambiar Kirath ഈ വർഷം തെയ്യം കാണാൻ കണ്ണൂരിലേക്ക് ക്ഷണിച്ചത്. അങ്ങനെ കഴിഞ്ഞ ജനുവരി 29 തീയതി കെല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേക്ക് തെയ്യം കാണാൻ യാത്ര ആരംഭിച്ചു. ജിതിന്റെ നാട് ശ്രീകണ്ഠപുരം, കുറുമാത്തൂരാണ് അവിടെ ആശാരി കോട്ടം കുറുമാത്തൂർ കാവിൽ ബാലി തെയ്യവും, പട്ടുവം നീലങ്കോൽ ശ്രീ വയനാട്ട് കുലവൻ ക്ഷേത്രത്തിൽ കണ്ടനാർ കേളൻ തെയ്യവും ആണ് ഞാൻ കണ്ടത്.

ബാലി തെയ്യത്തിന്റെ വെള്ളാട്ടം – തെയ്യത്തിന്റെ ചെറിയ രൂപമാണ്‌ വെള്ളാട്ടം അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങൾക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങൾക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം, തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂർ‌വ്വം ചില തെയ്യങ്ങൾക്കു മാത്രമേ തോറ്റം, വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങൾ കാണുകയുള്ളു.

രാവിലെ ശ്രീ പറശ്ശിനിക്കടവ് ശ്രീ_മുത്തപ്പൻ ക്ഷേത്ര സന്നിദ്ധിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. തേടിയെത്തുന്നവരുടെ മനസ്സും ഒപ്പം വയറും നിറയ്ക്കുന്ന അപൂർവ്വ ദേവസ്ഥാനങ്ങളിലൊന്ന്. ജാതിയുടെയോ , മതത്തിന്റെയോ വർണ്ണത്തിന്‍റെയോ ഒന്നും മാറ്റി നിർത്തലുകളോ അവഗണനകളോ ഒന്നുമില്ലാതെ ഏതു പാതി രാത്രിയിലും ആർക്കും കയറിച്ചെല്ലുവാൻ കഴിയുന്ന സന്നിധി. മലബാറുകാരുടെ ശക്തിയും കൈത്താങ്ങുമായ പറശ്ശിനി മുത്തപ്പൻ ഒരു വിശ്വാസം എന്നതിലുപരി ഒരഭയസ്ഥാനമാണ്.

ബാലി തെയ്യം – വിശ്വ വിശ്രുതമായ രാമായണ കഥയിലെ ശ്രീരാമ ഭക്തനായ ബാലി തന്നെയാണ്. സുഗ്രീവ സഹോദരനായ ബാലി രാമ ബാണമേറ്റ് വീരമൃത്യു വരിച്ചപ്പോൾ ആ ധീരനെ ആരാധ്യ പദവിയിലേക്ക് ഉയർത്തിയതാണ് ശ്രീരാമദേവൻ. ദൈവക്കരുവായി,തെയ്യമായി , ശ്രീ ബാലി ഭക്‌തരെ അനുഗ്രഹിക്കാന്‍ കാവുകളില്‍ ഉറഞ്ഞാടുകയാണ്. ഇന്ന് എന്റെ മനുഷ്യായുസ്സിലെ പ്രധാനപ്പെട്ട ദിവസമായിരുന്നു .

“ദുഃഖങ്ങൾ ഒരു പാട് ഉണ്ട് തമ്പുരാനെ, പക്ഷേ നിരാശ ഇല്ലെനിക്ക്. തമ്പുരാൻ തന്ന അനുഗ്രഹത്തോളം വരില്ലലോ അതൊന്നും.” അനുഗ്രഹം എനിക്കും കിട്ടി ആശാരി കോട്ടം കുറുമാത്തൂർ കാവിൽ നിന്നും. മനുഷ്യയുസ്സിലെ ഈ നിമിഷം ഒരിക്കലും മറക്കാനാവാത്ത നിമിഷം. വെയിലേറ്റ് വാടിയ കാവിലെ തെയ്യവും ഞാനും കൊതിച്ചത് ഒരു കൈ കുമ്പിൾ ദാഹജലം മാത്രമാണ്.

ഭഗവതി_തെയ്യം – കനൽ കൊണ്ട് കണ്ണെഴുതി, രുദ്ര ഭാവങ്ങളുടെ മുഖ ചാന്ത് പൂശി, ചുട്ട് പൊള്ളുന്ന വേനൽ ചൂടിൽ ദൈവം ഭൂമിയിലേക്ക് ഇറങ്ങി. ശാന്തിയുടെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും പ്രതീകമാക്കാൻ കാവുകളിൽ ഭഗവതി തെയ്യം.

ഗുളികൻ തെയ്യം – പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരു വിരല്‍ പൊട്ടി പിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്ര പ്രസാദിയുമായ ദേവനാണ് ഗുളികന്‍. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷതയാണ്. മലബാറിലെ കാവുകളിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണു ഗുളികൻ തെയ്യം.

കണ്ടനാർ കേളൻ തെയ്യം – ദൈവത്തിലേക്കുള്ള കനലാട്ടം… “ഭക്തിയുടെ ചൂടിനെ തോൽപ്പിക്കാൻ കനലിനാവുമോ?” തെയ്യം അനുഷ്ഠാന കലാരൂപത്തിൽ സൗന്ദര്യത്തിന്റെ മൂർത്തി ഭാവമാണ് കണ്ടനാർ കേളൻ. തെയ്യം കലാരൂപത്തിൽ തന്റെ പ്രൗഡിയും, തലയെടുപ്പും, ഒളിമങ്ങാതെ കണ്ടനാർ കേളൻ തെയ്യം കൺ കുളിർക്കേ കണ്ട സമയവും, നിമിഷവും ഒരു മനുഷ്യായുസ്സിലെ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്.

“അഗ്നിയിൽ വീണ് ഉഴലും നേരത്ത് അന്ന് ആരുമില്ല സഖേ എനിക്ക് അഗ്നി മാത്രം. കണ്ടുടൻ മേലേടത്ത് അമ്മ അപ്പോൾ വാഴക നീ വളർക നീ കണ്ടനാർ കേളാ…” എത്രയോ അർത്ഥമാർന്ന വരികൾ. ജീവിതം ഒറ്റപ്പെടലിന്റെ വേദനയിൽ ഓരോ നിമിഷവും എരിഞ്ഞ് അടങ്ങുമ്പോൾ ഒരു മനുഷ്യായുസ്സ് മുഴുവൻ കണ്ടനാർ കേളന്റെ അനുഗ്രഹവും വാങ്ങി ഞാൻ ഇതൊക്കെ കൂടെ നിന്ന് കാണാൻ എന്റെ അമ്മ മാത്രം എനിക്കൊപ്പവും.

ദൈവം കണ്ണൂരിന്റെ ഭൂമിയിലേക്ക് ഇറങ്ങി പുലർച്ചെ നാല് മണിക്ക് പട്ടുവം, നീലങ്കോൽ ശ്രീ വയനാട്ട് കുലവൻ ക്ഷേത്രത്തിൽ. തീയ്ക്ക് നടുവിലൂടെ കൈ മെയ് മറന്ന് നിറഞ്ഞാടുന്ന കണ്ടനാർ കേളൻ തെയ്യം… ചില നേർകാഴ്ചകൾ ഒരു പാട് നേരം നോക്കി നിന്നു പോകും അതാണ് കണ്ടനാർ കേളൻ, ഓരോ തെയ്യത്തിന്റെയും മുഖത്തെഴുത്ത് മനോഹരമാണ്.

രക്തചാമുണ്ഡി തെയ്യം – രക്തബീജസുരന്റെ ദുഷ് പ്രവർത്തിയിൽ കോപിതയായ പാർവതി ദേവിയുടെ തിരുമൊഴിയിൽ നിന്ന് ജനിച്ച കാളിയാണ് രക്ത ചാമുണ്ഡി. അതിഭീകരമായ യുദ്ധത്തിൽ രക്താസുരന്റെ രക്തം കുടിച്ചതിനാൽ രക്ത ചാമുണ്ഡി എന്ന് വിളിക്കുന്നത്.

“സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി ദേവി അമ്മേ നമോസ്തുതേ” ചെറുകുന്ന് പോനാപ്പള്ളി ശ്രീ പുതിയ ഭഗവതി കോട്ടം കാവിലാണ് ഈ തെയ്യം ഞാനും കണ്ണൂർ അഴീക്കോട് സ്വദേശി Jaseer Hamsu ഇക്കയും ചേർന്ന് കണ്ടത് ഇവിടെ ഉള്ള കാര്യം Byju Keezhara ചേട്ടൻ മുഖേനയാണ് അറിയുന്നത് #പൂകുട്ടി ശാസ്തപ്പൻ തെയ്യം, പുതിയ ഭഗവതി, വിഷ്ണു മൂർത്തി തെയ്യവും കണ്ട് ഈ വർഷത്തെ തെയ്യം കാഴ്ചകൾ കണ്ട് സായൂജ്യമടഞ്ഞു.

ഫോട്ടോകൾ നൂറ് കഥകൾ പറയും പക്ഷേ കണ്ണിലെ കാഴ്ചകൾ ഒരേ ഒരു കഥയേ പറയൂ. അതുപോലെ തന്നെ കണ്ടനാർ കേളന്റെ ഫോട്ടോഗ്രഫിയും, വീഡിയോ ചിത്രീകരണം അതിസാഹസികത നിറഞ്ഞ ഒന്നാണ്. അതു മാത്രമല്ല കേളൻ അവതരിച്ചു കഴിഞ്ഞാൽ നമ്മുടെ കണ്ണും മനസ്സും കണ്ടനാർ കേള നൊപ്പം ഇഴുകി ചേർന്ന് പോകും അതും ഒരു കാരണമാണ്.

ഈ മനോഹരമായ കാഴ്ചകൾ കാണുമ്പോൾ ആണ് യാത്രകളെ വീണ്ടും വീണ്ടും ഞാൻ സ്നേഹിക്കുന്നത്. ഇതൊക്കെ കാണാതെ പോയാൽ എത്രയാ നഷ്ട്ടം? കാണണം കണ്ട് കൊണ്ടേയിരിക്കണം.

നാളെയുടെ അരുണോദയം പുതിയ പ്രതീക്ഷകൾ കൊണ്ടാണ് നന്മ നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ സ്നേഹവും, സമാധാനവും, നന്മയും നിറഞ്ഞ ഒരായിരം യാത്രകൾ പോകാൻ എന്റെ പ്രിയപ്പെട്ടവർക്ക് സാധിക്കട്ടെ. അടുത്ത വർഷ തെയ്യക്കാഴ്ചകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.