കാന്തല്ലൂരിനടുത്ത് കൊടുംകാട്ടിനുള്ളിലെ ഒരു മഡ് ഹൗസ്

വിവരണം – Farooque Edathara.

പ്രിയ സുഹൃത്ത് റണ്‍ദീപാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനടുത്തുള്ള പുത്തൂരിലെ മഡ് ഹൗസ് ചിത്രങ്ങള്‍ അയച്ചുതന്നത്. ഫോട്ടോസ് കണ്ടപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായി. വിശദമായി കാര്യങ്ങള്‍ അന്വേഷിച്ച് വെള്ളിയാഴ്ച താമസം ഉറപ്പാക്കി. ഗൂഗിള്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ പെരിന്തൽമണ്ണയിൽ നിന്നും ആറ് മണിക്കൂര്‍ യാത്ര?! കുടുംബത്തോടൊപ്പമായതുകൊണ്ട് തന്നെ ഞാന്‍ ഒറ്റക്ക് ഡ്രൈവ് ചെയ്യണം. വ്യാഴാഴ്ച വരെ വീട്ടുകാരും ഞാനും ശങ്കിച്ചു. പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കാന്തല്ലൂര്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

കാടിനുള്ളില്‍ ബി എസ് എന്‍ എല്‍ സിമ്മിന് മാത്രമേ അല്‍പ്പമെങ്കിലും റേഞ്ചെന്ന് തലേ ദിവസം റനീഷേട്ടൻ പറഞ്ഞതിനാൽ ഒരു സിമ്മും കൈയില്‍ കരുതി. പാലക്കാട്- പൊള്ളാച്ചി-ഉടുമല്‍പേട്ട് – ചിന്നാര്‍ വൈല്‍ഡ് സാങ്ച്വറി – കോവിലക്കടവ് – കാന്തലൂര്‍ വഴി ഒടക്കണിയിലേക്ക്. ചിന്നാര്‍ കാടും, ആനമലൈ കാടിലൂടെയുമുള്ള യാത്ര അവിസ്മരണീയമാണ്. ബൈക്കിലാണേൽ പൊളിക്കും. മനോഹരമായ കാഴ്ചകളും കണ്ട് കാടിനുള്ളിലൂടെ തിളിര്‍മയാര്‍ന്ന കാറ്റേറ്റ് കിടിലന്‍ റോഡിലൂടെയുള്ള യാത്ര. കാടിനുള്ളിലെ ചില ഭാഗങ്ങളിൽ വാഹനം നിർത്തിയിട്ട് കാഴ്ചകൾ കണ്ടിരിക്കുകയും ചെയ്യാം. ആനയിറങ്ങുന്ന ചില ഭാഗങ്ങളുണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കണം.

മറയൂരും, പഴങ്ങളുടെ നാടായ കാന്തല്ലൂരും കടന്ന് പൂത്തുർ പ്രദേശത്തെ ആനന്ദവൻ എക്കോ മഡ് ഹൗസിലേക്ക്. ഗൈഡ് സോമുവിനൊപ്പം മൂന്ന് കിലോ മീറ്ററോളം ഓഫ് റോഡ് യാത്ര. ഉച്ചക്ക് രണ്ട് മണിയായിട്ടും നല്ല തണുപ്പ്. കാടും കാഴ്ചകളും മുകളില്‍ എത്തിയതും ശരീരം തുളയ്ക്കുന്ന മഴയും എടുത്തു കൊണ്ടു പോകുന്ന കാറ്റും. 20 ഏക്കറിൽ പരന്ന് കിടക്കുന്ന വനത്തിനുളളിൽ നാല് മഡ് ഹൗസും, കിച്ചണും, ട്രീ ഹൗസും ഒപ്പം പുതുതായി പണിയുന്ന ഡോർമെട്ടറിയും. ക്യാമ്പുകളും, മീറ്റിംഗുകളും നടത്താൻ പറ്റിയ സ്ഥലം.

കാടിനുളളിൽ കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങൾ. ചുറ്റും യൂക്കാലിപ്സ് മരങ്ങളിൽ നിന്നുമുള്ള തിളിർമയാർന്ന കാറ്റേറ്റിരിക്കാൻ വല്ലാത്തൊരു സുഖം തോന്നി. ഏസിയോ ഫാനോ റൂമിലില്ല. തികച്ചും മണ്ണിനാൽ പണിത റൂമുകൾ. നിറയെ ചെടികളും, മരങ്ങളും, പഴ വർഗങ്ങളും. ബാഗും, സാധനങ്ങളുമെല്ലാം റൂമിൽ വെച്ച് കാഴ്ചകൾ കാണാനായി പുറത്തേക്കിറങ്ങി. ഹൈറേഞ്ച് ആയതു കൊണ്ട് തന്നെ പോകുന്ന വഴിയിലുടനീളം മനോഹരമായ വ്യൂ പോയിന്റുകളും, പച്ചപുതച്ച് കോടയിൽ മുങ്ങിയ കാഴ്ചകൾ.. പ്രകൃതിയെ സ്നേഹിക്കുനവർക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഇവിടം ഇഷ്ടപ്പെടും. തീർച്ച.. നിരവധി കാഴ്ചകൾ കണ്ട് ഫോട്ടോകളെല്ലാം മൊബൈലിലാക്കി രാത്രി ഒമ്പതോടെ ചപ്പാത്തിയും, ചിക്കൻ കറിയും, കടലക്കറിയും കഴിച്ച് ഉറക്കത്തിലേക്ക്…

Day – 2 : പുലർക്കാല കാഴ്ചകൾ കാണാൻ ആറ് മണിയോടെ എണീറ്റു. റൂമും പരിസരവും കോടയിൽ മുങ്ങി നിൽക്കുന്നു. വെള്ളച്ചാട്ടങ്ങളുടെ കളകളാരവും പക്ഷികളുടെ ചിൽ..ചിൽ ശബ്ദവും കേട്ടിരിക്കാൻ വല്ലാത്തൊരു സുഖം. ഫോണിന് റേഞ്ചില്ലാത്തതിനാൽ മറ്റൊരു ശല്യവുമില്ല. മുകളില്‍ നിന്ന് കോട ഇടക്ക് പോയി താഴെ തെളിഞ്ഞു കാണുന്ന ഒരു കാഴ്ച ഉണ്ട് മാസ്മരികമാണ്. ഒമ്പതരയോടെ ഇഷ്ട വിഭവമായ പുട്ടും കടലയും കഴിച്ച് നോട്ടക്കാരൻ സോമുവിനോടും ചേച്ചിയോടും യാത്ര പറഞ്ഞ് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒടക്കണ്ണിയിലെത്തി ജോർജേട്ടന്റെ തോട്ടത്തിൽ നിന്ന് നാല് കിലോ പ്ലംസും, സബർ ജില്ലും, ചോളവും കുറച്ച് വെളുത്തുള്ളിയും വാങ്ങിച്ച് ചിന്നാറിലേക്ക് യാത്ര തിരിച്ചു.