കാന്തം പോലൊരു വെള്ളച്ചാട്ടം : വയനാടിൻ്റെ സ്വന്തം കാന്തൻ പാറ

വിവരണം – അരുൺ വിനയ്.

900 കണ്ടി അന്വേഷിച്ചുള്ള പോക്കിനിടയില്‍ വഴി വക്കിലെ ചേട്ടന്‍റെ കടയിലൊരു കട്ടന്‍ ചായ നുണയാന്‍ ഇരിക്കുമ്പോഴാണ്, KTDC-യുടെ ബോര്‍ഡില്‍ “കാന്തന്‍പാറ വെള്ളച്ചാട്ടം” എന്ന് കണ്ടത്. കടക്കാരൻ ചേട്ടനോട് ചോദിച്ചപ്പോ നേരെ പോയിട്ട് കിഴക്കോട്ടു വച്ചു പിടിച്ച മതിയെന്നൊരു കമന്റും കക്ഷി പാസ്സാക്കി. അത് പിന്നെ ഞങ്ങൾ തിരോന്തോരംകാരു ഇടത്താട്ടും, വലത്താട്ടും പറഞ്ഞു ശീലിച്ചിടത്തു എനിക്കുണ്ടോ വല്ല പിടിയും പിന്നെ രണ്ടും കൽപ്പിച്ചു ഗൂഗിൾ പെങ്ങളെയും കൂട്ടി വച്ചു പിടിച്ചു.

ചെമ്പ്ര പീക്കും സൂചിപ്പാറയും ഉൾപ്പടെയുള്ള മിക്കവാറും സ്വർഗ്ഗകവാടങ്ങളും പൂട്ടിട്ടു പൂട്ടി ടൂറിസം വകുപ്പ് ആരോടൊക്കെയോ പകരം വീട്ടുമ്പോള്‍ ഇങ്ങനെയുള്ള കുറച്ചു സ്ഥലങ്ങള്‍ മാത്രമാണ് നമ്മളെ പോലെയുള്ളവർക്കു ഒരു ആശ്വാസം. പണ്ടെപ്പോഴോ സുജിത്തേട്ടന്റെ ‘Tech Travel Eat’ വ്ലോഗ്ഗില്‍ കണ്ടുള്ള പരിചയം മാത്രമാണ് എനിക്കും കാന്തൻപാറയ്ക്കും ഇടയിൽ ഉണ്ടായിരുന്നത്. എന്തായാലും വയനാട് എക്സ്പ്ലോര്‍ ചെയ്യാന്‍ ഇറങ്ങിയ സ്ഥിതിക്ക് പറ്റുന്ന സ്ഥലങ്ങള്‍ അത്രയും കണ്ടു മടങ്ങാനുള്ള പ്ലാനുമായിട്ടു തന്നെ മുന്നോട്ട് പോകാമെന്നു ഞാനും ഉറപ്പിച്ചു.

മേപ്പാടിയില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ മാറിയാണ് കാന്തന്‍ പാറ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന് ഈ പേര് വന്നതിന്റെ കഥ എന്താണെന്നു വച്ചാൽ എനിക്കും അറിയില്ല. പക്ഷെ എവിടെയോ വായിച്ചത് പോലെ നമ്മള് മനിഷന്മാരെ കാന്തം പോലെ ആകർഷിക്കുന്നത് കൊണ്ടാവാം ചിലപ്പോ അങ്ങനെ വിളിച്ചു തുടങ്ങിയത്.

കാപ്പിതോട്ടങ്ങൾക്കും മുളങ്കാടുകള്‍ക്കും ഇടയിലൂടെ കുറച്ചു ഉള്ളിലേക്ക് കടന്നു തുടങ്ങുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഇങ്ങനെ കാതിൽ കേട്ടു തുടങ്ങും. അവിടെ ചെന്ന് പ്രവേശന പാസ്‌ എടുക്കുന്ന കൗണ്ടറിലെ ഗൂര്‍ഖ ചേട്ടന്റെ മുറിയില്‍ കെട്ടും ഭാണ്ഡവുമൊക്കെ ഇറക്കി വച്ച് 40 രൂപ പാസ് എടുത്തു. ഉള്ളിലേക്ക് എത്തുമ്പോൾ തന്നെ ആദ്യം ശ്രെദ്ധിക്കുന്ന ഒരു കാര്യമുണ്ട്. സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഒഴിച്ച് തിരക്ക് കുറവാണ്, അത് കൊണ്ട് തന്നെ ചപ്പു ചവറുകളും പ്ലാസ്റ്റിക്കുകളും വളരെ കുറച്ചു മാത്രമേ ഉള്ളു.

ഉള്ളിലേക്ക് കയറുമ്പോള്‍ ആദ്യം കാണുന്ന ഭാഗത്തായി സഞ്ചാരികള്‍ക്ക് സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യങ്ങൾ ടൂറിസം വകുപ്പ് തന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും പാറകള്‍ക്ക് മുകളിലൂടെ കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ താഴേക്കു ഇറങ്ങുമ്പോള്‍ വെള്ളച്ചാട്ടത്തെ കാണാം. ആർത്തുലച്ചു താഴേക്കു പതിക്കുന്ന വെള്ളത്തെ വാരി പുണരാനൊക്കെ തോന്നിപോകും. പക്ഷെ ആ തോന്നലിലെ അപകടം മുൻകൂട്ടി അറിഞ്ഞത് കൊണ്ടാവണംടൂറിസം വകുപ്പ് അവിടേക്കുള്ള വഴി കെട്ടിയടച്ചു വെള്ളച്ചാട്ടത്തെ ദൂരെ നിന്നും മാത്രം ആസ്വദിക്കാനുള്ള വഴി ഒരുക്കിയത്.

വായിച്ചറിഞ്ഞതില്‍ വളരെ ചെറുതായിരുന്നു എങ്കിലും മഴ സമയം ആയത് കൊണ്ട് തന്നെ നല്ല ഒഴുക്കുള്ള അവസ്ഥയില്‍ ആയിരുന്നു ഇവിടം.ഏകദേശം 50ലക്ഷം രൂപയോളം ചിലവഴിച്ചായിരുന്നു വനഭൂമി ആയിരുന്ന ഇവിടം ടൂറിസ്റ്റ് കേന്ദ്രമാക്കിമാറ്റിയത്. ഒഴിവു ദിവസങ്ങളൊക്കെ ഒട്ടും ബോറടിക്കാതെ ചിലവഴിക്കാവുന്ന ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം.