കഴക്കൂട്ടത്തെ ആനന്ദ് ഹോട്ടലിലെ ബീഫിൻ്റെ രുചി…എന്റമ്മോ…

വിവരണം – ‎Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

ഒരു ഉച്ച കഴിഞ്ഞ സമയം ഇവിടേയ്ക്ക് ഇറങ്ങി. കഴക്കൂട്ടം ആനന്ദിലേക്ക്. രുചിയറിഞ്ഞു ചെന്നതാണ്. പെറോട്ടയും ബീഫ് ഫ്രൈയും മുന്നിലെത്തി. ബീഫ് ഫ്രൈയിലെ ആദ്യത്തെ കഷ്ണം എടുത്ത് വായിൽ വച്ചപ്പോൾ തന്നെ ആ രുചിയുടെ നിറവറിഞ്ഞു. അമ്മാതിരി ബീഫ്. പൊളിയോട് പൊളി. ബീഫിന്റെ ഈറ്റില്ലങ്ങളിൽ ഒരു പേരും കൂടിയായി.

പന്ത്രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ കടയാണ്. റോഡ് സൈഡിൽ ആണെങ്കിലും കണ്ടു പിടിക്കാൻ ഒരൽപം ബുദ്ധിമുട്ടിയേക്കാം. കഴക്കൂട്ടം മാർക്കറ്റ് ബസ്സ്റ്റോപ്പിലേക്കുള്ള വൺവേയിലേക്ക് പോകുമ്പോ ഇടത് വശത്തായി കാണാം ഈ ഹോട്ടൽ. ഹോട്ടൽ കഴിഞ്ഞ് കുറച്ച് മുന്നേയായി എതിർവശത്തായി കോർപ്പറേറ്റീവ് ബാങ്ക് കാണാം.

ആനന്ദ് ഹോട്ടൽ വന്ന വഴികൾ  – ശ്രീ ബിജുവാണ് ഇതിന്റെ ഉടയോൻ. 35 വർഷങ്ങൾക്കപ്പുറം ശ്രീ ബിജുവിന്റെ അപ്പൂപ്പനായ (അമ്മയുടെ അച്ഛൻ) ശ്രീ ശ്രീധരൻ തുടങ്ങി വച്ച രുചിയിടമാണ് ആനന്ദ്. ശ്രീ ബിജുവിന്റെ അച്ചനും ശ്രീ ശ്രീധരന്റെ മകളുടെ ഭർത്താവുമായ ശ്രീ സദാനന്ദിന്റെ പേരിലെ ഒരു ഭാഗമായ ആനന്ദാണ് ഹോട്ടലിന്റെ പേരായി നല്കിയത്. മരുമകനായ ശ്രീ സദാനന്ദ് അദ്ദേഹത്തെ സഹായിക്കാൻ ഉണ്ടായിരുന്നെങ്കിലും പൂർണമായും ശ്രീ ശ്രീധരന്റെ മേൽനോട്ടത്തിൽ ആണ് എല്ലാം നടന്നിരുന്നത്.

ശ്രീ ശ്രീധരന്റെ കാലശേഷം ശ്രീ സദാനന്ദ് ആനന്ദിലെ കാര്യങ്ങൾ നോക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് സുഖമില്ലാതെ ആയതിനാൽ 15 വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ മകനായ ശ്രീ ബിജു മുഴുവൻ ഉത്തരവാദിത്തങ്ങളോടെ ഹോട്ടൽ ആനന്ദ് ഏറ്റെടുക്കുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ മകന്റെ പേരും ആനന്ദ് എന്നാണ്. മകന്റെ ജനന സമയം ആനന്ദ് എന്ന് പേരുള്ള ഒരു ഡോക്ടർ മകനുള്ള ഒരു പ്രശ്നം കണ്ടു പിടിച്ചു. അത് പെട്ടന്ന് പരിഹരിച്ചത് കൊണ്ടുള്ള ബഹുമാനാർത്ഥം നൽകിയതാണ് ആ പേര്. ചുരുക്കി പറഞ്ഞാൽ അന്വേഷിച്ചാൽ എവിടെയും ഒരു ആനന്ദ മയം. ഈ ആനന്ദം ഇവിടത്തെ ബീഫ് കഴിക്കുന്നവരിലേക്കും പകരും എന്നതാണ് വേറെ ഒരു സത്യം.

എന്താണ് ഇവിടത്തെ ബീഫിന്റെ രുചിയിലെ രഹസ്യം? വർഷങ്ങളായി ഒരേ സ്ഥലത്തു നിന്നാണ് ബീഫിനുള്ള മാംസം വാങ്ങിക്കുന്നത്. അതും മുന്തിയ വിലയ്ക്ക് അതിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തി. എല്ല് ചേർക്കാതെ ഫ്ലെഷ് മാത്രമുള്ള ബീഫാണ് വാങ്ങിക്കുന്നത്. അത് പോലെ മസാല കൂട്ടുകളൊക്കെ കഴുകി ഉണക്കി പൊടിച്ചെടുക്കകയാണ് ചെയ്യുന്നത്. മസാലയ്ക്കുള്ള ചേരുവകളും പ്രത്യേക രീതിയിൽ ആണ് തയ്യാറാക്കുന്നത്. ഉടയോരായി വന്നവരല്ലാതെ വേറെ ആർക്കും ഇതിന്റെ ചേരുവയുടെ കൂട്ടിന്റെ രഹസ്യം ഇത് വരെ കൈമാറിയിട്ടില്ല. പാചകത്തിന്റെ സമയമാകുമ്പോൾ മാത്രമാണ് പ്രത്യേകം തയ്യാറാക്കിയ ഈ മസാല കൂട്ട് ആവശ്യത്തിനുള്ളത് പാചകക്കാർക്ക് നല്കുന്നത്.

രാവിലെ 9 മണി മുതൽ രാത്രി 10:30 വരെയാണ് കടയുടെ സമയം.രാവിലെ മുട്ട കറി, തക്കാളി, ഗ്രീൻപീസ്, വീശപ്പം, പെറോട്ട, ചപ്പാത്തി, ചിക്കൻ കറി മുതലായവ തയ്യാറാകും. ഉച്ചയ്ക്ക് പ്രധാനമായും 4 തരത്തിലുള്ള ബിരിയാണിയാണ്. എഗ്ഗ് ബിരിയാണി – 60, ബീഫ് ബിരിയാണി – 90, ചിക്കൻ ബിരിയാണി – 100, വെജിറ്റബിൾ ബിരിയാണി – 50 എന്നിങ്ങനെയാണ് വില. ചിക്കൻ കറിയൊക്കെ ഉച്ചയ്ക്കേ തീരും. വൈകുന്നേരം, രാത്രി ബീഫ് കറി, ബീഫ് ഫ്രൈ, ബീഫ് ചില്ലി, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ മുതലായവ തയ്യാറാകും.

ചായ, ജ്യൂസ് ഇല്ല. പകരം നല്ല ജീരക വെള്ളം ആണ് ഇവിടെ കൊടുക്കുന്നത്. ബീഫ് കറി, ബീഫ് ഫ്രൈ ആണ് തുടക്കം മുതൽ ഇവിടെ ഉണ്ടായിരുന്നത് . പിന്നെയാണ് ബിരിയാണി തുടങ്ങിയവ പുതിയതായി വന്ന് ചേർന്നത്.

ആമ്പിയൻസ് അങ്ങനെ പറയാൻ കഴിയാത്ത ഒരു ചെറിയ നാടൻ കടയാണ്. വൃത്തി അങ്ങേയറ്റം ശ്രദ്ദിക്കുന്നതു കൊണ്ടും രുചി നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നത് കൊണ്ടും ഈ മാറിയ കാലഘട്ടത്തിലും പുതിയ തലമുറയിലെ യുവതി യുവാക്കൾ ഇവിടെ വരാറുണ്ട്. ടെക്കീസിന്റെ ഇഷ്ടപെട്ട ഒരു ഭക്ഷണ താവളം ആണ് ഇവിടെ.

കഴക്കൂട്ടത്തെ ബീഫിന്റെ ഈ രുചിയിടം മറക്കണ്ട. അന്നന്നുള്ളത് ഉണ്ടാക്കി അന്ന് തന്നെ തീർക്കുന്ന രീതിയിലാണ് ചെയ്യുന്നത്. ചുരുക്കി പറഞ്ഞാൽ വിശ്വസിച്ചു കഴിക്കാം. ആനന്ദ് നമ്മളെ നിരാശപ്പെടുത്തില്ല. Seating Capacity: 12, Timings: 9:00 AM to 10:30 PM.