കൊറോണയെ വകവെക്കാതെ ജീവൻ രക്ഷിക്കാനിറങ്ങിയ നാട്ടുകാർക്കൊരു സല്യൂട്ട്

2020 ആഗസ്റ്റ് 7… കേരളക്കരയ്ക്ക് ദുരന്തത്തിനു മേൽ ദുരന്തം സമ്മാനിച്ച കറുത്ത ദിവസം. രാവിലെ മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽപ്പെട്ട് ആളുകൾ മരിക്കുകയും, നാല്പതിലേറെപ്പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൻ്റെ ഞെട്ടൽ മാറും മുന്നേ, നേരമിരുട്ടിയ നേരത്ത് കേട്ടത് ഭീകരമായ മറ്റൊരു വാർത്തയായിരുന്നു. കരിപ്പൂർ എയർപോർട്ടിലെ റൺവേയിൽ നിന്നും വിമാനം തെന്നിമാറി താഴേക്ക് പതിച്ചിരിക്കുന്നു.

സാധാരണയായി ഇത്തരമൊരു വിമാനാപകടം ഉണ്ടാകുകയാണെങ്കിൽ അതിലെ 95% ആളുകളും ജീവനോടെയുണ്ടാകാൻ സാധ്യത കുറവായിരിക്കും. എന്നാൽ കരിപ്പൂരിൽ മരണസംഖ്യ 19 ആയിരുന്നു. മൂന്നക്കത്തിലേക്ക് പോകേണ്ട മരണസംഖ്യയെ പിടിച്ചു നിർത്തി ജീവനുകൾ രക്ഷിച്ചത് ആദ്യം സംഭവ സ്ഥലത്തെത്തിച്ചേർന്ന നാട്ടുകാർ ആയിരുന്നു. പിന്നീടാണ് പോലീസും ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയുമെല്ലാം എത്തിയത്.

രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ്‌ കാലവും ശാരീരിക അകലവുമൊന്നും ആരും ഓർത്തില്ല. ഗൾഫിൽ നിന്നും വരുന്ന പ്രവാസികളെ ഭീതിയോടെ അകറ്റി നിർത്തിയ സംഭവങ്ങളുണ്ടായ നമ്മുടെ നാട്ടിൽ തങ്ങളുടെ ജീവൻ കൊടുത്തും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാൻ ആളുകളുണ്ട് എന്നു മനസ്സിലാക്കിത്തന്ന ഒരു സംഭവം കൂടിയാണിത്. കൊറോണ മൂലം കണ്ടെയ്‌ൻമെൻറ് സോണായ നാട്ടിലെ ഊടുവഴികളെല്ലാം തുറന്ന് സ്വന്തം വാഹനങ്ങളുമായി സംഭവ സ്ഥലത്ത് അവരെത്തി. ആംബുലൻസുകൾക്കായി അവർ കാത്തു നിന്നില്ല. വിവരം അറിഞ്ഞവരെല്ലാം സ്വന്തം കാറുകളിലും മറ്റുമായി രക്ഷാപ്രവർത്തനത്തിനായി പാഞ്ഞെത്തി. ഈ വണ്ടികളിലേക്ക് എടുത്ത്‌ വെയ്ക്കുന്ന ജീവനുകളേക്കാൾ വിലയുള്ളതായി അവർക്ക്‌ ആ സമയത്ത്‌ മറ്റൊന്നും തോന്നിയിട്ടുണ്ടാകില്ല.

എല്ലാവരും ഉണർന്നു പ്രവർത്തിച്ചതു മൂലം അപകടം സംഭവിച്ച് ഒന്നര മണിക്കൂറിനുള്ളിൽ എല്ലാവരെയും ആശുപത്രികളിൽ എത്തിക്കുവാൻ സാധിച്ചു. ഇതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞതും. എങ്കിലും 19 ജീവനുകൾ പൊലിഞ്ഞു പോയ വിഷമത്തിലാണ് ആ നാട്ടുകാർ.

ആശുപത്രിയിലും സേവന സന്നദ്ധരായി എല്ലാവരുടെയും മനസ്സു നിറച്ചു നല്ലവരായ മലപ്പുറംകാർ. പരിക്കേറ്റവരുടെ ബന്ധുക്കളെ വിവരമറിയിക്കുവാനും, ഒറ്റപ്പെട്ടു പോയ കുട്ടികൾക്ക് താങ്ങായും, രക്തം നല്കുവാനുമൊക്കെ വലിപ്പച്ചെറുപ്പം നോക്കാതെ, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ അവരെല്ലാം മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു. കോവിഡില്ല, സാമൂഹ്യ അകലമില്ല, ആർക്കും ഒരു പേടിയുമില്ല. ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാൻ തനിക്കായാൽ അതു തന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറെ പച്ച മനുഷ്യർ. നുഷ്യൻ എന്ന മഹാപദത്തിന്റെ മുഴുവൻ അർഥവും ആവാഹിച്ച കുറെ സാധാരണക്കാർ.

മലപ്പുറംകാരുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ വിനയത്തോടെ തല കുനിക്കുമ്പോൾ, മൂന്നാർ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടവരെ രക്ഷിക്കാൻ കൈയും മെയ്യും മറന്നിറങ്ങിയവരെയും നമ്മൾ മറക്കുവാൻ പാടില്ല. ഇത് കേരളമാണ്… പരസ്പ്പരം പലതും പറഞ്ഞുകൊണ്ട് ഓൺലൈൻ യുദ്ധം നടത്തുമെങ്കിലും ഒരു ആപത്തു വന്നാൽ എല്ലാവരും ഒറ്റക്കെട്ടാണെന്നു വീണ്ടും നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ… ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് കണ്ണീരോടെ ആദരാഞ്ജലികൾ നേരാം. ബാക്കിയുള്ളവർക്ക് ദുരന്തം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരികെ വരുവാനുള്ള ധൈര്യവും കരുത്തും ലഭിക്കട്ടെ…