കൊച്ചിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ലക്ഷദ്വീപിലേക്ക്

കുറെ നാളായുള്ള എൻ്റെ ആഗ്രഹമായിരുന്നു പണ്ടുമുതൽക്കേ പറഞ്ഞു കേട്ടിട്ടുള്ള ലക്ഷദ്വീപ് ഒന്ന് നേരിട്ടു കാണണം എന്ന്. അനാർക്കലി എന്ന സിനിമ കണ്ടതോട് കൂടി ആ ആഗ്രഹം അങ്ങ് കലശലായി. അങ്ങനെ ഒടുവിൽ ലക്ഷദ്വീപിലേക്കുള്ള എൻ്റെ യാത്ര സഫലമായി. BONVO യുടെ മാനുക്ക വഴിയാണ് എൻ്റെ ലക്ഷദ്വീപ് യാത്ര റെഡിയായത്. ആദ്യം മുതൽ അവസാനം വരെയുള്ള മുഴുവൻ പ്ലാനിംഗുകളും മാനുക്കയുടെ വക.

അങ്ങനെ ഞാനും മാനുക്കയും കൂടി ലക്ഷദ്വീപിലേക്ക് പോകുവാനായി തയ്യാറായി. ലക്ഷദ്വീപിലേക്ക് പോകുവാൻ വേണ്ട പെർമിറ്റ് എല്ലാം മാനുക്ക മുൻകൈയെടുത്തു തയ്യാറാക്കി. വിമാനത്തിലായിരുന്നു ഞങ്ങളുടെ യാത്ര. കൊച്ചി എയർപോർട്ടിൽ നിന്നും ലക്ഷദ്വീപിലെ അഗത്തി എയർപോർട്ടിലേക്ക് എയർ ഇന്ത്യയുടെ ചെറിയ വിമാനം സർവ്വീസ് നടത്തുന്നുണ്ട്. അതിൽ ടിക്കറ്റുകളും ബുക്ക് ചെയ്തു.

അങ്ങനെ ഞങ്ങൾ യാത്ര പോകുന്ന ദിവസം വന്നെത്തി. ഞാനും മാനുക്കയും കൂടി എയർപോർട്ടിൽ എത്തിച്ചേർന്നു. രാവിലെ എട്ടരയോടെ ഞങ്ങൾ ഗേറ്റിലൂടെ കടന്നു ബസ്സിൽ കയറി വിമാനത്തിലേക്ക് നീങ്ങി. വിമാനത്തിനടുത്തു നിന്നുകൊണ്ട് ഫോട്ടോകൾ എടുക്കുവാൻ ശ്രമിച്ച ഞങ്ങളെ അവിടെയുണ്ടായിരുന്ന ജീവനക്കാർ വിലക്കി. അങ്ങനെ ഞങ്ങൾ വിമാനത്തിനകത്തേക്ക് കയറി.

എനിക്ക് വിൻഡോ സീറ്റ് ആയിരുന്നു ലഭിച്ചിരുന്നത്. വിൻഡോയിൽ ആകെ അഴുക്കും മെഴുക്കും പുരണ്ടതിനാൽ പുറം കാഴ്ചകൾക്ക് ചെറിയൊരു മങ്ങൽ അനുഭവപ്പെട്ടിരുന്നു. ഏകദേശം രാവിലെ 9 മണിയോടെ ഞങ്ങളുടെ വിമാനം ടേക്ക്ഓഫ് ചെയ്തു. കൊച്ചി എയർപോർട്ടിന്റെ ആകാശദൃശ്യങ്ങളും പിന്നിട്ട് വിമാനം കടലിനു മുകളിലേക്ക് നീങ്ങി.

വിമാനം പറന്നുയർന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ യാത്രക്കാർക്ക് സ്‌നാക്‌സ്, വെള്ളം തുടങ്ങിയവയുമായി എയർഹോസ്റ്റസ്മാർ എത്തിച്ചേർന്നു. ഏകദേശം ഒരു മണിക്കൂർ പറക്കലിനു ശേഷം ഞങ്ങൾ ലക്ഷദ്വീപിലെ അഗത്തി എയർപോർട്ടിന് മുകളിലെത്തിച്ചേർന്നു. വളരെ മനോഹരമായ ദൃശ്യമായിരുന്നു അഗത്തി എയര്പോര്ട്ടിന്റേത്. പൈലറ്റ് വിമാനം ചെരിച്ചു കുത്തി ഞങ്ങളെയൊക്കെ ഒന്ന് പേടിപ്പിച്ച ശേഷം നേരെ എയർപോർട്ടിലെ റൺവേയിലേക്ക് ലാൻഡ് ചെയ്തു. വിമാനം റൺവേയിൽ തൊടുന്നതു വരെ കടലിലാണോ ലാൻഡ് ചെയ്യുന്നതെന്നു തോന്നിപ്പോയി.

അങ്ങനെ ലക്ഷദ്വീപിൽ ഞങ്ങൾ കാൽ കുത്തി. യാതൊരു തിരക്കും ഒച്ചയും ബഹളവുമൊന്നും ഇല്ലാത്ത ഒരു എയർപോർട്ട് ആയിരുന്നു അത്. കൊച്ചിയിൽ വിമാനത്തിനടുത്തു നിന്ന് ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞെങ്കിലും അഗത്തിയിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല.

വിമാനമിറങ്ങിയ ശേഷം ഞങ്ങൾ ചെറിയൊരു കെട്ടിടത്തിലേക്ക് കയറി. എയർപോർട്ട് ടെർമിനൽ ആയിരുന്നു അതെന്ന് ഞാൻ മനസ്സിലാക്കിയത് പിന്നീടായിരുന്നു. യാത്രക്കാരുടെ ലഗേജുകൾ ഒരു വണ്ടിയിൽ കയറ്റി ഒരു റൂമിൽ കൊണ്ട് വരും. അവരവരുടെ സാധനങ്ങൾ അവിടെ നിന്നും കളക്ട് ചെയ്യണം. പെർമിറ്റ് ഒക്കെ ലഭിച്ചു, ഞങ്ങൾ ലഗേജുകൾ എടുത്ത ശേഷം എയർപോർട്ട് കെട്ടിടത്തിന് വെളിയിലേക്ക് ഇറങ്ങി.

അവിടെ ഞങ്ങളെയും കാത്ത് ഞങ്ങൾക്ക് പെർമിറ്റുകൾ ശരിയാക്കി തന്ന നാസർ ഇക്ക ഉണ്ടായിരുന്നു. എയർപോർട്ടിൽ നിന്നും ഞങ്ങൾ ഒരു ചെറിയ ഓട്ടോ ടാക്സിയിൽ കയറി നാസർ ഇക്ക ഞങ്ങൾക്കായി തയ്യാറാക്കിയ വീട്ടിലേക്ക് യാത്രയായി. ഇരുവശവും ബീച്ച്, നടുവിലൂടെ ചെറിയ കോൺക്രീറ്റ് റോഡ്.. അതിലൂടെ ഞങ്ങൾ സഞ്ചരിച്ചു. വളരെ മനോഹരമായ, നമ്മുടെ നാട്ടിൽ അന്യം നിന്നുപോയെന്നു പറയാവുന്ന ഗ്രാമക്കാഴ്ചകൾ ആയിരുന്നു ഞങ്ങൾക്ക് ആ യാത്രയിൽ ദൃശ്യമായത്.

അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ നാസർ ഇക്കയുടെ വീട്ടിൽ എത്തിച്ചേർന്നു. അവിടെ നിന്നും കരിക്ക് ഒക്കെ കുടിച്ച ശേഷം ഞങ്ങൾ ബീച്ചിനടുത്ത് താമസിക്കുവാൻ സാധിക്കുമോ എന്ന് നാസർ ഇക്കയോട് ചോദിച്ചു. ഇക്ക സെറ്റാക്കിത്തരാം എന്ന് വാക്ക് നൽകുകയും ചെയ്തു.

ദ്വീപിലെ യാത്രയ്ക്ക് ഏറ്റവും സുഖകരം സൈക്കിളോ ബൈക്കോ ഒക്കെയാണ്. നാസർ ഇക്ക ഞങ്ങൾക്ക് സഞ്ചരിക്കുവാൻ ഒരു ബൈക്ക് ഏർപ്പാടാക്കി തന്നു. ഞാനും മാനുക്കയും ഒരു ബൈക്കിലും നാസർ ഇക്ക മറ്റൊരു ബൈക്കിലുമായി യാത്ര തുടങ്ങി. പോകുന്ന വഴി ഒരു ചായക്കടയിൽ നിന്നും ദ്വീപ് സ്പെഷ്യൽ ചായയും കടികളും കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു. പോകുന്ന വഴി ധാരാളം പരിചയക്കാരെ (ഫോളോവേഴ്സ്) കണ്ടുമുട്ടിയിരുന്നു.

അങ്ങനെ പോയിപ്പോയി ഞങ്ങൾ ബീച്ചിനു തൊട്ടടുത്തുള്ള ഒരു ചെറിയ റിസോർട്ടിൽ എത്തിച്ചേർന്നു. നാസർ ഇക്ക ഞങ്ങൾക്കായി അവിടെ റൂം പെട്ടെന്ന് തന്നെ തരപ്പെടുത്തി. റിസോർട്ടിന് മുൻ വശത്തെ ബീച്ച് വളരെ മനോഹരം തന്നെയായിരുന്നു. ഫോട്ടോകളിലും സിനിമകളിലുമൊക്കെ കണ്ട പോലെ നല്ല ഇളംനീല നിറമായിരുന്നു കടലിലെ വെള്ളത്തിന്. അടിപൊളി തന്നെ.

ഇനിയുള്ള അഞ്ച് ദിവസങ്ങൾ ലക്ഷദ്വീപിലെ കാഴ്ചകൾ കാണുവാനും അവിടത്തെ നല്ലവരായ ആളുകളുടെ സ്നേഹം മനസ്സിലാക്കുവാനുമായി മാറ്റി വെച്ചിരിക്കുകയാണ്. ആ വിശേഷങ്ങളെല്ലാം ഇനി അടുത്ത എപ്പിസോഡിൽ കാണാം. ലക്ഷദ്വീപ് യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക്, Contact BONVO: 9446404216.