സൂര്യകാന്തി പൂത്തുനിക്കണ കാഴ്ച കാണാൻ കൊച്ചിയിൽ നിന്നും സുന്ദരപാണ്ഡ്യപുരത്തേക്ക്

വിവരണം – Shijo&Devu_The Travel Tellers.

സ്വർണശോഭ വിടർത്തി നിൽക്കുന്ന സൂര്യകാന്തി പൂക്കൾ സോഷ്യൽ മീഡിയയിൽ നിന്ന് സ്വപ്നത്തിന്റെ സംഗീതമായി നിദ്രയുടെ പടിവാതിലിൽ ശ്രുതി മീട്ടാൻ തുടങ്ങി. എന്നു വച്ചാൽ സൂര്യകാന്തി പൂത്തു നിക്കണ പ്രൊഫൈലുകള് കണ്ട് കിളി പോയപ്പോൾ കുഞ്ഞാവയേം പൊക്കി ഞങ്ങളും പോയി സുന്ദരപാണ്ഡ്യപുരത്തേക്ക്.

കൊച്ചിയിൽ നിന്ന് രാവിലെ 6 മണിക്ക് തുടങ്ങിയ യാത്ര ആലപ്പുഴയും കൊല്ലവും കടന്ന് തെങ്കാശി എത്തിയപ്പോൾ സമയം ഉച്ചയോട് അടുത്തിരുന്നു. തല ഉയർത്തി നിൽക്കുന്ന കാറ്റാടി പാടങ്ങളും വിളഞ്ഞു നിൽക്കുന്ന പച്ചക്കറി തോട്ടങ്ങളും കടന്ന് ഞങ്ങൾ സാംബവാർ വടകരൈ എത്തി. പച്ചക്കറിത്തോട്ടങ്ങളും പാടങ്ങളും നിറഞ്ഞ ഒരു തമിഴ് കർഷക ഗ്രാമമണ് സാമ്പവാർ വടകരൈ.

റോഡരികിൽ കേരള രജിസ്ട്രേഷൻ വണ്ടികൾ വരിവരിയായി പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു എന്താ സംഭവം എന്നറിയാൻ വണ്ടി നിർത്തിയ ഞങ്ങളുടെ ബാല്യo മാത്രമല്ല വാർദ്ധക്യം വരെ പകച്ചു പോയി! പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളും അതിനു നടുവിൽ കുറേ ടിക്ടോക്ക് ഉം സെൽഫി പ്രാന്തൻമാരും. ഇവർ ഒക്കെ എന്താ ഇവിടെ? ഇനി ഇവിടെ എന്തേലും ഫ്രീ ആയി കൊടുക്കുന്നുണ്ടോ ആവോ. ആന കരിമ്പിൻ തോട്ടത്തിൽ കയറിയാൽ ഉള്ള ‘that’ അവസ്ഥ. ട്രാവലർ ഒക്കെ പിടിച്ച് ഫാമിലി ആയിട്ടാണ് പലരും വന്നിരിക്കുന്നത്. അവധി ദിവസമായിട്ട് ഇവർക്കൊക്കെ വീട്ടിൽ ഇരുന്നൂടെ (ആത്മഗതം).

ഈ ടിക്ടോക്ക് ഷൂട്ടിങ്ങ് കാണാനാണോ തമ്പുരാനേ കൊച്ചീന്ന് 230 കിലോമീറ്റർ ഡ്രൈവ്! എന്തായാലും നനഞ്ഞു. അത് കൊണ്ട് അല്പം കൂടി മുന്നോട്ടു പോയി. കുറച്ചു കഴിഞ്ഞപ്പോൾ അധികം തിരക്കില്ലാത്ത ഒരു പൂപ്പാടത്തിൽ വണ്ടി നിർത്തി. വരമ്പിലുടെ ഞങ്ങളാ മഞ്ഞപ്പൂക്കൾക്ക് ഇടയിലേക്ക് ഇറങ്ങി. കുഞ്ഞാവ ആണേൽ സന്തോഷം കൊണ്ട് തുള്ളിച്ചാടാനും എൻറെ കയ്യിൽ നിന്ന് ഊർന്നിറങ്ങി പൂക്കൾ ക്കിടയിലൂടെ ഓടാനും തുടങ്ങി. കുഞ്ഞാവയുടെ മുഖത്തിന്റെ വലിപ്പമുണ്ട് പല പൂക്കളൾക്കും. എൻറെ വീടിൻറെ മുറ്റത്തുമുണ്ട് സൂര്യകാന്തി. പക്ഷേ ഈ പൂക്കളുടെ വകയിലെ അമ്മാവൻറെ മോളാണെന്ന് പോലും തോന്നില്ല അത്രയ്ക്ക് ചെറുതാ.

നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പൂക്കളുടെ ശോഭ. സൂര്യപ്രകാശത്തിൽ ആ പ്രദേശം മുഴുവൻ പ്രതിഫലിച്ചിരുന്നു. ഇത്രയധികം പൂക്കൾക്കിടയിലൂടെ അതിനെ തൊട്ടും തലോടിയും നടക്കാൻ വല്ലാത്തൊരു സുഖമായിരുന്നു. ചിത്രകഥളിലെ സൂര്യനും സൂര്യകാന്തിക്കും ഒരേ രൂപമായിരുന്നു. അതു കൊണ്ടാണോ അതോ സൂര്യനുദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയും സൂര്യന് അഭിമുഖമായിത്തന്നെ വിടർന്ന് നിൽക്കുന്നതുകൊണ്ടാണോ ഈ പേര് ഈ പൂവിന് വന്നത് എന്ന് നിശ്ചയമില്ല.

വലിയ പൂക്കളെ മനോഹരമാക്കിയിരുന്ന മഞ്ഞ ഇതളുകൾ വാടിക്കൊഴിഞ്ഞാൽ പിന്നെ ചെടിയിൽ വിത്ത് മാത്രമാകും. എണ്ണയെടുക്കാനാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. മലയാളികൾ വെളിച്ചെണ്ണയ്ക്ക് നൽകുന്ന പ്രാധാന്യം കർണാടകയിൽ സൂര്യകാന്തി എണ്ണയ്ക്കുമുണ്ട്. ചുറ്റുമുള്ള പൂപ്പാടങ്ങളിൽ വിളവെടുപ്പ് കഴിഞ്ഞു തുടങ്ങി. വിളവെടുപ്പോടെ ഈ മഞ്ഞപൂക്കാലം അവസാനിക്കുo. …ഇനി കാത്തിരിപ്പാണ് സൂര്യകാന്തി ശോഭ വിരിയുന്ന അടുത്ത വസന്ത കാലത്തിനായി.

സൂര്യകാന്തി പൂക്കളുടെ മണവും പേറിക്കൊണ്ട് സാംബവാർ വടകരൈയിലെ ചൂട് കാറ്റ് ഞങ്ങളെ കടന്നുപോയി. മഞ്ഞ വയലേലകളും ദൂരെ കാണുന്ന കാറ്റാടിയും സുഖമുള്ള ഒരു കാഴ്ചയാണ്. സൂര്യനെ നോക്കി കൺചിമ്മാതെ നിൽക്കുന്ന ആ പൂക്കളുടെ മഞ്ഞ ചായത്തിലൂടെ വിരലോടിച്ചു. കുറെ നേരം കൂടി അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചു പോന്നു.