‘മെട്രോ സിറ്റി’ വഴി ‘ലുലു മാളി’ലേയ്ക്ക് ഒരു കർക്കിടക തീർത്ഥാടനം

വിവരണം – Baiju B Mangottil.

പത്ത് കിലോമീറ്ററിൽ കൂടുതൽ വണ്ടിയിൽ ഇരുന്നാൽ 2 ദിവസം തല പൊങ്ങാതെ കിടക്കുന്ന അമ്മയും, തന്റെ ആടുകളെയും പട്ടിയെയും പട്ടിണിക്ക് ഇട്ടോണ്ട് തല പോയാലും അനങ്ങില്ലെന്നു പറയുന്ന അപ്പനെയും എങ്ങനെങ്കിലും പുകച്ച് പുറത്ത് ചാടിക്കണം എന്നത് പണ്ട് മുതൽക്കേ ഞങ്ങടെ വാശിയായിരുന്നു. മുൻപ് പല തവണ പലയിടത്തേയ്ക്കും കൊണ്ട് പോകാൻ ശ്രമിക്കുമ്പോഴും ഓരോ കാരണം പറഞ് ഒഴിയുന്നതാണ് രണ്ടാളുടേം സ്വഭാവം.

അതിനിടയ്ക്ക് കർക്കിടകം ഒക്കെ ആയപ്പോ അനിയൻ നൈസായിട്ട് ഒരു നൂലെറിഞ്ഞു നോക്കിയതാണ് നാലമ്പല തീർത്ഥയാത്ര. അമ്പലപ്പടിക്കൽ മഴയ്ക്ക് പോലും പോവാത്ത നിങ്ങക്കൊക്കെ ഇപ്പഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ എന്ന് കരുതിയാവണം പാവം രണ്ടു പേരും പുലർച്ചെ 4 മണിക്ക് തന്നെ റെഡി. പൈസ ചിലവുള്ള ഒരു പരിപാടിക്കും കൂട്ട് നിൽക്കാത്ത അമ്മ 2 നേരത്തേയ്ക്കുള്ള ആഹാരം വരെ ഉണ്ടാക്കി പായ്ക്ക് ചെയ്ത് വണ്ടിയിൽ കയറ്റി, കെട്ടിയോളെയും അനിയനേയും ഒപ്പം കൂട്ടി.

നേരെ ഗുരുവായൂർ തൃപ്രയാർ കേറി ഉമ്മറത്ത് നിന്ന് നാല് കറക്കം ഒക്കെ കറങ്ങി രണ്ടമ്പലം അവർക്ക് ദർശനം കൊടുത്തു. അത് കഴിഞ്ഞു സ്നേഹതീരത്ത് പോയി കടലും കണ്ട് ബാക്കി രണ്ട് അമ്പല ദർശനം കാത്ത് വണ്ടിയിൽ ഉറങ്ങി പോയവർ കണ്ണ് തുറക്കുന്നത് കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷന് മുൻപിൽ.

അടുത്ത അമ്പലത്തിലേയ്ക്കുള്ള എളുപ്പ വഴിയാണെന്നും പറഞ്ഞു രണ്ടാളെയും മ്മടെ പുതിയ മെട്രോയിൽ കയറ്റി. ശബ്ദം ഇല്ലാതെ ഓടുന്ന ട്രെയിനും അവിടുത്തെ എസ്കലേറ്ററും അമ്മയെ വല്ലാതെ തളർത്തിയിട്ടുണ്ട്. ആകെ അമ്പരപ്പാണ് രണ്ടാൾക്കും. “ഇതിനൊക്കെ പൈസാ കൊടുക്കണ്ടെടാ ഉണ്ണിയേ…” അതെ ഉള്ളു വിചാരം. വണ്ടി നേരെ ചെന്നിറങ്ങിയത് ലുലു മാളിന്റെ മുൻപിൽ.

ആദ്യം കുറെ പരിഭവം പറഞ്ഞ രണ്ടാളും മാളിൽ കേറിയതോടുകൂടി ഉഷാറായി മരുമോളെ മുറുകെ പിടിച്ചാണ് അമ്മയുടെ നടത്തം സംഗതി വേറൊന്നുമല്ല നല്ല ഷോർട്സും ടൈറ്റ്സും ഇട്ടോണ്ട് വരുന്ന പെമ്പിള്ളേരെ നോക്കി പരദൂഷണം പറച്ചിലാണ്. അപ്പൻ പിന്നെ മുണ്ടും മുറുക്കി കാര്യമായ നിരീക്ഷണത്തിലാണ്. 24 ലക്ഷം വിലയുള്ള tv നമ്മൾ എപ്പഴാണ്ട കുട്ടിയെ വാങ്ങണത് എന്നാണ് പുള്ളീടെ ആലോചന. ഒരു മൊട്ടു സൂചി പോലും ഇവിടുന്ന് വാങ്ങിപോകരുത് എന്നാണ് അമ്മയുടെ കല്പന.

ഒടുക്കം ഹൈപ്പർ മാർക്കറ്റിൽ നിന്ന് തീരാറായ ഓഫർ ഐറ്റംസ് കുറെ പർച്ചേസ് ചെയ്ത് തിരിച്ചിറങ്ങി. കൊച്ചിയുടെ മനോഹാരിതയൊക്കെ ആവോളം ആസ്വദിച്ച് ആവശ്യത്തിലേറെ പരദൂഷണവും പറഞ് മോന്തി നേരത്തോടുകൂടി കുതിരാൻ തുരങ്കവും കാണിച്ച് ഇരുട്ടുമ്പഴേക്കും പെരയിലെത്തിച്ചു.

കാര്യം നമുക്ക് പലർക്കും വളരെ നിസ്സാരമായി തോന്നാവുന്ന ഒരു സാധാരണ യാത്രയാണ് ഇതൊക്കെ. പക്ഷെ അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ മറക്കാനാവാത്ത വലിയ ഒരു അനുഭവം തന്നെ ആയിരുന്നു. ഒരു പക്ഷെ ഇത്രയും കാലത്തിനടയ്ക്ക് ഞാൻ നടത്തിയ യാത്രകളിൽ വച്ച് ഏറ്റവും വിലപ്പെട്ട ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ച യാത്രയാണിത്. എത്ര കടവും ബാധ്യതയും പ്രാരാബ്ധങ്ങളും ഒക്കെ ഉണ്ടെങ്കിലും അവയൊക്കെ മാറ്റി വച്ച് ഇതുപോലൊരു ദിവസമെങ്കിലും എല്ലാം മറന്ന് പ്രിയപ്പെട്ടവരോടൊപ്പം ചില ആഗ്രഹങ്ങൾ സഫലീകരിക്കണം അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ്.

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ… അത് കഴിഞ്ഞാ പിന്നെ നമ്മളൊക്കെ വിചാരിച്ചാലും അവർക്ക് ഇവിടൊന്നും എത്തിപ്പെടാൻ കഴിഞ്ഞെന്ന് വരില്ല അത്കൊണ്ട് തന്നെ അവരുടെയൊക്കെ ആഗ്രഹങ്ങൾക്ക് ഒരിക്കലും നമ്മൾ അവധി പറയാൻ നിൽക്കരുത്. ഇത്തരമൊരു അവസരം ഉണ്ടാക്കി തന്ന പ്ലാൻ മാസ്റ്റർ തമ്പിയ്ക്കും (Shaiju Mangode) അമ്മയെ തട്ടി കൂട്ടി പ്ലാനിൽ വീഴ്ത്തിയ കെട്ട്യോള്ക്കും നന്ദി..