ധാരാവിയും കൊമ്പനും; ആനപ്രേമിയുടെ വണ്ടിസാമ്രാജ്യം

കേരളത്തിൽ വണ്ടിപ്രാന്തന്മാർ പലതരത്തിലുണ്ട്. ചിലർക്ക് കാറുകളോടായിരിക്കും പ്രണയം, ചിലർക്ക് ടൂവീലറുകളോടും. എന്നാൽ അതിലും വ്യത്യസ്തരായ ചിലർക്ക് ബസ്സിനോടായിരിക്കും കമ്പം. അതിൽത്തന്നെ ടൂറിസ്റ്റ് ബസ്സുകളോട് പ്രണയമുള്ളവരുമുണ്ട്. കേരളത്തിലെ വണ്ടിപ്രേമികളെയൊന്നാകെ ഇളക്കിമറിച്ച ഒരു ടൂറിസ്റ്റ് ബസ്… അതാണ് കൊമ്പൻ. പേര് കേൾക്കുമ്പോൾ തന്നെ ഒരു രാജകീയ ഫീൽ അല്ലേ?

ഇന്ന് കേരളത്തിലെ കോളേജുകളിലും മറ്റും ടൂർ പോകുവാനായി ഏതു ബസ് വേണമെന്ന് പ്ലാൻ ചെയ്യുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേരാണ് കൊമ്പൻ. എങ്ങനെയാണ് കൊമ്പൻ ഹോളിഡേയ്‌സ് ടൂറിസ്റ്റ് ബസുകളിലെ രാജാവായി മാറിയത്? കൊമ്പനെക്കുറിച്ച് പറയുന്നതിനു മുൻപായി കൊമ്പനെ പുറത്തിറക്കിയ ഒരു മനുഷ്യനെക്കൂടി നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തേണ്ടതായുണ്ട്. ദീപു ശങ്കർ എന്ന കൊമ്പന്റെ സ്വന്തം മുതലാളിയെ.

കടുത്ത ആനപ്രേമിയായിരുന്ന ദീപു ഒരാനയെ വാങ്ങുവാനായി പണം സ്വരുക്കൂട്ടി. എന്നാൽ വീട്ടുകാരുടെ എതിർപ്പു മൂലം ആ പണം ഒരു ബസ് വാങ്ങുവാനായി ദീപു തീരുമാനിച്ചു. അങ്ങനെ അദ്ദേഹം 2018 ൽ ഒരു സെക്കൻഡ് ഹാൻഡ് ടൂറിസ്റ്റ് ബസ് വാങ്ങി. അപ്പോഴും തൻ്റെ ആനപ്രാന്ത് വിട്ടുകളയാൻ ദീപുവിനു മനസ്സു വന്നില്ല. വാങ്ങിയ ബസ്സിന്‌ ‘കൊമ്പൻ’ എന്ന പേര് നൽകി തൻ്റെ മുടങ്ങിപ്പോയ സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചു. വ്യത്യസ്ത ശൈലിയിലുള്ള കൊമ്പൻ എന്ന എഴുത്തും, ഡിസൈനുകളും, ഒപ്പം അധോലോകം എന്ന എഡിഷൻ നെയിമും ആ സെക്കൻഡ് ഹാൻഡ് ബസ്സിനു ശരിക്കും ഒരു ആനച്ചന്തം നൽകി.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ‘കൊമ്പൻ’ കോളേജ് വിദ്യാർത്ഥികളുടെയും വണ്ടിപ്രേമികളുടെയും ഹൃദയം കീഴടക്കി. മുതലാളിയോടൊപ്പം കട്ടയ്ക്ക് നിൽക്കുന്ന നല്ല ജീവനക്കാർ കൂടിയായപ്പോൾ കൊമ്പൻ ഹോളിഡേയ്‌സ് എന്ന സാമ്രാജ്യം ഉടലെടുക്കുകയായിരുന്നു. അധോലോകം എഡിഷന് പിന്നാലെ പിന്നീട് നാലു ബസ്സുകൾ കൂടി കൊമ്പന്റെ ഗാരേജിൽ എത്തിച്ചേർന്നു. ദാവൂദ്, കാളിയൻ, യോദ്ധാവ്, ബോംബെ തുടങ്ങിയവയാണ് ആ കൊമ്പന്മാർ.

ഇതുകൊണ്ടൊന്നും തീർന്നില്ല, കൊമ്പന്റെ ഗാരേജിനുമുണ്ട് ഒരു പ്രത്യേകത, വേറൊന്നുമല്ല ധാരാവി എന്നാണു ഗാരേജിന് പേര് നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കരക്കാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ധാരാവി ഇന്ന് വണ്ടിപ്രാന്തമാർ കൂട്ടത്തോടെ സന്ദർശിക്കുന്ന ഒരു കേന്ദ്രമാണ്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും വരുന്ന വണ്ടിപ്രാന്തന്മാരെ കൊമ്പന്റെ ഉടമ ദീപുവും ജീവനക്കാരുമെല്ലാം ഒരേപോലെ സ്വീകരിക്കുന്നു. കൊമ്പനെ കാണുവാനെത്തുന്ന ആരാധകരെല്ലാം സന്തോഷത്തോടെയല്ലാതെ ധാരാവിയിൽ നിന്നും മടങ്ങിപ്പോകാറില്ല.

കേരളത്തിലെ മറ്റു ടൂറിസ്റ്റ് ബസ്സുകളെക്കാൾ ഒരുപടി ഉയരത്തിലാണ് ഇന്ന് ജനഹൃദയങ്ങളിൽ കൊമ്പന്റെ സ്ഥാനം. ഒരിക്കൽ കൊമ്പനോടൊപ്പം യാത്ര ചെയ്തവർ പിന്നീട് വീണ്ടും കൊമ്പനെത്തന്നെ തേടിയെത്തുന്നത് ബസ്സിലെ സൗകര്യങ്ങളും, ജീവനക്കാരുടെ സൗഹാർദ്ദപരമായ പെരുമാറ്റവും അതിലെല്ലാമുപരി ഉടമയായ ദീപുവിന്റെ കട്ടസപ്പോർട്ടും ഒക്കെക്കൊണ്ടാണ്.
കൊമ്പൻ ഹോളിഡേയ്സിന് ഫേസ്‌ബുക്കിൽ മാത്രം രണ്ടര ലക്ഷത്തിലധികം ആരാധകരുണ്ട്.

കേവലം ഒരു സെക്കൻഡ് ഹാൻഡ് ബസ്സിൽ നിന്നും തുടങ്ങിയ കൊമ്പന്റെ ജൈത്രയാത്ര ഇന്ന് കേരളത്തിലെ മൊത്തം ടൂറിസ്റ്റ് ബസ്സുകളുടെ രാജാവ് എന്ന പദവിയിലെത്തി നിൽക്കുന്നു. കേരളത്തിൽ ടൂറിസ്റ്റ് ബസ്സുകൾക്ക് കളർകോഡ് വരുന്നുവെന്ന വാർത്ത വണ്ടിപ്രേമികളെയൊന്നാകെ വിഷമത്തിലാഴ്ത്തിയെങ്കിലും കൊമ്പൻ എന്നും കൊമ്പൻ തന്നെയായിരിക്കും എന്നാണു ആരാധകരെല്ലാം ഉറപ്പിച്ചു പറയുന്നത്. അതെ, ഇത് കൊമ്പനാണ്, വരുന്നത് ധാരാവിയിൽ നിന്നാണ്… ആരൊക്കെ എന്തൊക്കെ ചെയ്താലും കൊമ്പൻ്റെ തട്ട് എന്നും താണിരിക്കും.