ഊട്ടിയിലേക്ക് മൂന്നു സർവ്വീസുകൾ കൂടി ആരംഭിച്ചുകൊണ്ട് കെഎസ്ആർടിസി

അന്നുമിന്നും സാധാരണക്കാരുടെ സ്വിറ്റ്‌സർലൻഡ് ആണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. ഊട്ടിയിലേക്ക് കേരളത്തിൽ നിന്നും ഏറ്റവും ചെലവ് കുറച്ചു പോകുവാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം ബസ്സുകളാണ്. കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് കണ്ണൂർ, സുൽത്താൻ ബത്തേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഓരോ സർവ്വീസ് വീതമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോഴിതാ മൂന്നു സർവ്വീസുകൾ കൂടി ഊട്ടിയിലേക്ക് തുടങ്ങിക്കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് കെഎസ്ആർടിസി. പുതുതായി തുടങ്ങിയ സർവീസുകളുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

1 സുൽത്താൻ ബത്തേരി – ഊട്ടി – കോയമ്പത്തൂർ : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും കാലങ്ങളായി ഊട്ടി വഴി കോയമ്പത്തൂരിലേക്ക് ഒരു സർവ്വീസ് നടത്തുന്നുണ്ട്. അതേ റൂട്ടിൽ തന്നെയാണ് പുതിയ സർവ്വീസും വന്നിരിക്കുന്നത്. രാത്രി 9.30 നു സുൽത്താൻ ബത്തേരിയിൽ നിന്നും പുറപ്പെടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ് ചേരമ്പാടി, ദേവാല, ഗൂഡല്ലൂർ, വഴി ഊട്ടിയിൽ വെളുപ്പിന് 1 മണിയ്ക്ക് എത്തിച്ചേരും. അവിടുന്നും യാത്ര തുടരുന്ന ഈ ബസ് മേട്ടുപ്പാളയം വഴി കോയമ്പത്തൂരിൽ പുലർച്ചെ 3.45 നാണു എത്തിച്ചേരുന്നത്.

കോയമ്പത്തൂരിൽ നിന്നും തിരികെ രാവിലെ 11 മണിക്ക് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് ഒന്നരയോടെ ഊട്ടിയിലും, വൈകുന്നേരം 5.35 ഓടെ സുൽത്താൻ ബത്തേരിയിലും എത്തിച്ചേരും. നല്ലരീതിയിലുള്ള ജനപിന്തുണയുള്ള സർവ്വീസാണിത്. ഓൺലൈൻ റിസർവേഷൻ സൗകര്യവും ഈ സർവ്വീസിൽ ലഭ്യമാണ്.

2 മാനന്തവാടി – ഊട്ടി – കോയമ്പത്തൂർ : വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടേയും വിനോദ സഞ്ചാരികളുടേയും എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വയനാട്ടിലെ മറ്റൊരു പ്രധാന കേന്ദ്രമായ മാനത്താവടിയിൽ നിന്നും ഊട്ടി വഴി കോയമ്പത്തൂരിലേക്ക് പുതിയൊരു സർവ്വീസ് ആരംഭിക്കുവാൻ കാരണം.

മാനന്തവാടിയിൽ നിന്നും രാവിലെ 7.40 നു പുറപ്പെടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ് പനമരം, കൽപ്പറ്റ, മേപ്പാടി, ചേരമ്പാടി, ഗൂഡല്ലൂർ വഴി ഊട്ടിയിൽ 12.30 pm നു എത്തിച്ചേരും. അവിടെ നിന്നും മേട്ടുപ്പാളയം വഴി കോയമ്പത്തൂരിൽ ഈ ബസ് എത്തുന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്. കോയമ്പത്തൂരിൽ നിന്നും തിരികെ രാത്രി 8 മണിക്ക് എടുക്കുന്ന ഈ ബസ് ഊട്ടിയിൽ രാത്രി 10.35 നും കൽപ്പറ്റയിൽ വെളുപ്പിന് 2.35 നും, മാനന്തവാടിയിൽ പുലർച്ചെ 3.25 നും എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ഈ സർവ്വീസിൽ ലഭ്യമാണ്. മാനന്തവാടിയിൽ നിന്നും കോയമ്പത്തൂർ വരെ 249 രൂപയും ഊട്ടി വരെ 165 രൂപയുമാണ് ടിക്കറ്റ് ചാർജ്ജ്.

3. പാലക്കാട് – ഊട്ടി : പാലക്കാടുകാരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു പാലക്കാട് നിന്നും ഊട്ടിയിലേക്ക് ഒരു കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുകയെന്നത്. പാലക്കാട് നിന്നും ഊട്ടിയിലേക്ക് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സുകൾ വിജയകരമായി സർവ്വീസ് നടത്തിക്കൊണ്ടുപോയിരുന്നപ്പോൾ നമ്മുടെ കെഎസ്ആർടിസി കോയമ്പത്തൂർ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് പാലക്കാടുകാർക്ക് ഒരു അഭിമാനക്കുറവ് തന്നെയായിരുന്നു.

ആദ്യം തൃശ്ശൂരിൽ നിന്നുമായിരുന്നു ഈ സർവ്വീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് സൗകര്യാർത്ഥം പാലക്കാട്ടേക്ക് മാറ്റുകയാണുണ്ടായത്. പാലക്കാട് നിന്നും അതിരാവിലെ 6.30 നു പുറപ്പെടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ് കോയമ്പത്തൂർ, മേട്ടുപ്പാളയം വഴി ഊട്ടിയിൽ രാവിലെ 10.30 നു എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ മടക്കയാത്രയാരംഭിക്കുന്ന ബസ് വൈകീട്ട് 5.20 നു പാലക്കാട് എത്തിച്ചേരും.

മേൽപ്പറഞ്ഞ സർവ്വീസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക – കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799. ഓൺലൈനായി ടിക്കറ്റുകൾ മുൻകൂറായി റിസർവ്വ് ചെയ്യാൻ online.keralartc.com സന്ദർശിക്കുക. ചിത്രങ്ങൾക്ക് കടപ്പാട് – Sankalp, Aneesh.