കെഎസ്ആർടിസിയുടെ അർത്തുങ്കൽ – വേളാങ്കണ്ണി ബസ് തമിഴ്നാട്ടിൽ തടഞ്ഞു; പരക്കെ പ്രതിഷേധം…

കേരളത്തിൽ നിന്നുള്ള ക്രൈസ്തവ തീർത്ഥാടകർക്കും മറ്റു ദീർഘദൂര യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായ അഭിമാന സർവീസായ ചേർത്തല – അർത്തുങ്കൽ – വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് ഓടിത്തുടങ്ങിയിട്ട് ഒരാഴ്ചയേ ആകുന്നുള്ളൂ. ഈ ചെറിയ കാലയളവിൽത്തന്നെ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റുവാൻ ഈ സർവീസിനു കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്. എന്നാൽ ഈ സർവ്വീസിനെതിരെ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് അധികൃതരുടെ ഒത്താശയോടെ ചില നാണംകെട്ട കളികൾ അരങ്ങേറുന്നുണ്ട്.

കഴിഞ്ഞ ദിവസം വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 4.15 നു പുറപ്പെടേണ്ട ബസ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ജീവനക്കാരും സെക്യൂരിറ്റികളും ചേർന്ന് ഒന്നരമണിക്കൂറോളമാണ് തടഞ്ഞു വെച്ചത്. വേളാങ്കണ്ണിയിൽ നിന്നും വൈകീട്ട് 4.30 നുള്ള SETC യുടെ എറണാകുളം ബസ് പോയതിനു ശേഷം കെഎസ്ആർടിസി ബസ് പോയാൽ മതിയെന്ന നിലപാടാണ് അവർക്ക്. കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചതു മൂലം അവരുടെ SETC ഡീലക്സ് ബസ്സിന്റെ കളക്ഷൻ കുറയുന്നത്രേ എന്നാണു തമിഴ്‌നാട്ടുകാരുടെ വാദം.

മൂന്നോളം സെക്യൂരിറ്റി ജീവനക്കാരെ ബസ്സിനു മുന്നിൽ തടസ്സം നിർത്തിയാണ് കഴിഞ്ഞ ദിവസം അവർ സർവ്വീസ് മനപ്പൂർവ്വം വൈകിപ്പിച്ചത്. ഒപ്പം തന്നെ കെഎസ്ആർടിസി ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, ബസ്സിനു കല്ലെറിയും എന്നു പറയുകയുമുണ്ടായി. ഇതുമൂലം മലയാളികളായ യാത്രക്കാർ നന്നായി ബുദ്ധിമുട്ടിലാകുകയും ചെയ്തു. പ്രസ്തുത സംഭവത്തെതുടർന്നു യാത്രക്കാരനായ Bipinkumar N V ഗതാഗത മന്ത്രിയ്ക്കും കെഎസ്ആർടിസി എംഡിയ്ക്കും പരാതി അയയ്ക്കുകയുണ്ടായി. ആ പരാതിയുടെ ഉള്ളടക്കം താഴെ കൊടുക്കുന്നു..

“സർ, കേരളത്തിലെ ക്രൈസ്തവ തീർത്ഥാടകരെയും, ദീർഘ ദൂര യാത്രക്കാർക്കും ഏറെ സന്തോഷം ഉളവാക്കിയ പ്രെസ്റ്റീജ് സർവീസ് ആയ അർത്തുങ്കൽ -വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസ്, ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.ഈ സർവീസിനു ഒട്ടേറെ മികച്ച പ്രതികരണം ആണ് ഇത് വരെ ലഭിക്കുന്നത്. എന്നാൽ ഈ സർവീസ് സംബന്ധിച്ച് ചില ആശങ്കകൾ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിക്കും, ബഹുമാനപെട്ട KSRTC എംഡി ക്കും മുൻപാകെ പങ്കു വെക്കുകയാണ്.

ഈ സർവീസ് ദിവസവും വൈകുന്നേരം 4:15 നു വേളാങ്കണ്ണി പള്ളിയിൽ നിന്നും തിരിച്ചു ആർത്തുങ്കലിലേക്ക് പോകുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് (05.09.19) ദിവസം, വേളാങ്കണ്ണിയിലെ മറീന പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് നമ്മുടെ വേളാങ്കണ്ണി ബസ് തമിഴ്നാട് ബസ് ജീവനക്കാർ ഒന്നര മണിക്കൂർ തടഞ്ഞു വെക്കുകയും, ജീവനക്കാരെ ഭീഷണിപെടുത്തുകയും, ബസിനു കല്ലെറിയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബസ് എടുക്കാതെ ഇരിക്കാൻ 3 സെക്യൂരിറ്റി ജീവനക്കാരെ നിര്‍ത്തുകയും ചെയ്തു. SETC യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. 4.30 ന് SETC എറണാകുളം service പോയി 2 മണിക്കൂര്‍ കഴിഞ്ഞ് പോയാൽ മതി എന്നാണ്‌ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കിയത്.

ഈ സംഭവം മൂലം മലയാളികളായ ഒട്ടേറെ യാത്രക്കാർ ബുദ്ധിമുട്ടിലാകുകയും ചെയ്തു. ഈ സർവീസിന്റെ സമയക്രമം വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 3:50 PM നു തിരിച്ചു പോരുന്ന രീതിയിൽ ക്രമീകരിച്ചാൽ തമിഴ്നാട് ബസിനു ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ആകുകയും ചെയ്യും.അത് പോലെ തന്നെ ചേർത്തലയിൽ നിന്നും വേളാങ്കണ്ണിക്ക് നിലവിൽ വൈറ്റില ഹബ്ബ് വഴി പോകുന്നതിനാൽ, കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിലെ ഗതാഗത കുരുക്ക് മൂലം ഈ സർവീസ് മണിക്കൂറുകൾ വൈകി ആണ് എറണാകുളം നഗരം വിടുന്നത്. ഇത് മൂലം അങ്കമാലി, തൃശൂർ, പാലക്കാട്‌ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിൽ ആണ്.

ആയതിനാൽ ഈ സർവീസ് തോപ്പുംപടി -എറണാകുളം സ്റ്റാൻഡ് വഴി ആക്കിയാൽ സമയം ഒട്ടേറെ ലാഭിക്കാനാകും. കൂടാതെ എറണാകുളം സ്റ്റാൻഡിൽ വൈകുന്നേരം പാലക്കാട്‌, കോയമ്പത്തൂർ മേഖലകളിലേക്ക് സർവീസുകൾ കുറവും ആണ്. ഇത് മൂലം ഈ പോരായ്മ പരിഹരിക്കാനാകും. നിലവിൽ വൈറ്റില, കുണ്ടന്നൂർ, പാലാരിവട്ടം, എടപ്പാൾ ബ്ലോക്ക് മൂലം വേളാങ്കണ്ണി സർവീസിന്റെ കൂടെ ചെങ്ങന്നൂർ -പാലക്കാട്‌, തിരുവനന്തപുരം -പാലക്കാട്‌ സർവീസുകൾ ഒരുമിച്ചു ആണ് പോകുന്നത്. ഇത് KSRTC ക്ക് വരുമാന നഷ്ടം ആകാൻ ഇടയാക്കുന്നു.
എത്രയും വേഗം വേണ്ട നടപടി സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു.”

ഇനി പറയുവാനുള്ളത് കെഎസ്ആർടിസി ഉദ്യോഗസ്ഥരോടാണ്. ഇത്രയുമൊക്കെ സംഭവിച്ചിട്ടും ഇനിയും ക്ഷമയുടെ വഴി ഉപയോഗിക്കരുത്. തമിഴ്നാട് വണ്ടികൾക്ക് നമ്മുടെ സ്റ്റാൻഡുകളിൽ പ്രവേശന/ട്രാക്ക് പിടിക്കാൻ ഉള്ള സമയങ്ങളിൽ കർശന പരിശോധന നിങ്ങൾ തുടങ്ങുക. നമ്മുടെ പല വണ്ടികളും അവരുടെ സ്റ്റാൻഡുകളിൽ 1 മിനിറ്റ് കൂടുതൽ കിടന്നാൽ യുദ്ധം പ്രഖ്യാപിക്കുന്ന ആളുകൾ ആണ് അവർ. “പ്രതിഷേധിക്കുക” എന്നു പറഞ്ഞതുകൊണ്ട് ഒതുങ്ങുന്നില്ല. പ്രവർത്തിക്കുക തന്നെ വേണം. ഇന്ന് വണ്ടി ബലമായി പിടിച്ചിടുന്ന അവർ നാളെ നമ്മുടെ വണ്ടികൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കില്ല എന്ന് എന്താണൊരുറപ്പ്?