വധൂവരന്മാർക്ക് വാഹനമായി നെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി; കൗതുകമുണർത്തി ഒരു വിവാഹം…

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും അവരുടെ വിവാഹ ദിവസം. പുതിയ ട്രെൻഡ് അനുസരിച്ച് വിവാഹദിവസം വ്യത്യസ്തമാക്കുവാൻ മിക്കയാളുകളും ശ്രമിക്കാറുണ്ട്. കൂട്ടുകാരുടെ വക പണികൊടുക്കലുകൾ, വിവാഹത്തിന് ബെൻസ്, ഔഡി കാറുകൾ വാടകയ്‌ക്കെടുക്കൽ, വൃക്ഷതൈകൾ നടീൽ തുടങ്ങി നന്മയുള്ളതും കൗതുകമുണർത്തുന്നതുമായ നിരവധി കാര്യങ്ങൾ ചെയ്തുകൊണ്ട് ഓരോരുത്തരും അവരവരുടെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത ഒരു മുഹൂർത്തമാക്കി മാറ്റാറുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പാലക്കാട് ജില്ലയിലെ തത്തമംഗലം സ്വദേശിയും സാമൂഹ്യപ്രവർത്തകനുമായ ബൈജു മാങ്ങോട് തൻ്റെ വിവാഹം വ്യത്യസ്തമാക്കിയത് ഒരു കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുത്തായിരുന്നു. പൊതുവെ ചിലരൊക്കെ വ്യത്യസ്തതയ്ക്ക് കെഎസ്ആർടിസി ബസുകൾ വിവാഹത്തിന് എടുക്കാറുണ്ടെങ്കിലും ഇവിടെ ബൈജു വ്യത്യസ്തനായത് വിവാഹ വണ്ടി തന്നെ ഒരു കെഎസ്ആർടിസി ബസ് ആയിരുന്നു എന്നതിനാലാണ്.

2019 മെയ് 26 ഞായറാഴ്ച, പാലക്കാട് ജില്ലയിലെ മുതലമടയിലെ പോത്തൻപാടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു ബിജുവിന്റെയും മുതലമട സ്വദേശിനി സുസ്മിതയുടെയും വിവാഹം നടന്നത്. ഒരു കെഎസ്ആർടിസി പ്രേമി കൂടിയായ ബൈജു, കെഎസ്ആർടിസിയ്ക്ക് ഒരു താങ്ങായിക്കോട്ടെ എന്നു കരുതിയായിരുന്നു തന്റെ വിവാഹത്തിനായി ആഢംബര വാഹനങ്ങൾ ഒഴിവാക്കി സാധാരണക്കാരുടെ വാഹനമായ കെഎസ്ആർടിസി ബസ്‌ തന്നെ തെരഞ്ഞെടുത്തത്‌. ചിറ്റൂർ ഡിപ്പോയിലെ RPA 44 എന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിനായിരുന്നു കല്യാണച്ചെക്കന്റെ ശകടമാകുവാൻ ഭാഗ്യമുണ്ടായത്.

രാവിലെ തത്തമംഗലം മാങ്ങോട്ടുനിന്ന് ആരംഭിച്ച യാത്ര പോത്തംപാടത്തെ കമ്യൂണിറ്റി ഹാളിനു മുന്നിലേക്ക് ആയിരുന്നു. വിവാഹം എന്ന ബോർഡും വെച്ച്, മുന്നില്‍ നെറ്റിപ്പട്ടവും കരിമ്പനയുടെ നൊങ്കും, വശങ്ങളില്‍ വാഴ കൊണ്ടും അലങ്കരിച്ച്‌ പൂരത്തിനു വരുന്ന ആനയേക്കാള്‍ തലയെടുപ്പോടെയാണു വിവാഹസ്‌ഥലത്ത്‌ ബസ്‌ എത്തിയത്‌. വിവാഹം എന്ന ബോർഡിനു പുറമേ വധൂവരന്മാരുടെ പേര് വെച്ച ബോർഡും മുൻഗ്ലാസ്സിനു ഇരുവശങ്ങളിലുമായി വെച്ചിരുന്നു. ആനച്ചന്തവുമായി യാത്ര തുടങ്ങിയ ബസ് കണ്ട് വഴിയിലെ യാത്രക്കാരും കല്യാണ സ്ഥലത്തെ ആളുകളും അമ്പരന്നുപോയി.

ഹർത്താലുകൾ പോലുള്ള ദിവസങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ബലിയാടാകുന്നത് കെഎസ്ആർടിസി ബസ്സുകളാണ്. ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കപ്പെടുമ്പോൾ ആദ്യത്തെ ഇരയായ കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഉയർത്തിക്കാണിക്കുന്നതായിരുന്നു ഈ സ്പെഷ്യൽ യാത്രയെന്നു വരൻ ബൈജു പറയുന്നു. ഇങ്ങനെയൊരു പ്ലാൻ മുൻപേതന്നെ പറഞ്ഞപ്പോൾ, വധുവായ സുസ്മിത എല്ലാവിധ സപ്പോർട്ടും നൽകി കൂടെ നിൽക്കുകയാണുണ്ടായത്. എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ബൈജു. മുണ്ടൂര്‍ IRTC Integrated Rural Technology Centre ൽ പ്രോജക്ട് അസിസ്റ്റന്റാണ് സുസ്മിത. വിവാഹശേഷം വധൂവരന്മാർ കെഎസ്ആർടിസി ബസ്സിനൊപ്പം നിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തുകയും പിന്നീട് അതേ ബസ്സിൽത്തന്നെ വരന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്തായാലും സംഭവം വൈറലായതോടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വിവാഹം വാർത്തയായി.

ഇതിനുമുമ്പ്‌ കേരളത്തില്‍ കൊട്ടാരക്കരയിലെ ബൈജു എന്നുതന്നെ പേരുള്ള കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരനാണ്‌ ഇത്തരത്തില്‍ ആനവണ്ടി കല്യാണത്തിന്‌ ഉപയോഗിച്ചത്‌. അന്ന് വധൂവരന്മാർ കെഎസ്ആർടിസി ബസ്സിൽ കയറിപ്പോകുന്ന വീഡിയോ വൈറലായിരുന്നു. ആ വീഡിയോ കണ്ടിട്ടാണ് ഇപ്പോൾ തൻ്റെ വിവാഹത്തിനും ആനവണ്ടി തന്നെ തിരഞ്ഞെടുക്കുവാൻ മനസ്സിൽ ആഗ്രഹമുദിച്ചതെന്നു ബൈജു സമ്മതിക്കുന്നു.

ബൈജുവിനെപ്പോലെ വിവാഹങ്ങൾക്ക് നിങ്ങൾക്കും കെഎസ്ആർടിസി ബസ്സുകൾ വാടകയ്ക്ക് എടുക്കാവുന്നതാണ്. ഇതിനായി അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിലെ യൂണിറ്റ് ഓഫിസർമാരെ സമീപിച്ചാൽ മതിയാകും. വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, ബസ്സുകളുടെ ലഭ്യതയനുസരിച്ച് നമ്മുടെ ആവശ്യങ്ങൾക്കായി ബസ്സുകൾ വാടകയ്ക്ക് ലഭിക്കും. ഇതിനായുള്ള ചെലവ് ഇനി പറയുംവിധമാണ്. യാത്ര 5 മണിക്കൂറോ 100 കിലോമീറ്ററോ ആണെങ്കിൽ 8000 രൂപയും ജിഎസ്ടിയും, 6 മണിക്കൂറും 150 കിലോമീറ്ററിനും 10000 രൂപയും ജിസ്ടിയും, 8 മണിക്കൂറും 200 കിലോമീറ്ററിനും 12000 രൂപയും ജിഎസ്ടിയും ആണ് വാടകയായി നൽകേണ്ടത്. ഇതിൽ അധിക കിലോമീറ്ററിനു ഒരു കിലോമീറ്ററിനു 50 രൂപ വീതവും അധിക മണിക്കൂറിനു ഒരു മണിക്കൂറിനു 500 രൂപയും അധികമായി ഈടാക്കും. കൂടാതെ ബസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ തുക മുൻകൂറായി അടയ്ക്കണം.