‘ആനവണ്ടിയ്‌ക്കൊരു അള്ള്’ പ്രൈവറ്റ് ബസ് മുതലാളിയും ക്ളീനറും പിടിയിൽ

ചാലക്കുടി – മലക്കപ്പാറ റൂട്ടിലെ കെഎസ്ആർടിസി ബസ്സുകൾക്ക് അള്ളുവെച്ച വീരന്മാരെ പിടികൂടി. ഇതേ റൂട്ടിലോടുന്ന മരിയ എന്ന പ്രൈവറ്റ് ബസ്സിൻ്റെ ഉടമ വെട്ടിക്കുഴി വാഴപ്പറമ്പിൽ ജേക്കബ്ബ്, മരിയ ബസ്സിലെ ജീവനക്കാരനായ മലക്കപ്പാറ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.

കുറച്ചു നാളുകളായി മലക്കപ്പാറ റൂട്ടിലെ കെഎസ്ആർടിസി ബസ്സുകളുടെ ടയറുകൾക്ക് അള്ളു വെയ്ക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മൂന്നു ബസ്സുകളാണ് ഇത്തരത്തിൽ വഴിയിൽ കുടുങ്ങിയത്. പുറംലോകവുമായി ബന്ധമില്ലാത്ത കൊടുംകാട്ടിലൂടെയുള്ള യാത്രയ്ക്കിടയിൽ ബസ് വഴിയിൽ കുടുങ്ങുക എന്നു പറഞ്ഞാലുള്ള അപകടം എല്ലാവർക്കും മനസ്സിലാക്കാവുന്നതാണല്ലോ.

പ്ലാസ്റ്റിക്ക് കുപ്പിയുടെ അടപ്പിൽ ആണികൾ തുളച്ചു കയറുന്ന തരത്തിലാണ് ഇവർ കെഎസ്ആർടിസിയ്ക്കായുള്ള അള്ളു തയ്യാറാക്കിയത്. സംഭവം ഗൗരവകരമായതോടെ ഇതേ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകാരാണ് ഇതിനു പിന്നിലെന്ന് കെഎസ്ആർടിസി ജീവനക്കാർ ഡിപ്പോയിൽ സംശയം പ്രകടിപ്പിച്ചു. ഇതോടെ ഡിപ്പോ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒടുവിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മലക്കപ്പാറ സ്വദേശി പ്രദീപിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ‘ആനവണ്ടിയ്‌ക്കൊരു അള്ള്’ എന്ന പരിപാടിയുടെ സംവിധായകൻ ബസ് മുതലാളിയായ ജേക്കബ്ബ് ആണെന്നു വെളിപ്പെട്ടത്. രണ്ടു പ്രതികളെയും ചാലക്കുടി കോടതി 14 ദിവസത്തേയ്ക്ക് റിമാൻറ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു.

കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയുടെ പേരുകേട്ട സർവീസുകളാണ് ചാലക്കുടി – മലക്കപ്പാറ റൂട്ടിലേത്. ഈ റൂട്ടിൽ ചാലക്കുടിയിൽ നിന്നും വാൽപ്പാറയിലേക്ക് രണ്ടു സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. അതിലൊന്നാണ് പിടിയിലായ ജേക്കബ്ബിന്റെ ഉടമസ്ഥതയിലുള്ള മരിയ എന്ന ബസ്. ഈ റൂട്ടിൽ സമയത്തെച്ചൊല്ലി കെഎസ്ആർടിസി – സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കങ്ങൾ പതിവാണ്. ഈ തർക്കങ്ങളാണ് കെഎസ്ആർടിസി ബസ്സുകൾക്ക് അള്ളു വെക്കുക എന്ന ലക്ഷ്യത്തിലേക്ക് പ്രൈവറ്റ് ബസ്സുകാരെ എത്തിച്ചത്. ഒടുവിൽ മുതലാളിയും തൊഴിലാളിയും ഒന്നിച്ച് ജയിലിലാകുകയും ചെയ്തു.

കെഎസ്ആർടിസി ആയാലും പ്രൈവറ്റ് ബസ് ആയാലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആയിരിക്കണം സർവ്വീസ് നടത്തേണ്ടത്. പ്രൈവറ്റ് ബസ്സുകാരുടെ സമയത്ത് കെഎസ്ആർടിസി മനപ്പൂർവ്വം ഓടിയിട്ടുണ്ടെങ്കിൽ അത് തെറ്റു തന്നെയാണ്. ഇത്തരത്തിൽ സമയത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങൾ മിക്ക റൂട്ടുകളിലും നിലവിലുണ്ട്. പക്ഷേ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നിയമപരമായി നേരിടുകയാണ് വേണ്ടത്. എല്ലാവർക്കും ഇതൊരു പാഠമാകട്ടെ.