യാത്രക്കാരൻ ബാലൻസ് വാങ്ങാൻ മറന്നു; പിന്നാലെയോടി KSRTC കണ്ടക്ടർ – കുറിപ്പ് വൈറലാകുന്നു..

ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാരൻ ടിക്കറ്റെടുക്കുവാനായി കണ്ടക്ടർക്ക് 500 ന്റെ നോട്ട് കൊടുത്താൽ എന്തായിരിക്കും ഉണ്ടാകുക. മിക്കവാറും കണ്ടക്ടർമാർക്ക് (ബാഗിൽ ചില്ലറ ഇല്ലെങ്കിലും ഉണ്ടെങ്കിലും) ദേഷ്യം വരുത്തുന്ന ഒരു സന്ദർഭമാണിത്. എങ്കിലും ചിലർ വിനയത്തോടെ ബാക്കി തരാമെന്നു പറഞ്ഞിട്ട് ടിക്കറ്റിൽ ബാലൻസ് കുറിക്കും. ചിലരാകട്ടെ പിറുപിറുത്തു കൊണ്ടായിരിക്കും പിന്നെ തരാമെന്നു പറയുന്നത്.

യാത്രക്കാരനാകട്ടെ ആ പൈസ തിരികെ കിട്ടുന്നതു വരെ വല്ലാത്ത ടെൻഷനിലും ആയിരിക്കും. ഇറങ്ങുന്നതിനു മുൻപ് ബാലൻസ് വാങ്ങണമല്ലോ. എങ്ങാനും മറന്നു പോയാൽ തീർന്നില്ലേ? പൊതുവെയുള്ള അനുഭവങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും ചില കണ്ടക്ടർമാർ അവരുടെ പെരുമാറ്റം കൊണ്ട് യാത്രക്കാരുടെ മനസ്സ് കീഴടക്കാറുണ്ട്. അത്തരത്തിലൊരു സംഭവം നേരിൽ കാണുവാനിടയായ കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ് ടോമി ദേവസ്യ എന്ന യാത്രക്കാരൻ. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ..

“മാർച്ച് രണ്ടാം തീയതി ശനിയാഴ്ച രാത്രി 8 മണിക്ക് ആലുവക്കടുത്ത് അത്താണിയിൽ നിന്നും തൃശ്ശൂരിലേക്ക് പാലക്കാടിനുള്ള ഒരു SF ൽ യാത്ര ചെയ്യുകയുണ്ടായി. സാമാന്യം നല്ല തിരക്കായിരുന്നു ബസിൽ. മിക്ക സ്ഥലത്തുനിന്നും യാത്രക്കാർ കയറാനും ഉണ്ടായിരുന്നു. ഈ തിരക്കിനിടയിൽ ടിക്കറ്റ് കൊടുക്കുവാൻ കണ്ടക്ടർ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ബസ് തൃശൂർ ശക്തൻ സ്റ്റാൻഡിന്റെ മുൻവശം ആളെ ഇറക്കുന്നതിനായി നിർത്തിയ സമയം, മുൻവശത്തെ ഡോറിൽ കൂടി ഇറങ്ങിയ ഒരു ചെറുപ്പക്കാരൻ ഒരു ഓട്ടോയിൽ കയറി പോകുവാൻ തുടങ്ങിയപ്പോൾ ഈ കണ്ടക്ടർ ഒച്ചവെച്ച് ഓട്ടോ നിർത്തിച്ച് അതിന്റെ അടുത്തേക്ക് ചെന്നു.

ഈ സമയം ബസിൽ ഉണ്ടായിരുന്നവർ അയാൾ കണ്ടക്ടർക്ക് പൈസ കൊടുക്കാതെ പോയതാണെന്ന് പറയുന്നുണ്ടായിരുന്നു. എന്നാൽ അയാളുടെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങി പുറകിൽ രേഖപ്പെടുത്തിയ ബാക്കി നോക്കി അയാൾക്ക് 425 രൂപ കൊടുക്കുകയാണ് ചെയ്തത്. ഈ പ്രവൃത്തിയിൽ അത്ഭുതപ്പെട്ടുപോയ ആ ചെറുപ്പക്കാരൻ, കണ്ടക്ടർ എനിക്ക് വിളിച്ചു ബാക്കി തന്നു എന്ന് വളരെ ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.തുക എത്ര വലുതോ ചെറുതോ എന്നതല്ല പ്രസക്‌തം, ചെയ്ത പ്രവൃത്തിയാണ് മഹത്തരം. ഈ കണ്ടക്ടർ ചെങ്ങന്നൂർ ഡിപ്പോയിൽ ഉള്ളതാണെന്ന് തോന്നുന്നു. ചെയ്യുന്ന ജോലിയോടും സ്ഥാപനത്തോടും കൂറും സത്യസന്ധതയുമുള്ള ഇത്തരക്കാരാണ് ആ സ്ഥാപനത്തിന്റെയും നാടിന്റെയും സമ്പത്ത്. ഒരു BIG SALUTE സഹോദരാ !!”

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ കണ്ടക്ടറെ തേടിയുള്ള ഓട്ടമായിരുന്നു എല്ലാവരും. ഒടുവിൽ വണ്ടിയെയും ആളെയും ആനവണ്ടി പ്രേമികൾ തന്നെ കണ്ടെത്തുകയും ചെയ്തു. ചെങ്ങന്നൂർ – പാലക്കാട് റൂട്ടിലോടുന്ന RPE 171 എന്ന ബസ്സിലെ കണ്ടക്ടറായ (ചെങ്ങന്നൂർ ഡിപ്പോ) സൂരജ് ആണ് ഇത്തരത്തിൽ യാത്രക്കാരന്റെ പിന്നാലെ ഓടി ബാലൻസ് തുക തിരികെ കൊടുത്തുകൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കിയത്. എല്ലാ ജീവനക്കാർക്കും സൂരജിന്റെ ഈ പ്രവൃത്തി മാതൃകയാകട്ടെ. സൂരജിന് അഭിനന്ദനങ്ങൾ..