ബസ്സിലെ ജനറൽ സീറ്റിലിരുന്ന യുവാവിനെതിരെ കള്ളപരാതി നൽകി യുവതി.. പ്രതിഷേധിച്ച് സഹയാത്രികർ…

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകളിൽ വനിതകൾക്ക് പ്രത്യേകം സീറ്റ് സംവരണമുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ. എന്നാൽ ബാക്കിയുള്ള ജനറൽ സീറ്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശമാണുള്ളത്. ഇത്തരം ജനറൽ സീറ്റുകളിൽ സ്ത്രീകൾ ഇരിക്കുകയാണെങ്കിലും പുരുഷന്മാർക്ക് ഒപ്പം ഇരുന്നു യാത്ര ചെയ്യുന്നതിൽ നിയമതടസ്സങ്ങൾ ഒന്നുംതന്നെയില്ല. ഇനി അഥവാ ഇങ്ങനെ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ സ്ത്രീകളോട് എന്തെങ്കിലും അപമര്യാദയായി പെരുമാറുകയാണെങ്കിൽ മാത്രമേ അത് പ്രശ്നമാകുകയുള്ളൂ.

ഇത്രയും പറഞ്ഞു വന്നത് കഴിഞ്ഞ ദിവസം ഒരു കെഎസ്ആർടിസി ബസ്സിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. സംഭവം ഇങ്ങനെ… തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ ഒരു ജനറൽ സീറ്റിൽ രണ്ടു സ്ത്രീകളായിരുന്നു ഇരുന്നിരുന്നത്. ഈ സീറ്റിലുണ്ടായിരുന്ന ഒരു വനിത കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ഇറങ്ങിയപ്പോൾ കാലിനു സ്വാധീനക്കുറവുള്ള ആലപ്പുഴ സ്വദേശിയായ മനുപ്രസാദ്‌ ആ സീറ്റിൽ ഇരുന്നു. ഇതോടെ അടുത്തിരുന്ന യുവതി മനുപ്രസാദിനോട് ഇവിടെ ഇരിക്കാൻ പറ്റില്ലെന്നും എഴുന്നേൽക്കണമെന്നും പറയുകയുണ്ടായി. കാലിനു വയ്യാത്തതാണെന്നും, ഇത് ജനറൽ സീറ്റ് ആയതുകൊണ്ടാണ് ഇരിക്കുന്നതെന്നും അദ്ദേഹം മറുപടി പറയുകയും ചെയ്തു.

ഇതോടെ യുവതി ദേഷ്യത്തിൽ എന്തൊക്കെയോ പറയുകയും സീറ്റിൽ നിന്നും എഴുന്നേറ്റു മാറിനിൽക്കുകയും ചെയ്‌തു. ഇതുകണ്ട മറ്റു യാത്രക്കാർ യുവതിയുടെ പെരുമാറ്റത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഉടനെ യുവതി ഫോണിൽ തൻ്റെ ഭർത്താവിനെ വിളിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തു. ഇവരുടെ ഭർത്താവ് പോലീസുകാരൻ ആണെന്നാണ് യാത്രക്കാർ പറയുന്നത്. ബസ് കായംകുളത്ത് എത്തിയപ്പോൾ യുവതി അവിടെ ഇറങ്ങി. യുവതിയുടെ ഭർത്താവ് കായംകുളം സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു. തുടർന്ന് കായംകുളം പോലീസിൽ ഇവർ പരാതിപ്പെടുകയും ബസ് ഹരിപ്പാട് എത്തിയപ്പോൾ പോലീസ് തടയുകയും കുറ്റാരോപിതനായ യാത്രക്കാരനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ഇതോടെ ബസ്സിലെ സ്ത്രീകളടക്കമുള്ള മറ്റു യാത്രക്കാർ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയായിരുന്നു. ബസ്സിൽ ഉണ്ടായ ഈ സംഭവമെല്ലാം ബസ്സിലെ മറ്റു യാത്രക്കാരും കണ്ടക്ടറുമെല്ലാം കണ്ടുനിൽക്കുകയായിരുന്നു. യാത്രക്കാരന്റെ ഭാഗത്തു നിന്നും യുവതിയ്ക്ക് നേരെ യാതൊരുവിധ മോശം പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ ഒന്നടങ്കം വാദിക്കുന്നു. യാതൊരു തെറ്റും ചെയ്യാത്ത വികലാംഗനായ ഒരു യുവാവിനെ കള്ളക്കേസിൽ പെടുത്തുകയാണെന്നും യാത്രക്കാർ ആരോപിച്ചു. ഇതിനിടെ യാത്രക്കാരുടെ പ്രതിഷേധവും അഭിപ്രായങ്ങളുമെല്ലാം ആരോ വീഡിയോ പകർത്തി ഫേസ്‌ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ലൈവ് വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പോലീസ് കസ്റ്റഡിയിലെടുത്ത മനുപ്രസാദിനെ പിന്നീട് വിട്ടയയ്ക്കുകയും അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകുവാൻ പറയുകയും ചെയ്തു. യുവതിയോടും ഒപ്പം ഹാജരാകുവാൻ പോലീസ് നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് പിറ്റേന്ന് മനുപ്രസാദ്‌ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും യുവതിയും ഭർത്താവും ഹാജരായില്ല. യുവാവിനെ കള്ളക്കേസിൽ കുടുക്കുവാൻ ശ്രമിച്ചതിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വീഡിയോ സഹിതം ഷെയർ ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ്, കാര്യങ്ങൾ കൈവിട്ടു പോയതറിഞ്ഞ യുവതിയും ഭർത്താവും സ്റ്റേഷനിൽ ഹാജരാകാതിരുന്നതും.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി പറയാമെങ്കിലും, ബസ്സുകളിൽ ചില സ്ത്രീകൾ സഹയാത്രക്കാർക്കെതിരെ അനാവശ്യമായ ആരോപണങ്ങൾ യാത്രയ്ക്കിടയിൽ ഉയർത്തുന്ന സംഭവങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. തെറ്റൊന്നും ചെയ്തില്ലെങ്കിലും മാനഹാനി ഭയന്ന് സംഭവത്തിൽ ഇരയാകുന്ന പുരുഷന്മാർ പരാതിപ്പെടാതെ പിന്മാറുകയാണ് പതിവ്. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കർശനമായി പ്രതിരോധിക്കുക തന്നെ വേണം. എന്നാൽ എല്ലാ പുരുഷന്മാരെയും ആ കണ്ണോടെ കണ്ടു അവരെ കുഴപ്പത്തിലാക്കരുത്.