ഓട്ടത്തിനിടയിൽ KSRTC ബസ്സിനു കേടുപാട്; കുഴപ്പം പരിഹരിച്ച് സർവ്വീസ് തുടർന്ന് ജീവനക്കാർ..

പ്രൈവറ്റ് ബസ്സുകൾക്ക് ഓട്ടത്തിനിടയിൽ എന്തെങ്കിലും നിസ്സാര കേടുകൾ സംഭവിച്ചാൽ അതിലെ ജീവനക്കാർ തന്നെ ഇറങ്ങി നിമിഷനേരങ്ങൾക്കകം പ്രശ്നം പരിഹരിച്ചുകൊണ്ട് സർവ്വീസ് നടത്തുന്ന കാഴ്ചകൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു കെഎസ്ആർടിസി ബസ്സിനായാലോ? മിക്കവാറും ചെറിയ കേടുപാടുകൾ ആണെങ്കിൽ പോലും വർക്ക്‌ഷോപ്പ് വാനും മെക്കാനിക്കും വരുന്നതു വരെ വഴിയരികിൽ കിടക്കും. എന്നാൽ ചില ജീവനക്കാർ തങ്ങൾക്ക് പരിഹരിക്കാവുന്ന കേടുപാടുകളാണെങ്കിൽ അവർ തന്നെ അത് താൽക്കാലികമാണെങ്കിലും ശരിയാക്കിക്കൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്താതെ സർവ്വീസ് തുടരും.

ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം സിദ്ധിഖ് കടവനാട് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ അനുഭവക്കുറിപ്പായി പങ്കുവെച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കോടഞ്ചേരിയിൽ നിന്നും പിറവത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന RPM 556 എന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ ജീവനക്കാരാണ് യാത്രക്കാരെ കഷ്ടപ്പെടുത്താതെ തങ്ങൾക്ക് കഴിയുന്ന തരത്തിൽ പ്രശ്നം പരിഹരിച്ചുകൊണ്ട് യാത്ര തുടർന്നത്. സിദ്ധീഖിൻ്റെ ആ കുറിപ്പ് ഒന്നു വായിക്കാം.

24/02/2019 ന് മലപ്പുറം പോയി തിരികെ വരുമ്പോൾ ചങ്കുവെട്ടിയിൽ നിന്നും ഇടപ്പാളിലേക്ക് നമ്മുടെ സ്വന്തം ആനവണ്ടിയിയിലായിരുന്നു കയറിയത്. എട്ടുമണി ആകുന്നേ ഉണ്ടായിരുന്നുള്ളുവെങ്കിലും ദീർഘദൂര യാത്രക്കാരായ പലരും ഉറക്കം പിടിച്ചിരുന്നു. തലേന്ന് രാത്രിയിലെ ഖത്തറിൽ നിന്നുള്ള യാത്രയും എയർപോർട്ടിൽ ഇറങ്ങിയ ശേഷമുള്ള ഒട്ടപ്പാച്ചിലുമൊക്കെയായി ദേ സീറ്റ്‌ കിട്ടിയാൽ ഉടനെയൊന്നുമയങ്ങണമെന്ന നേർച്ചയുമായി ബസിൽ കയറിയ ഞാൻ പക്ഷേ, പുറകിലോട്ടോടിക്കൊണ്ടിരിക്കുന്ന കുഞ്ഞുവെളിച്ചങ്ങളുടെ കാഴ്ചകളും കണ്ട് നൊസ്റ്റിയടിച്ചങ്ങനെ ഇരിക്കുംനേരം ബസിനുള്ളിൽ നിന്നും ശബ്ദത്തിനു ഒരൽപ്പം വ്യത്യാസം വന്നതായി ഫീൽ വരുന്നു.

പതിയെപ്പതിയെ ശബ്ദത്തിന്റെ തീവ്രത വർദ്ധിച്ചു. അൽപ്പ മയക്കത്തിൽ ഉള്ളവരെല്ലാം ഞെട്ടിയുണരുന്നു. പുറകിലുള്ള കണ്ടക്ടർ ഡ്രൈവറുടെ കാബിനടുത്തേക്കു ഓടുന്നു.. ഒരൽപ്പം കൂടി മുന്നോട്ടു നീങ്ങി ബസ്‌ നിൽക്കുന്നു. ഹോ ഇപ്പോഴാണ് ശ്വാസം ഒന്ന് നേരെ നിന്നത്. നൊസ്റ്റിയും, കുസ്റ്റിയും, ശരീര വേദനയും, ഉറക്കവും എവിടെപ്പോയെന്നറിയില്ല. അടുത്തിരിക്കുന്ന യാത്രക്കാർ പറഞ്ഞു കൊണ്ടിരിക്കുന്നു. “ആക്സിൽ പൊട്ടിയതാണെന്നു തോന്നുന്നു, ഭാഗ്യം കൊണ്ട് കെയ്ച്ചിലായി. ഇന്നാളൊരു ആക്സിൽ പൊട്ടിയ ബസ് കത്തി കുറെ യാത്രക്കാർ..” ഡ്രൈവറും കണ്ടക്റ്ററും ബസിൽ നിന്നും ഇറങ്ങിയപ്പോൾ നാലഞ്ചു യാത്രക്കാരും കൂടെയിറങ്ങി. ആകാംക്ഷയോടെ ഞാനും.

റോഡിൽ നിന്നും പരമാവധി മാറി മറ്റു യാത്രാവാഹനങ്ങൾക്കു തടസ്സമില്ലാത്ത രീതിയിലാണ് ബസ്‌ പാർക്ക് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ, അത്തരം ഒരു സ്‌പേസ് ലഭിക്കാനായിരിക്കാം ശബ്ദം കെട്ടും ഡ്രൈവർ ബസ്സിനെ കുറച്ചുകൂടി മുന്നോട്ടു കൊണ്ടുവന്നത്. എനിക്ക് കെ.എസ്.ആർ.റ്റി.സി.യിൽ നിന്നും മുൻപ് പലതവണ ലഭിച്ച എക്സ്പീരിയൻസ് വെച്ച് അടുത്തതായി നടക്കാൻ പോകുന്ന കാര്യം മനസ്സിൽ കുറിച്ചിട്ടു. ഒന്നുകിൽ അടുത്തുള്ള വർക്ക്ഷോപ്പിൽ നിന്നും മൊബൈൽ മെയിന്റനൻസ് യൂണിറ്റ് വന്ന് കേടുപാടുകൾ തീർക്കും വരെ കാത്തുനിൽക്കുക, അല്ലെങ്കിൽ പുറകിൽ വരുന്ന വണ്ടിയിൽ കയറി നാടുപിടിക്കുക.

പക്ഷേ…ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഡ്രൈവർ ബസ്സിനടിയിലേക്കു മൊബൈൽ ഫോണിലെ ചെറിയ വെളിച്ചവുമായി നീങ്ങുന്നു. പൊട്ടിയതു ആക്സിലും ലീഫുമല്ലെന്നു മനസ്സിലാക്കി ഞാന്നു കിടക്കുന്ന ഇരുമ്പ് പീസിനെ ഉയർത്തി കെട്ടിയിട്ടാൽ യാത്രതുടരാം എന്നു പറഞ്ഞ് കണ്ടക്റ്ററോട് കമ്പിയോ മറ്റോ ആവശ്യപ്പെടുന്നു. റോഡിന്റെ മറുവശത്തുള്ള ഇന്ഡസ്ട്രിയൽ ഷോപ്പിന്റെ മുന്നിൽ പോയി കണ്ടക്റ്ററും ഞാനും ചേർന്ന് ഒരു റോപ്പ് സംഘടിപ്പിച്ചു ഡ്രൈവർക്ക് കൈമാറി. അദ്ദേഹത്തിന് സഹായമാകട്ടെയെന്നു കരുതി തലയൽപ്പം ബസ്സിനടിയിലേക്കു നീട്ടി മൊബൈൽ ഫോണിന്റെ ടോർച്ചടിക്കാൻ ശ്രമിച്ച എനിക്ക് ബസ്സിനടിയിൽ നിന്നുമേറ്റ പുകച്ചിൽ മൂലം ചുവട്ടിൽ നിന്നും മാറേണ്ടി വന്നു.

പക്ഷേ, ആ ചൂടൊന്നും വകവെക്കാതെ പതുമിനുട്ടോളം ബസ്സിനടിയിൽ കിടന്നു ആ മനുഷ്യൻ ഒറ്റക്ക് പൊട്ടിയ ഭാഗം ഉയർത്തിക്കെട്ടി പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. കൈകളും, മുഖവും, വസ്ത്രങ്ങളുമൊക്കെ കരിയും പൊടിയും പുരണ്ടു ബസ്സിനടിയിൽ നിന്നും വന്ന അദ്ദേഹത്തെ കണ്ട് ഇച്ചിരി പ്രായമായ ഒരുയാത്രികന് സങ്കടം. ഇരുട്ടിലും തിളങ്ങിനിൽക്കുന്ന ഒരുപുഞ്ചിരി സമ്മാനിച്ചു “ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമല്ലേ”യെന്ന മറുചോദ്യം ചോദിച്ചു അദ്ദേഹം ഡ്രൈവിങ്ങ് സീറ്റിലേക്ക്..