ബൈക്ക് യാത്രക്കാരനു നേരെ കെഎസ്ആർടിസി ഡ്രൈവറുടെ കലിപ്പ്; വീഡിയോ വൈറൽ…

എന്തിനും ഇതിനുമൊക്കെ പഴി കേൾക്കുന്നവരാണ് കെഎസ്ആർടിസി ബസ് ജീവനക്കാർ. ചിലപ്പോഴൊക്കെ സൈഡ് കൊടുത്തില്ലെന്ന കാരണങ്ങൾ ഉന്നയിച്ച് മറ്റു വാഹനക്കാർ ബസ് തടഞ്ഞു നിർത്തുകയും ബസ് ജീവനക്കാരെ മർദ്ദിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും, ബസ്സിൽ കയറി ജീവനക്കാരെ മർദ്ദിച്ചവർക്ക് എട്ടിന്റെ പണി കിട്ടുകയും ചെയ്തിട്ടുണ്ട്.

‘സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി’ തുടങ്ങിയ വകുപ്പുകൾ ചേർത്ത് മർദ്ദനക്കാർക്ക് റിമാൻഡ് വരെ വാങ്ങിക്കൊടുക്കാൻ തക്കവണ്ണമുള്ള കേസ് ആയിരിക്കും മാനേജ്‌മെന്റ് കൊടുക്കുക. ഒരുപരിധിവരെ കെസ്ആർടിസി ജീവനക്കാർക്ക് നേരെയുള്ള അക്രമങ്ങൾ കുറയുവാൻ ഈ സംഭവങ്ങൾ മൂലം കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ഡ്യൂട്ടിയിലുള്ള കെഎസ്ആർടിസി ബസ് ഡ്രൈവർ മറ്റു വാഹനയാത്രക്കാരെ ആക്രമിക്കുവാൻ മുതിർന്നാലോ? അത്തരം സംഭവങ്ങൾ അധികമൊന്നും നമ്മൾ കണ്ടിട്ടില്ലെങ്കിലും ഏവരെയും ഞെട്ടിക്കുന്ന ഒരു പ്രതികരണമാണ് കെഎസ്ആർടിസിയുടെ ഒരു സൂപ്പർ എക്സ്പ്രസ്സ് ബസ് ഡ്രൈവറുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സൂപ്പർ എക്സ്പ്രസ്സ് ബസ് ഡ്രൈവർ ഏതോ ട്രാഫിക് സിഗ്നലിൽ വെച്ച് ഒരു ബൈക്ക് യാത്രികനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ട് വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ പകർത്തുന്നതിനു മുൻപ് എന്തോ സംഭവം നടന്നിട്ടുണ്ടാകുമെന്നു വ്യക്തമാണ്. കാരണം ബൈക്ക് യാത്രക്കാരൻ മൊബൈലിൽ ബസ്സിന്റെയും ഡ്രൈവറുടേയുമൊക്കെ വീഡിയോ പകർത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

ബൈക്ക് യാത്രികൻ വീഡിയോ പകർത്തുവാനോ മറ്റോ ശ്രമിക്കുന്നതിനിടയിൽ ബസ് ഡ്രൈവർ ബസ്സിന്റെ ഡ്രൈവർ സീറ്റിനരികിലെ ഡോർ കൊണ്ട് ബൈക്ക് യാത്രികനെ ഇടിക്കാൻ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബൈക്കുകാരൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലേക്ക് നീങ്ങിയപ്പോൾ, ബസ് ഡ്രൈവർ ബസ്സിൽ നിന്നും ഇറങ്ങിവന്ന് ബൈക്കുകാരനോട് കയർക്കുവാൻ ശ്രമിക്കുകയാണ്.

ഇതിനു മുൻപ് നടന്നത് എന്താണെന്നു വ്യക്തമല്ല. മുൻപ് കുറ്റം ചെയ്തത് ബൈക്കുകാരനോ ബസ് ഡ്രൈവറോ ആരുമായിക്കൊള്ളട്ടെ. പക്ഷെ യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന ഒരു ബസ്സിലെ ഡ്രൈവർ, അതും ഒരു സർക്കാർ ജീവനക്കാരൻ ഡ്യൂട്ടിയ്ക്കിടെ മറ്റുള്ളവരെ ആക്രമിക്കുന്നത് ഒട്ടും ന്യായീകരിക്കാവുന്ന ഒന്നല്ല. ബൈക്ക് യാത്രക്കാരന്റെ ഭാഗത്താണ് തെറ്റെങ്കിൽ അക്രമത്തിനു മുതിരാതെ, ബൈക്കിന്റെ നമ്പർ സഹിതം പോലീസിൽ പരാതിപ്പെടുകയായിരുന്നു വേണ്ടത്.

കെഎസ്ആർടിസി ജീവനക്കാർ പലയിടത്തും പലയാളുകളുടെയും രക്ഷകനാകുന്ന ഈ സമയത്ത് ഇത്തരമൊരു സംഭവം ഒഴിവാക്കേണ്ടതു തന്നെയായിരുന്നു. ഈ വീഡിയോ കാണുന്ന പൊതുജനങ്ങൾക്ക് മുൻപിൽ കെഎസ്ആർടിസി ജീവനക്കാർ ഗുണ്ടായിസം കാണിക്കുന്നു എന്ന ലേബൽ ആയിരിക്കും അവതരിപ്പിക്കപ്പെടുക. എന്തായാലും വീഡിയോ വൈറലായതോടെ കെഎസ്ആർടിസി മാനേജ്‌മെന്റ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വേണ്ട നടപടികൾ എടുക്കുമെന്നു വിചാരിക്കാം.