കൊറോണയെ തോൽപ്പിച്ച KSRTC ഡ്രൈവർക്ക് അഭിനന്ദനങ്ങളോടെ നാട്ടുകാർ

കോവിഡ് അല്ലെങ്കിൽ കൊറോണ എന്നു കേട്ടാൽത്തന്നെ എല്ലാവരും ഒന്നു പേടിക്കും. എന്നാൽ കൊറോണ പോസിറ്റീവ് ആയി എന്നറിഞ്ഞാലോ? മിക്കവാറും ആളുകൾക്ക് പാതി ജീവൻ പോയ അവസ്ഥയാകും. എന്നാൽ കൊറോണയെ ധൈര്യത്തോടെ, വളരെ സിംപിളായി നേരിട്ടവരും നമുക്കിടയിലുണ്ട്. മറ്റുള്ളവർക്കു കൂടി ധൈര്യം പകരുന്ന ചിലർ. അത്തരത്തിലൊരാളാണ് തൃശ്ശൂർ മാള സ്വദേശിയും കെഎസ്ആർടിസി ഡ്രൈവറുമായ മധു. കൊറോണയെ തോൽപ്പിച്ചു നാട്ടിലേക്ക് തിരികെയെത്തിയ മധുവിനെ വരവേറ്റത് നാട്ടുകാരുടെയും കൂട്ടുകാരുടെയും വക അഭിനന്ദന ഫ്ളക്സുകളായിരുന്നു. ഇതിനെക്കുറിച്ച് മധു ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്ന് വായിക്കാം.

എല്ലാവർക്കും നമസ്കാരം. എന്റെ പേര് മധു. എന്റെ സ്വദേശം തൃശൂർ ജില്ലയിൽ മാളക്കടുത്തു വടമ പതിയാരി. ഞാൻ കേരള RTC യിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ 12 വർഷങ്ങളായി തൃശൂർ – ബാംഗ്ലൂർ സൂപ്പർ ഡീലക്സിൽ ആയിരുന്നു ഡ്യൂട്ടി ചെയ്തിരുന്നതു. പക്ഷെ കൊറോണ കാലമായതിനാൽ കഴിഞ്ഞ അഞ്ചു മാസത്തോളമായി ആ സർവീസ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃശൂർ ഡിപ്പോയിൽ നിന്നും കൊറോണ ടെസ്റ്റ് ചെയ്യാൻ വേണ്ടി വിളിച്ചത്.

കൊറോണ പിടിക്കാൻ ഉള്ള യോഗ്യത ടെസ്റ്റ് അങ്ങിനെ വെള്ളിയാഴ്ച ഞാൻ പാസായി. സ്കൂൾ ജീവിതത്തിൽ + കിട്ടിയിട്ടില്ല. പക്ഷെ കൊറോണയിൽ എനിക്ക് + കിട്ടി. പക്ഷെ എനിക്ക് പ്രത്യേകിച്ചു ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മൂക്കിൽ നിന്നും ടെസ്റ്റ് ചെയ്‌തതിൽ കുറച്ചു പ്രാണൻ പോയിരുന്നുവെങ്കിലും വേറെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങിനെ എനിക്കും കൂടെയുണ്ടായിരുന്ന നമ്മുടെ സാറിനും മാത്രമേ കൊറോണ പരീക്ഷയിൽ പാസ്സാവാൻ ഉള്ള ഭാഗ്യം ഉണ്ടായിരുന്നുള്ളൂ.

പതുക്കെ ഞങ്ങളെ അവിടെ നിന്നും മാറ്റാൻ ഉള്ള കാര്യപരിപാടികൾ തുടങ്ങി. ഉടുത്ത ഡ്രസ്സ് അല്ലാതെ നമ്മുടെ കൈയിൽ ഒന്നുമില്ല. ആ നേരത്തു ഫോൺ വിളികൾ ആണെങ്കിൽ പണ്ടത്തെ ബൂത്തുകളെക്കാൾ കൂടുതൽ. എല്ലാവർക്കും എന്റെ വിവരവും, എന്റെ വീട്ടുകാരുടെ വിവരവും അറിയണം. അതുകൂടാതെ ഹെൽത്ത്, പോലീസ്, സഹപ്രവർത്തകർ എന്നിവരുടെ വിളികൾ വേറെയും. അങ്ങിനെയാണ് ഞാൻ തന്നെ അറിയാതെ കൊറോണ പിടിച്ചു എന്നുള്ളത് എനിക്ക് തന്നെ എന്ന് ബോധ്യമായത്.

ഞങ്ങളെ രണ്ടുപേരെയും ഡിപ്പോയിൽ നിന്നും കൈപ്പറമ്പ് വിദ്യ അക്കാദമിൽ (കേച്ചേരിക്കടുത്തു) Covid First Line Treatment Center (CFLTC, Velur) ഉള്ള ഐസൊലേഷൻ ബ്ലോക്കിലേക്കു മാറ്റിയത്. അവിടെയുള്ള ഹെൽത്ത് ഡിപ്പാർട്മെന്റുകാരുടെ പ്രവർത്തനങ്ങളും, മറ്റും വാക്കുകളിൽ ഒതുക്കാവുന്ന ഒന്നല്ല. അവരുടെ കുടുംബ ജീവിതം മാറ്റി നിർത്തി അവിടെയുള്ള ലക്ഷണങ്ങൾ ഇല്ലാത്ത + കിട്ടിയവരെ ശരിയായ രീതിയിൽ ഒരു കുറവും ഇല്ലാതെ ഞങ്ങളെ എല്ലാവരെയും നോക്കുക എന്നുള്ളത് ഒരു ദുഷ്കരമായ ഒരു പ്രവർത്തനം വളരെ കൃത്യനിഷ്ഠതയോടു നടത്തിയ എല്ലാവർക്കും എന്റെ ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കട്ടെ.

ആദ്യ ദിവസം അവിടെ ചെന്നപ്പോൾ മേൽപ്പറഞ്ഞ പോലെ ഉടുതുണി വരെ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും (എന്റെ പ്രെഷറിന്റെ ഗുളിക അടക്കം) അവിടെ ശരിയാക്കി കൊണ്ട് തന്ന മുണ്ടൂരിലെ മൊബൈൽ കട നടത്തുന്ന പ്രമോദ് എന്ന അനിയനോടും, മറ്റു ആവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയ കൊടുങ്ങല്ലൂർ KSRTC സ്റ്റേഷൻ മാസ്റ്റർ ആയ രമേഷ് കരിന്തലക്കൂട്ടം, തൃശൂർ ഡിപ്പോയിലെ മെക്കാനിക് ആയ സുധീഷ്, എന്റെ പ്രിയ സുഹൃത്ത് സോയിക്കും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.

വീട്ടുകാരുടെ ടെസ്റ്റ് നടത്തുന്നത് വരെ എനിക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല. അവരുടെ ടെസ്റ്റ് കഴിഞ്ഞപ്പോൾ അവർക്കു ടെസ്റ്റ് പാസ്സാവാൻ യോഗ്യത ഇല്ലായിരുന്നു. അവരെല്ലാവരും കൊറോണയെ ഉൾക്കൊള്ളാൻ തയ്യാറല്ലായിരുന്നു. അവർക്കെല്ലാവർക്കും നെഗറ്റീവ് ആയി. ഒരു വീട്ടിൽ ഒരു പാസ് മാർക്കു കിട്ടിയതിലുള്ള ഒരു സന്തോഷം എനിക്കുണ്ടായിരുന്നു.

എന്തിനു പറയുന്നു – പത്തു ദിവസത്തിന് ശേഷം ഇന്ന് ടെസ്റ്റ് നടത്തിയപ്പോൾ (പുനഃപരിശോധന) നടത്തിയപ്പോൾ ഞാൻ തോറ്റു പോയി. എനിക്ക് നെഗറ്റീവ് ആയി. അങ്ങിനെ അവരെന്നോട് അവിടെ നിന്നും വേഗം പൊയ്‌ക്കോളാൻ പറഞ്ഞു.

എനിക്ക് കൃത്യ സമയത്തു ഭക്ഷണം തന്നിരുന്ന, ആരോഗ്യപരമായ പ്രശ്നങ്ങൾ എന്നും ചെക്ക് ചെയ്തിരുന്ന അവിടുത്തെ പ്രവർത്തകർക്കും, എന്റെ കാര്യങ്ങൾ എന്നേക്കാൾ കൂടുതൽ വേവലാതി പെട്ടിരുന്നു എന്റെ സ്വന്തം സഹപ്രവർത്തകർക്കും, ചങ്കുകൾക്കും, തിരിച്ചു വരവ് ഗംഭീരമാക്കിയ എന്റെ സ്നേഹം നിറഞ്ഞ നാട്ടുകാർക്കും, വീട്ടുകാർക്കും സ്നേഹത്തോടെ, നന്ദിയോടെ..