ബസ്സിൽ കുഴഞ്ഞു വീണ പെൺകുട്ടിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

വിവരണം – ഷെഫീഖ് ഇബ്രാഹിം.

യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണ പെൺകുട്ടിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. Remyesh Velloor എന്ന ഫേസ്ബുക്ക് സുഹൃത്ത് ഇന്ന് വാട്ട്സ്ആപിലേക്ക് ഇട്ട് നല്‍കിയ കുറച്ച് മെസ്സേജുകളാണ് ഈ സംഭവത്തിലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചത്. ത്രിശൂരില്‍ അഗ്രികള്‍ച്ചര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ..

“ഇന്ന് (02-12-2019) യാത്രക്കിടയില്‍ കണ്ട സഹായത്തെക്കുറിച്ച് എഴുതാതിരിക്കുന്നത് ശരിയല്ല. ഇത്തരം കാഴ്ച്ചകള്‍ പങ്കുവെയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുളളവരെ സഹായിക്കുവാന്‍ പ്രചോദനമാകുമെന്നും കരുതുന്നു. ഇന്ന് ഉച്ചക്ക് ത്രിശൂരില്‍ നിന്നും വൈറ്റിലക്ക് പോകുവാന്‍ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പാലക്കാട് ഡിപ്പോയുടെ RPE 390 ബസ്സില്‍ കയറി യാത്ര തുടരവേ കൊടകരയില്‍ വെച്ച് മുന്‍പില്‍ നിന്നിരുന്ന പെണ്‍കുട്ടി കുഴഞ്ഞു വീണു.

പെട്ടെന്ന് തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു ചെന്നു. നിര്‍ഭാഗ്യവശാല്‍ ഡോക്ടറുടെ സേവനമോ, ആംബുലന്‍സ് സൗകര്യമോ ലഭിച്ചില്ല. ഉടന്‍ തന്നെ കണ്ടക്ടര്‍ വിനോദ് ചാലക്കുടി ഡിപ്പോയിലും, കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കുളളില്‍ ആംബുലന്‍സ് എത്തുകയും, കണ്ടക്ടര്‍ പെണ്‍കുട്ടിയുമായി ചാലക്കുടി താലൂക്ക് ഹോസ്പിറ്റലേക്ക് തിരിച്ചു. ചാലക്കുടി ഡിപ്പോയില്‍ നിന്നുമുളള നിര്‍ദ്ദേശപ്രകാരം ഡ്രൈവര്‍ ശശികുമാര്‍, ബസ്സ് ചാലക്കുടി ഡിപ്പോയില്‍ എത്തുകയും കാത്തിരിക്കുകയും ചെയ്തു.

ഡിപ്പോയിലെത്തുന്നതിന് മുമ്പായി സുഹൃത്തും, കെ.എസ്സ്.ആര്‍.ടി.സി എടത്വ ഡിപ്പോ ജീവനക്കാരനായ ഷെഫീക്കിനെ ഈ വിവരങ്ങള്‍ വാട്ട്സ് ആപ് ചെയ്തു. അത് കണ്ട ഉടന്‍ തന്നെ അദ്ദേഹം ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തിരക്കി.അപ്പോള്‍ ചാലക്കുടി ഡിപ്പോയില്‍ ബസ്സ് എത്തിയിരുന്നു. ഡിപ്പോയില്‍ സുഹൃത്തും ഇന്‍സ്പെക്ടറുമായ ദിലീപ് സര്‍ ഉണ്ട് എന്നും അദ്ദേഹത്തോട് സംസാരിക്കാനും പറഞ്ഞു.ഫോണ്‍ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.ആവശ്യമായ എല്ലാ ഇടപെടലുകള്‍ നടത്താം എന്ന് അദ്ദേഹം പറഞ്ഞു.

ചാലക്കുടി ഡിപ്പോയിലെ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ പ്രകാരം സെക്യൂരിറ്റി സ്റ്റാഫും, വനിതാ സ്റ്റാഫും ആശുപത്രിയില്‍ എത്തി. കണ്ടക്ടറെ തിരികെ വിളിച്ചു സര്‍വ്വീസ് തുടരുവാനുളള നടപടി ചെയ്തു. ഏകദേശം 4 മണിയോടെ കണ്ടക്ടര്‍ തിരികെ എത്തി യാത്ര തുടര്‍ന്നു. ആ നേരമത്രയും ക്ഷമയോടെ കാത്തിരുന്ന നല്ലവരായ യാത്രികര്‍, മനുഷ്യത്വപരമായ ഇടപെടല്‍ നടത്തിയ കണ്ടക്ടറെ അഭിനന്ദിക്കുവാനും മറന്നില്ല.

ഈ പ്രവൃത്തികളിലൂടെ മനുഷ്യത്വത്തിന്‍റെ മറ്റൊരു മുഖമായി മാറിയ പാലക്കാട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദിനും, ഡ്രൈവര്‍ ശശികുമാറിനും അഭിനന്ദനങ്ങള്‍. ഇതെഴുന്നതിന് മുമ്പ് ചാലക്കുടി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാറിനെ വിളിച്ചിരുന്നു. ആ കുട്ടിയുടെ അച്ഛന്‍ വന്ന് ആശുപത്രിയില്‍ നിന്നും ഒരു വാഹനത്തില്‍ സ്വദേശമായ ആലപ്പുഴയിലേക്ക് തിരികെ പോയെന്ന് പറഞ്ഞു.

ഇതിനിയില്‍ ഷെഫീക്ക് , ഇന്‍സ്പെക്ടര്‍ ദിലീപ് സര്‍ നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. ആലപ്പുഴ മാരാരിക്കുള ചെത്തി സ്വദേശിയായിരുന്നു `നവീന’ എന്ന യാത്രിക. അമ്മയെ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. രക്തസമ്മര്‍ദ്ധം കുറഞ്ഞതാണ് കുഴഞ്ഞു വീഴാനുളള കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി. പെണ്‍കുട്ടിയുടെ പിതാവ് ചാലക്കുടിയിലേക്ക് പുറപ്പെട്ടിരുന്നു. മാതാവിനെ സമാധാനിപ്പിക്കുകയും,

പിതാവ് ആശുപത്രിയില്‍ നിന്നും തിരികെ കൊണ്ടുവരുന്നതുവരെ മകള്‍ സുരക്ഷിതയായിരിക്കുമെന്നും ഉറപ്പ് നല്‍കി.ആ ആശ്വാസവാക്കുകള്‍ പെണ്‍കുട്ടിയുടെ അമ്മക്ക് ധൈര്യം നല്‍കി എന്ന് നിസംശയം പറയാം. ഇത്തരം മനുഷ്യത്വപൂര്‍ണ്ണമായ പ്രവൃത്തികളാണ് കെ.എസ്സ്.ആര്‍.ടി.സിയെ സാധാരണ ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നത്.”

ഇടക്ക് ചാലക്കുടി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ഒരു തവണ വിളിച്ചു. ഫോണ്‍ തിരക്കിലായിരുന്നു. കുഴഞ്ഞ് വീണ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചതിന് ശേഷം ദിലീപ് സാറിനെ വിളിക്കണമെന്ന് പറഞ്ഞിരുന്നു. കുറെ നേരം കഴിഞ്ഞ് ഒന്നു കൂടി വിളിച്ചു. ഫോണ്‍ എടുത്തത് അമ്മയായിരുന്നു. മാരാരിക്കുളം ചെത്തി സ്വദേശിയാണ് എന്ന് മനസ്സിലായി. വിഷമിക്കേണ്ട കാര്യമില്ലെന്ന് അമ്മയെ അറിയിച്ചു. ബി.പി കുറഞ്ഞതാണ് മോനേ എന്ന് പറഞ്ഞു. കുട്ടിയുടെ പിതാവ് എത്തുന്നതുവരെ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പ് നല്‍കി.

ഈ വിവരം ദിലീപ് സാറിനെയും അറിയിച്ചു. കുട്ടിയുടെ പിതാവ് ചാലക്കുടിയില്‍ എത്തിയ വിവരവും, അവര്‍ തിരിച്ച വിവരവും അമ്മ വിളിച്ചു പറഞ്ഞു. ഭക്ഷണവും കഴിച്ചാണ് വരുന്നതെന്നും പറഞ്ഞു. ഏകദേശം 09.45 ആയപ്പോള്‍ ആ ഫോണില്‍ നിന്നും വീണ്ടും ഒരു കോള്‍ വന്നു. മകളും, അച്ഛനും തിരികെ എത്തി എന്നത് പറയാനായിരുന്നു വിളിച്ചത്.

മകള്‍ക്ക് ഫോണ്‍ നല്‍കി.ഉണ്ടായ സംഭവങ്ങള്‍ എല്ലാം മകള്‍ പറഞ്ഞു. വടകരയില്‍ വെച്ച് ഛര്‍ദ്ദിച്ചിരുന്നു. രാവിലെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ബി.പി കുറഞ്ഞതാണ് കാരണമെന്നും പറയുന്നു. അത്രയും നേരം കാത്തിരുന്ന നല്ലവരായ യാത്രികര്‍ക്കും, സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് കണ്ടക്ടര്‍, ഡ്രൈവര്‍, ദിലീപ് സര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു.