കെഎസ്ആർടിസിയെ ‘കൊലയാളിവണ്ടി’ എന്ന് ആക്ഷേപിക്കുന്നവർ വായിച്ചറിയുവാൻ

കെഎസ്ആർടിസിയെയും, കെഎസ്ആർടിസി ഡ്രൈവർമാരെയും ഒന്നടങ്കം കുറ്റപ്പെടുത്തി ചില മാധ്യമങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ, സത്യം പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആർടിസി ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പ് താഴെ കൊടുക്കുന്നു. ആരോപണങ്ങളുടെ ഒരുവശം മാത്രം കേട്ടുകൊണ്ട് കെഎസ്ആർടിസിയെ കുറ്റപ്പെടുത്തുന്നവർ ഇതൊന്നു വായിക്കുക.

കെ.എസ്.ആർ.ടി.സി എന്നാൽ കൊലവണ്ടി എന്ന രീതിയിൽ ഫെയ്‌സ്‌ബുക്കിൽ ചില പോസ്റ്റുകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടതിനാലാണ് അതിന്റെ യാഥാർഥ്യം പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഞങ്ങൾ ഈ പോസ്റ്റ് നിങ്ങളിലേക്കെത്തിക്കുന്നത്. വിദ്യാഭ്യാസപരമായി ഉന്നതി നേടിയവരും ലോകപരിചയം നേടിയവരും കെ.എസ്.ആർ.ടി.സി യെക്കുറിച്ച് ഇത്തരം കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് ബാധിക്കുന്നത് പൊതുജനസേവനം എന്ന മാനദണ്ഡം മാത്രം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മനോവീര്യത്തെയാണ്.

2019 ജനുവരി മുതൽ സെപ്റ്റംബർ മാസം വരെ കേരളത്തിൽ ആകെ 30784 റോഡ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 3375 മനുഷ്യജീവനുകൾ ആ അപകടങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. ആകെ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 34509 ആണ്. നിങ്ങൾ കൊലയാളി എന്ന് മുദ്ര കുത്താൻ ശ്രമിക്കുന്ന കെ.എസ്.ആർ.ടി.സി അതിൽ വെറും 3 ശതമാനത്തിൽ താഴെ (653 എണ്ണം) അപകടങ്ങളിൽ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇരുചക്രവാഹനങ്ങളും സ്വകാര്യകാറുകളും യഥാക്രമം ഉണ്ടാക്കിയിരിക്കുന്നത് ആകെ അപകടങ്ങളുടെ 32ഉം 26 ഉം ശതമാനമാണ്. പ്രസ്തുത കാലയളവിൽ ഏകദേശം 5 ശതമാനത്തിലധികം അപകടങ്ങൾ (1629 എണ്ണം) ഉണ്ടാക്കിയ സ്വകാര്യബസ്സുകളും കെ.എസ്.ആർ.ടി.സിയെക്കാൾ നിരത്തുകളിൽ ദുസ്വപ്നം വിതച്ചവർ ആണ്. പക്ഷെ അവരെ ആരെയും എന്തുകൊണ്ട് നിങ്ങൾ കൊലയാളി എന്ന് മുദ്ര കുത്തുന്നില്ല?

മുകളിൽ സൂചിപ്പിച്ച കണക്കുകൾ ഞങ്ങൾ നിങ്ങളെ വിശ്വസിപ്പിക്കാനായി സൃഷ്ടിച്ചതല്ല. കേരളാപോലീസിന്റെ വെബ്സൈറ്റിലെ പൊതുജനങ്ങൾക്കായുള്ള റോഡ് അപകടവിവരങ്ങൾ സംബന്ധിച്ച കണക്കുകളിൽ നിന്നും ക്രോഡീകരിച്ചതാണ്. 2019 ലെ കണക്ക് പോലെ തന്നെ മുൻവർഷങ്ങളിലെയും അപകടവിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാകും വിധം കേരള പോലീസ് പൊതുജനങ്ങൾക്കായി ക്രമീകരിച്ചിട്ടുണ്ട്.

ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവറും അപകടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബസ്സ് ഓടിക്കാറില്ല. അപകടം ഉണ്ടാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. നിരത്തുകളിൽ മത്സരയോട്ടം മനപൂർവം പലരും സൃഷ്ടിക്കാൻ ശ്രമിച്ചിട്ട് പോലും അതിന് മുതിരാതെ തികച്ചും അച്ചടക്കത്തോടെ മുന്നോട്ടുപോകുന്ന സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. ഇനി അഥവാ ഏതെങ്കിലും കെ.എസ്.ആർ.ടി.സി ഡ്രൈവർ അപകടകരമായി വാഹനം ഓടിച്ചു എന്ന് പരാതി ജനങ്ങളിൽ നിന്നും ഉണ്ടായാൽ അത്തരം ഡ്രൈവർമാർക്ക് കൃത്യമായ പരിശീലനപദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. അത്തരം പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക വിഭാഗം ഉള്ള സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി.

കെ.എസ്.ആർ.ടി.സിക്കെതിരെ വിരൽ ചൂണ്ടുമ്പോൾ നിങ്ങൾ പൊതുജനസേവനം മാത്രം ലക്ഷ്യമിട്ട് ജോലി ചെയ്യുന്ന ഒരു കൂട്ടം സേവകരുടെ ആത്മവീര്യത്തെയാണ് കെടുത്തിക്കളയുന്നത്. കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉൾപ്പെട്ടിട്ടുള്ള അപകടങ്ങളിൽ ആരുടെ കുറ്റമാണ് എന്ന് പോലും ശ്രദ്ധിക്കാതെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദനം വരെ ഏറ്റു വാങ്ങുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ദയവായി വ്യാജാരോപണങ്ങളിൽ നിന്നും മാറി നിൽക്കൂ. അപകടകരമായ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് നിങ്ങളുടെ ശ്രദ്ധയിൽപെടുന്നു എങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂമിൽ അറിയിക്കൂ. ഉറപ്പായും നടപടി ഉണ്ടാകും. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പമാണ്.