കായംകുളം – കുമളി ബസ്സിലെ വാട്‍സ്ആപ്പ് ഗ്രൂപ്പും, ശിവൻ ചേട്ടൻ്റെ കുടിവെള്ള വിതരണവും…

ബസുകളിലെ സ്ഥിര യാത്രക്കാരും ജീവനക്കാരും തമ്മിൽ ഇന്ന് വളരെ നല്ല രീതിയിലുള്ള സൗഹൃദങ്ങൾ ഉടലെടുക്കുന്നതായി കാണാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇനി പറയുവാൻ പോകുന്നത്. വിവരണം : സജി കുട്ടപ്പൻ മാന്നാർ.

KSRTC യിലെ കൗതുക കാഴ്ചകൾ : കായംകുളത്തു‌ നിന്നും പുറപ്പെട്ട്‌ കുമളിയിലേക്ക്‌ പോകുന്ന RPM 701 കെഎസ്‌ആർടിസി ബസ്‌ ഉച്ചക്ക്‌ 12:10 നു മാന്നാർ കുരട്ടി അമ്പലം ജംഗ്ഷനിൽ എത്തുമ്പോൾ ഒരു കുപ്പി വെള്ളവുമായി ഒരാൾ കാത്ത്‌ നിൽപുണ്ടാവും. ഈ ബസിലെ ജീവനക്കാരുടെ ദാഹമകറ്റുവാനായുള്ള കാത്ത്‌ നിൽപ്‌. ഇത്‌ ശിവൻ ചേട്ടൻ. ചങ്ങനാശേരി സ്വദേശി. മാന്നാറിലെ മീരാ സ്റ്റോർ എന്ന പലചരക്കു കടയിലെ കണക്കെഴുത്തുകാരൻ. ചങ്ങനാശേരിയിൽ നിന്നും രാവിലെ 8:10നു മാന്നാറിലേക്ക്‌ വരുമ്പോൾ ശിവൻ ചേട്ടൻ സ്ഥിരമായി ഈ ബസിലാണു യാത്ര ചെയ്യുന്നത്‌. അങ്ങനെ ഈ ആനവണ്ടിയും ഇതിലെ ജീവനക്കാരും സഹയാത്രികരുമെല്ലാം ശിവൻ ചേട്ടന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.

ചങ്ങനാശ്ശേരി ശിവാനി വാസിൽ പരേതനായ സി. രാമകൃഷ്ണപിള്ളയുടെയും അംബുജാമ്മയുടെയും മൂത്തമകനായ R.ശിവദാസ് എന്ന ശിവൻ ചേട്ടൻ കഴിഞ്ഞ 15 വർഷക്കാലമായി മാന്നാറിലെ മീരാ സ്റ്റോഴ്സ് എന്ന പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്. KSRTC ബസ്സിലെ സ്ഥിരം യാത്രികനായ ശിവൻ ചേട്ടൻ രാവിലെ ജോലിക്കെത്തുവാൻ കയറുന്ന ബസ്സ് കുമളിയിൽനിന്നും രാവിലെ 4.50 ന് പുറപ്പെട്ട് ഏതാണ്ട് 8 – 10 ഓടുകൂടി ചങ്ങനാശ്ശേരിയിൽ എത്തും. ഈ ബസ്സിലെ ഏതാണ്ട് 68 ഓളം വരുന്ന സ്ഥിരം യാത്രക്കാർ ചേർന്ന് ഒരു വാട്സപ്പ് ഗ്രൂപ്പുതന്നെ ഉണ്ടാക്കിയിട്ടുണ്ട്. വണ്ടി കുമളിയിൽ നിന്ന് പുറപ്പെടാനായി സ്റ്റാന്റിൽ എത്തുമ്പോൾ ഡ്രൈവർ ആദ്യ മെസ്സേജ് ഗ്രൂപ്പിലിടും. അതിനുശേഷം ഗ്രൂപ്പ് അഡ്മിനും മല്ലപ്പള്ളി സ്ക്കൂളിൽ ജോലി നോക്കുന്നതുമായ റ്റീച്ചർ കറുകച്ചാൽ ഇറങ്ങുന്നതുവരേയും ബസ്സിന്റെ വരവിനെക്കുറിച്ച് ഗ്രൂപ്പിൽ മെസ്സേജുകൾ അയച്ചു കൊണ്ടേയിരിക്കും.

ചങ്ങനാശ്ശേരിയിൽ നിന്നും കയറുന്ന ശിവൻചേട്ടൻ ബസ്സിൽ കയറിയാൽ മാന്നാറിൽ ഇറങ്ങുന്നതുവരേയും ഗ്രൂപ്പിൽ മെസ്സേജുകൾ നല്കുന്നത് ശിവൻ ചേട്ടനാണ്. പെരിങ്ങാലയിൽ നിന്നും കയറുന്ന ഹോമിയോ ഡോക്ടറായ കുമാരി ആശ ഡോക്ടർ വണ്ടിയുടെ ലാസ്റ്റ് സ്റ്റോപ്പായ കായംകുളംവരെയുള്ള കാര്യങ്ങൾ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്ത്കൊണ്ടേയിരിക്കും. കുമളി – കായംകുളം ബസ്സിലെ സ്ഥിരം യാത്രികനായ ശിവൻ ചേട്ടൻ കഴിഞ്ഞ 2 വർഷക്കാലമായി കായംകുളത്തുനിന്നും തിരികെ വരുന്ന ബസ്സിലെ സ്റ്റാഫുകൾക്ക് തന്റെ വരുമാനത്തിലെ ഒരു പങ്കിൽനിന്നും നിത്യേന കുപ്പി വെള്ളം വാങ്ങി നല്കുന്ന കാഴ്ച അഭിനന്ദനീയമാണ്.

ദിവസവും ഉച്ചയ്ക്ക് 12-50 ന് മാന്നാർ തൃക്കുരട്ടി ജംഗക്ഷന് സമീപം കുപ്പി വെള്ളവുമായി ശിവൻ ചേട്ടൻ കാത്ത് നില്പ്പുണ്ടാകും, ഞായറാഴ്ച ദിനത്തിലൊഴികെ. അഥവാ ഏതെങ്കിലുമൊരു ദിവസം ശിവൻ ചേട്ടന് എത്താൻ സാധിച്ചില്ലായെങ്കിൽ പകരത്തിന് ആരെയെങ്കിലും നിർത്തിയിട്ടുണ്ടാകും വെള്ളം നല്കാനായി. നന്മ നിറഞ്ഞ ഈ പ്രവൃത്തി കണ്ടില്ലായെന്നു നടിക്കാനാവില്ല. തന്റെ ചെറിയ വരുമാനത്തിന്റെ ഒരു പങ്ക് സ്നേഹിതരുടെ ദാഹമകറ്റാനായി ശുഷ്കാന്തിയോടെ പ്രവൃത്തിക്കുന്ന ശിവൻ ചേട്ടന്റെ മൊബൈൽ കഴിഞ്ഞയിടയ്ക്ക് പോക്കറ്റടിച്ച് നഷ്ടമായി. അപ്പോൾ പാസ്സഞ്ചേഴ്സ് വാട്സപ്പ് ഗ്രൂപ്പ് പുതിയ മൊബൈൽ ശിവൻ ചേട്ടന് വാങ്ങി നല്കിയത് വൻ വാർത്തയായിരുന്നു.

രാവിലെയും വൈകിട്ടും കൃത്യമായി കായംകുളം, മാവേലിക്കര ബസുകളുടെ സമയം ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്തിരുന്ന ശിവൻചേട്ടന്റെ ഫോണ്‍ നഷ്ടമായത് ഗ്രൂപ്പിലെ പലർക്കും സ്വന്തം ഫോൺ നഷ്ടമായതു പോലെ വേദനയുണ്ടാക്കി. അങ്ങനെയാണ് ഗ്രൂപ്പ് അഡ്മിൻ ആഷ ടീച്ചർ, ഈ ബസിൽ എംപാനൽ കണ്ടക്ടറായിരിക്കുമ്പോൾ ജോലി നഷ്ടമായ ഷെമീർ, ഡ്രൈവർ സിബി എന്നിവരും മറ്റു ചിലരും ചേർന്ന് ശിവൻ ചേട്ടന് ഒരു സർപ്രൈസ് നൽകാൻ പ്ലാനിട്ടത്.

ചങ്ങനാശ്ശേരി സ്വദേശിയായ ശിവൻ ചേട്ടന് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ചെറിയ ഒരു കുടുംബമാണ്. ഭാര്യ ജയലക്ഷമി പെരുന്ന ശ്രീശങ്കര ആയൂർവേദ ഹോസ്പിറ്റൽ ക്യാന്റീനിൽ കുക്കായും, മൂത്തമകൻ അയ്യപ്പദാസ് ഫ്ലിപ്കാർട്ട് ക്യാഷ്യർ ആയും, രണ്ടാമത്തെ മകൻ വിഷ്ണുദാസ് ശംഖുമുഖത്ത് റിസോർട്ടിൽ ഷെഫായും ജോലി ചെയ്യുന്നു. നന്മവറ്റാത്ത ഇത്തരം ശിവൻ ചേട്ടന്മാർ ഈ നാട്ടിൽ ധാരാളം ഉടലെടുക്കട്ടേ എന്ന പ്രാർത്ഥനയോടെ.. സ്നേഹപൂർവ്വം സജി കുട്ടപ്പൻ മാന്നാർ.