ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റയാൾക്ക് രക്ഷകരായി കെഎസ്ആർടിസി മിന്നൽ ബസ് ജീവനക്കാർ…

കെഎസ്ആർടിസിയും ജീവനക്കാരും ആളുകൾക്ക് അടിയന്തിര ഘട്ടങ്ങളിൽ രക്ഷകനായി മാറുന്ന സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിൽ ഏറ്റവും ഒടുവിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുവാൻ പോകുന്നത്. സംഭവം ഇങ്ങനെ : തിരുവനന്തപുരത്തു നിന്നും പതിവുപോലെ രാത്രി 11.55 നു കട്ടപ്പനയിലേക്ക് പുറപ്പെട്ടതായിരുന്നു കട്ടപ്പന ഡിപ്പോയുടെ ATC 98 എന്ന മിന്നൽ ബസ്. ഡ്രൈവർ കം കണ്ടക്ടർമാരായ മാത്യു കെ.ജെ, അനൂപ് സ്കറിയ എന്നിവരായിരുന്നു ബസ്സിൽ അന്നേദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.

രാത്രിയുടെ യാമങ്ങളെ കീറിമുറിച്ചുകൊണ്ട് പാഞ്ഞ മിന്നൽ ബസ് വെളുപ്പാൻകാലത്ത് കോട്ടയം മണിപ്പുഴ ജംക്ഷനിൽ എത്തിയപ്പോൾ കണ്ട കാഴ്ച ബസ് ജീവനക്കാരെ ആദ്യം ഒന്നു ഞെട്ടിച്ചു. നടുറോഡിൽ ഒരു ഓട്ടോറിക്ഷ മറിഞ്ഞു കിടക്കുന്നു. അതിനകത്തു നിന്നും ഒരു മനുഷ്യന്റെ തല പുറത്തേക്ക് കാണുന്നുണ്ടായിരുന്നു. ഉടൻ ബസ് നിർത്തി ജീവനക്കാരും കുറച്ചു യാത്രക്കാരും ചേർന്ന് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയുടെ സമീപത്തെത്തി.

അവിടെ അവർ കണ്ട കാഴ്ച വളരെ ഞെട്ടിക്കുന്നതായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായ പരുക്കുകളോടെ തലയ്ക്ക് ക്ഷതമേറ്റ്, മൂക്കിലൂടെയും വായിലൂടെയും രക്തം വാർന്ന് ഒഴുകിയ നിലയിൽ ഓട്ടോഡ്രൈവർ ജീവനു വേണ്ടി കേഴുന്നു. ഉടൻ തന്നെ ബസ് ജീവനക്കാരായ മാത്യുവും അനൂപും യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ ശ്രദ്ധയോടെ എടുത്ത് ബസ്സിൽ കയറ്റുകയും, ഒരു ആംബുലൻസ് എന്നപോലെ കോട്ടയം മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി പോകുകയും ചെയ്തു. മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ നാഗമ്പടം ഭാഗത്ത് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്ന വനിതാ പോലീസ് SI യുടെ വാഹനം കാണുകയുണ്ടായി. ഇതോടെ ബസ് ജീവനക്കാർ പോലീസിനോട് കാര്യം പറയുകയും പരിക്കേറ്റയാളെ പോലീസ് വാഹനത്തിലേക്ക് മാറ്റി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾക്ക് സഹായിക്കുകയും ചെയ്തു.

കട്ടപ്പന മേഖലയിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെള്ളവരായിരുന്നു മിന്നൽ ബസിലെ യാത്രക്കാർ. ഇവരെല്ലാം ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ അനുമോദിച്ചു. കട്ടപ്പനയിൽ എത്തിയപ്പോൾ 5 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ ജീവനക്കാരെ അഭിനന്ദിച്ച് കത്ത് തയാറാക്കി കട്ടപ്പന എടിഒയ്ക്കു നൽകിയാണു മടങ്ങിയത്.

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ വ്യക്തി മാങ്ങാനം സ്വദേശി പ്രദീപ് ആയിരുന്നു. ബസ് ജീവനക്കാരുടെ സഹായത്താൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ പ്രദീപ് ഇപ്പോൾ മെഡിക്കൽ കോളേജിൽ സുഖംപ്രാപിച്ചു വരികയാണ്. നടന്ന സംഭവം അന്നത്തെ ബസ്സിലെ ചില യാത്രക്കാർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോയും സഹിതം പങ്കുവെച്ചതോടെയാണ്, കെഎസ്ആർടിസി ജീവനക്കാരുടെ നന്മയും മനുഷ്യത്വവും വെളിവാക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്.