ആനവണ്ടിപ്രേമികളുടെ പരിശ്രമം; തിരൂരിൽ കെഎസ്ആർടിസിയ്ക്ക് റിസർവേഷൻ പോയിന്റ്…

പൊതുവെ കെഎസ്ആർടിസിയുടെ സേവനം അത്രയ്ക്കങ്ങു കൂടുതലായി ലഭിക്കാത്ത ജില്ലകളിൽ ഒന്നാണ് മലപ്പുറം. പ്രൈവറ്റ് ബസ്സുകളാണ് മലപ്പുറം ജില്ലയിൽ അരങ്ങു വാഴുന്നതും. എന്നാൽ ദീർഘദൂര യാത്രകൾക്ക് മലപ്പുറംകാർ ആശ്രയിക്കുന്നത് കെഎസ്ആർടിസിയെയാണ്. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത് മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ തിരൂരിനെയാണ്.

തിരൂർ വഴി അന്തർസംസ്ഥാന ബസ്സുകളടക്കം ധാരാളം കെഎസ്ആർടിസി ലോങ്ങ് ബസ്സുകൾ കടന്നു പോകുന്നുണ്ടെങ്കിലും അവയ്ക്കൊന്നും തിരൂരിൽ റിസർവേഷൻ പോയിന്റ് ഇല്ലായിരുന്നു. ഇതുമൂലം ഇവിടത്തുകാർക്ക് ബസ്സിൽ സീറ്റ് ലഭിക്കാതെ വരികയും ചെയ്യുമായിരുന്നു. തിരൂരിൽ റിസർവ്വേഷൻ പോയന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ടു യാത്രക്കാർ ധാരാളം നിവേദനങ്ങൾ പലയിടത്തും നൽകിയിരുന്നെങ്കിലും അത് സാധ്യമായത് ഇതിൽ ആനവണ്ടിപ്രേമികൾ ഇടപെട്ടപ്പോഴാണ്.

ആനവണ്ടി പ്രേമിയും തിരൂരിനടുത്തുള്ള താനൂർ സ്വദേശിയുമായ സക്കീർ വൈ.പി. കഴിഞ്ഞ ദിവസം എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ എത്തുകയും പ്രസ്തുത വിവരം എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി.എം താജുദ്ദീനെ ബോധ്യപ്പെടുത്തുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്യുകയുണ്ടായി. ഒടുവിൽ ഡിടിഒ താജുദ്ധീൻ ഇടപെട്ട് തിരൂരുകാരുടെ ഏറെനാളത്തെ ആഗ്രഹത്തിനു പച്ചക്കൊടി കാണിക്കുകയാണ് ഉണ്ടായത്. പ്രസ്തുത സംഭവത്തെക്കുറിച്ച് സക്കീർ തൻ്റെ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയുണ്ടായി. ആ കുറിപ്പ് നമുക്കൊന്നു വായിക്കാം.

“മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ തിരൂരിലൂടെ കടന്ന് പോകുന്ന അന്തർ സംസ്ഥാന സൂപ്പർ ഡീലക്സ് ബസുകൾക്ക് തിരൂരിൽ റിസർവ്വേഷൻ പോയന്റ് അനുവധിക്കണമെന്നാവശ്യവുമായി ഇന്നലെ എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി.എം താജുദ്ദീൻ സാറിനെ അദ്ദേഹത്തിന്റെ അനുവാദത്തോടെ അദ്ദേഹത്തിന്റെ ഓഫീസിൽ നേരിട്ട് സന്ദർശിച്ചിരുന്നു. തിരൂർ വഴി കടന്ന് പോകുന്നവയിൽ മൂന്ന് ബസുകളിൽ രണ്ടെണ്ണം എറണാകുളത്തിന് കീഴിൽ വരുന്നവയായതിനാലാണ് അങ്ങോട്ട് നേരിട്ട് പോയത്.

പൊതുവെ ദീർഘദൂര സർവ്വീസുകൾ കുറവുള്ള തിരൂരിലൂടെ കടന്ന് പോകുന്ന 3 ഡീലക്സ് ബസിനെങ്കിലും തിരൂരിൽ റിസർവ്വേഷൻ പോയന്റ് അനുവധിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹവുമായ് പങ്കുവെച്ചു. വളരെ താൽപര്യപൂർവ്വം ശ്രദ്ധയോടെ പറയുന്നത് കേട്ട അദ്ദേഹം, ഫെയർ ചാർട്ട് പരിശോധിച്ച് തിരൂരിൽ ഡീലക്സ് ബസുകൾക്ക് ഫെയർ സ്റ്റേജ് ഉണ്ട് എന്നത് ഉറപ്പ് വരുത്തുകയും നിലവിൽ തിരൂരിൽ റിസർവ്വേഷൻ പോയന്റ് ഇല്ല എന്നതും പരിശോധിച്ച് ഉറപ്പ് വരുത്തി.

ആവശ്യത്തിൽ കഴമ്പുണ്ടെന്ന് കണ്ട DTO ഉടനെ ആർ.ടി.സിയുടെ ഓൺലൈൻ സേവനം കൈകാര്യം ചെയ്യുന്ന വിഭാഗവുമായി ബന്ധപ്പെട്ട് തിരൂരിൽ മേൽ പറഞ്ഞ വണ്ടികൾ റിസർവേഷൻ പോയന്റ് അനുവധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.. ഇതോടെ ഏറെ കാലത്തെ ആവശ്യം ഇന്നത്തോടെ നിറവേറി. ഇനി തിരൂർ എന്ന് എഴുതി തന്നെ ദീർഘദൂരയാത്രകൾക്ക് KSRTC യിൽ സീറ്റ് ഉറപ്പിക്കാം. ശ്രീ താജുദ്ദീൻ സാറിന് തിരൂരിലെ എല്ലാ KSRTC യാത്രക്കാർക്ക് വേണ്ടിയും ഞങ്ങൾ നന്ദിയും കടപ്പാടും അറിയിക്കുന്നു.”

താജുദ്ധീനെപ്പോലുള്ള നല്ല ജീവനക്കാർ ഇന്നും കെഎസ്ആർടിസിയിൽ ഉള്ളതുകൊണ്ടാണ് ഈ പ്രസ്ഥാനം മുങ്ങിത്താഴാതെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കേരളത്തിലുടനീളമുള്ള യാത്രക്കാരുടെ ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങൾ പരിഹരിക്കപ്പെടേണ്ടതു തന്നെയാണ്. കെഎസ്ആർടിസി അധികൃതർ അതിനുള്ള നടപടികൾക്കായി മുൻകൈ എടുക്കണം.