യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ KSRTC സ്‌കാനിയ ബസ് ആശുപത്രി വളപ്പിലേക്ക്

കെഎസ്ആർടിസിയെയും ജീവനക്കാരെയും കൊലയാളികളാക്കി ചിത്രീകരിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്ന സമയമാണല്ലോ ഇത്. എന്നാൽ അപകടങ്ങൾ ആരും മനഃപൂർവ്വം വരുത്തിവെക്കുന്നതല്ല എന്നും ഇനി അഥവാ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് എല്ലാവരെയും മൊത്തത്തിൽ താറടിച്ചു കാണിക്കുവാനുള്ള അവസരമായി എടുക്കരുതെന്നും എല്ലാവരോടുമായി അപേക്ഷിക്കുകയാണ്.

കെഎസ്ആർടിസി ഉണ്ടാക്കുന്ന അപകടങ്ങൾ മാത്രമേ എല്ലാവരും എടുത്തു പറയുകയുള്ളോ? കെഎസ്ആർടിസിയും ജീവനക്കാരും ചിലപ്പോൾ ജീവൻ രക്ഷിക്കുന്ന സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. കുറ്റം പറയുന്നവർ അക്കാര്യം എന്തുകൊണ്ടാണ് മറക്കുന്നത്? ഇതാ ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിക്കുവാൻ കെഎസ്ആർടിസി ജീവനക്കാർ നിമിത്തമായ ഒരു സംഭവത്തെക്കുറിച്ച് നേഴ്‌സ്‌ കൂടിയായ അശ്വതി ഗിരിജ ചന്ദ്രൻ എന്ന യുവതി കുറിച്ച വാക്കുകൾ കേൾക്കാം.

“കുറച്ചു നാളായി KSRTC യുടെ പരാതികളും കുറവുകളും മാത്രം ആണ് കേൾക്കുന്നത്. സമയത്തിന് ശമ്പളം പോലും കിട്ടുന്നില്ല എങ്കിലും ആത്മാർത്ഥത ഉള്ള ജീവനക്കാർ തന്നെയാണ് എന്ന് അവർ വീണ്ടും ഒരിക്കൽ കൂടി തെളിയിച്ചു. രാവിലെ തിരുവനന്തപുരം – കോയമ്പത്തൂർ സ്‌കാനിയ ബസ്സിലെ യാത്രയ്ക്കിടെ ഹരിപ്പാട് കഴിഞ്ഞപ്പോൾ പെട്ടെന്നൊരു യാത്രക്കാരിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.

ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഒരു നേഴ്സ് ആയതു കൊണ്ട് തന്നെ പെട്ടെന്ന് പേഷ്യന്റിനെ assess ചെയ്യുകയും ഹോസ്പിറ്റലിൽ പോകേണ്ടതിന്റെ ആവശ്യകത ബസ് ജീവനക്കാരോട് പറയുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ അവർ യാത്രക്കാരുമായി ആ സ്‌കാനിയ ബസ് നേരെ ആശുപത്രിയിലേക്ക് പായിച്ചു. ആ ഓട്ടം ചെന്നു നിന്നത് വണ്ടാനം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ ആയിരുന്നു.

അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിയെ കാഷ്വാലിറ്റിയിൽ കാണിച്ച് വൈദ്യസഹായം എത്തുന്നതുവരെ ബസ് ജീവനക്കാർ രണ്ടു പേരും അവിടെ ഉണ്ടാകുകയും ചെയ്തു. രോഗിയുടെ ബ്ലഡ് ഷുഗർ ക്രമാതീതമായി ഉയർന്നത് ആയിരുന്നു പ്രോബ്ലം. ഉടൻ തന്നെ രോഗിയുടെ വീട്ടിൽ അറിയിക്കുകയും, ഹോസ്പിറ്റലിൽ രോഗിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും ചെയ്തിട്ടാണ് അവർ ബസുമായി മടങ്ങിയത്. അവസരോചിതമായ ഈ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്.”

ഇനി പറയൂ കെഎസ്ആർടിസിയെയും ജീവനക്കാരെയും ഒന്നടങ്കം കൊലയാളികൾ എന്നു വിളിച്ചു അപമാനിക്കുവാൻ നമുക്കൊക്കെ എന്തു യോഗ്യതയാണുള്ളത്? നിരത്തുകളിൽ ജീവൻ നഷ്ടപ്പെടുന്നത് കെഎസ്ആർടിസി കാരണം മാത്രമാണോ? തെറ്റുകൾ ഉണ്ടാകാം, നമുക്ക് വിമർശിക്കാം, എന്നുവെച്ച് സേവനസന്നദ്ധരായ എല്ലാ ജീവനക്കാരുടെയും ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ആകരുത് ഒരു വിമർശനവും വാർത്തയും. അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.