ഇത്തവണയും അലങ്കാരത്തോടെ കെഎസ്ആർടിസിയുടെ ശാർക്കര – പമ്പ സ്പെഷ്യൽ ബസ്

കെഎസ്ആർടിസിയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സമയമാണ് ശബരിമല സീസൺ. മണ്ഡലകാലം തുടങ്ങിയാൽ പിന്നെ പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉണരുകയായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള കെഎസ്ആർടിസി ബസ്സുകളിൽ പലതും ശബരിമല സ്‌പെഷ്യൽ സർവ്വീസുകൾക്കായി പമ്പയിലെത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കെഎസ്ആർടിസി ബസുകളുടെ പൂരം തന്നെയായിരിക്കും ഈ കാലയളവിൽ പമ്പയിൽ വരുന്നവർക്ക് കാണുവാൻ സാധിക്കുക.

ഇത്തരത്തിൽ പഴയതും പുതിയതുമായ ധാരാളം കെഎസ്ആർടിസി ബസ്സുകൾ പമ്പ ബസ് സ്റ്റേഷനിൽ വരുന്നുണ്ടെങ്കിലും ഒരു കെഎസ്ആർടിസി ബസ് മാത്രം ആളുകളുടെ ശ്രദ്ധ കവരുന്നു. തിരുവനന്തപുരം ജില്ലയിലെ ശാർക്കര ദേവീ ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സാണ് അന്നും ഇന്നും ആളുകളുടെ ശ്രദ്ധാകേന്ദ്രം. കാരണം, ശബരിമല സ്പെഷ്യൽ സർവീസുകളിൽ ഏറ്റവും കൂടുതൽ അലങ്കാരങ്ങളുമായി ഓടുന്നത് ശാർക്കര ബസ്സാണ്.

പമ്പ ബസ് സ്റ്റേഷനിൽ ഏറ്റവും മുൻവശത്തുള്ള സ്ലോട്ട് ആണ് എല്ലാ വർഷവും ശാർക്കര ബസ്സിനു പാർക്ക് ചെയ്യാൻ അനുവദിക്കാറുള്ളത്. ദൂരദേശങ്ങളിൽ നിന്നും വരുന്ന അയ്യപ്പഭക്തരെല്ലാം കെഎസ്ആർടിസിയുടെ ഈ അലങ്കാരബസ് അത്ഭുതത്തോടെയാണ് നോക്കുക. ശാർക്കര ബസ്സിനു മുന്നിൽ നിന്നും മൊബൈൽഫോണിൽ സെൽഫികളും മറ്റു ഫോട്ടോകളും എടുക്കുന്നവരും ഇവിടത്തെ പതിവു കാഴ്ചയാണ്.

എന്തുകൊണ്ടാണ് ഈ ബസ് സർവീസിനു മാത്രം ഇത്ര പ്രത്യേകത എന്നു ചിന്തിക്കുന്നുണ്ടാകും ഇപ്പോൾ. അത് അറിയണമെങ്കിൽ ശാർക്കര ദേവീ ക്ഷേത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശാർക്കര ദേവീക്ഷേത്രം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്.

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഇവിടെ ഒരിക്കൽ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.

മണ്ഡലകാലത്ത് ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് വളരെക്കാലം മുതലേ തന്നെ ബസ് സർവ്വീസ് നടത്തി വരികയാണ്. ശാർക്കരയിൽ നിന്നും ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചപ്പോൾ തന്നെ തുടങ്ങിയതാണ് ഈ ബസ് അലങ്കാരം. വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഇത് തുടരുന്നു. ഇതിനായി സമീപവാസികളായ ഭക്തർ ചേർന്ന് പ്രത്യേകം ‘ബസ് അലങ്കാര കമ്മറ്റി’ വരെ രൂപീകരിച്ചിട്ടുണ്ട്. വൃശ്ചിക വിളക്കിന് വേണ്ടി ക്ഷേത്രം അലങ്കരിക്കുന്ന പൂവുകളാണ് ഇവർ ബസ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. അലങ്കാരത്തിനായുള്ള ഈ പൂക്കൾ ചിലപ്പോൾ കടക്കാരോ ഭക്തരോ ഒക്കെ സംഭാവനയായി നൽകാറുമുണ്ട്.

ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ബസ്സാണ് ശാർക്കര – പമ്പ റൂട്ടിൽ സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. മറ്റു സ്പെഷ്യൽ സർവീസുകളെ അപേക്ഷിച്ച് റൂട്ട് ബോർഡിലും ഇടയ്ക്കിടയ്ക്ക് വ്യത്യസ്തത പുലർത്താറുണ്ട് ശാർക്കര ബസ്. സാധാരണയായി ‘പമ്പ’ എന്ന ബോർഡും വെച്ചാണ് ശബരിമല സ്പെഷ്യൽ ബസ്സുകൾ സർവ്വീസ് നടത്തുന്നതെങ്കിലും ശാർക്കര ബസ് ‘ശബരിമല’ എന്ന ബോർഡും ചിലപ്പോൾ വെക്കാറുണ്ട്.

മണ്ഡലകാലത്ത് ദിവസവും രാത്രി എട്ടു മണിയ്ക്കാണ് ശാർക്കര ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് ബസ് പുറപ്പെടുന്നത്. എന്നാൽ അലങ്കാരത്തിനായി ബസ് വളരെ നേരത്തെ തന്നെ ശാർക്കര ദേവീക്ഷേത്രത്തിനു മുന്നിൽ എത്തിച്ചേരും. അലങ്കാരക്കമ്മറ്റിയിലെ അംഗങ്ങൾ പൂക്കൾ കൊണ്ട് ബസ്സിൻറെ മുൻവശവും മറ്റും അലങ്കരിക്കുമ്പോൾ കൂട്ടത്തിലെ വരയ്ക്കാൻ കഴിവുള്ള കലാകാരന്മാർ ബസ്സിന്റെ വശങ്ങളിൽ ദേവീ ദേവന്മാരുടെ ചിത്രങ്ങൾ ചന്ദനം കൊണ്ട് ഭംഗിയായി വരയ്ക്കും. ഒപ്പം ‘ശാർക്കര’ എന്ന് ചന്ദനത്താൽ എഴുതുകയും ചെയ്യാറുണ്ട്.

ഇതോടൊപ്പം ബസ്സിൽ യാത്ര ചെയ്യുവാനായി എത്തിച്ചേരുന്ന ഭക്തർക്ക് ലഘുഭക്ഷണങ്ങളും വിതരണം ചെയ്യാറുണ്ട്. ഏകദേശം 30 ഓളം പേരുടെ രണ്ട് മണിക്കൂറോളം നേരത്തെ പ്രയത്നമാണ് ഈ അലങ്കാരം. ഇത് കാണുവാനായി മാത്രം ക്ഷേത്ര പരിസരത്ത് ധാരാളം ആളുകൾ എത്തിച്ചേരാറുമുണ്ടത്രേ. അലങ്കാരത്തിന് ശേഷം പ്രത്യേക പൂജയും കഴിഞ്ഞാണ് ബസ് യാത്ര തിരിക്കുന്നത്.

വർഷങ്ങളായി ഇത്തരം അലങ്കാരങ്ങൾ ഇല്ലാതെ ശാർക്കരയിൽ നിന്നും പമ്പയിലേക്ക് ബസ് സർവ്വീസ് പോയിട്ടില്ല, ഒരു ദിവസം ഒഴിച്ച്. 2015 ലാണ് സംഭവം. കെഎസ്ആർടിസിയിലെ ഒരു ഉദ്യോഗസ്ഥൻ ഇനിമേൽ ബസ്സിൽ അലങ്കാരങ്ങൾ പാടില്ലെന്ന് ശാഠ്യം പിടിച്ചു. ഈ കാര്യം ബസ് ജീവനക്കാരോട് പറഞ്ഞു വിടുകയും ചെയ്തു. എന്നാൽ ഇതൊന്നുമറിയാതെ പതിവുപോലെ പൂക്കളുമായി ശാർക്കരക്കാർ എത്തി. ബസ് ജീവനക്കാർ തങ്ങൾക്ക് കിട്ടിയിരിക്കുന്ന ഓർഡറിനെക്കുറിച്ച് ഇവരോട് പറഞ്ഞു. അങ്ങനെ അന്ന് ആദ്യമായി ശാർക്കരയിൽ നിന്നും അലങ്കാരങ്ങളില്ലാതെ പമ്പയിലേക്ക് ബസ് സർവ്വീസ് നടത്തി.

ഈ സംഭവത്തിനു പിന്നാലെ, അടുത്ത ദിവസം മുതൽ സർവീസിനായി ബസ് അയക്കേണ്ടതില്ലെന്നു ശാർക്കരയിൽ നിന്നും ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലേക്ക് അറിയിച്ചു. കെഎസ്ആർടിസിയ്ക്ക് പകരം പ്രൈവറ്റ് ബസ്സുകൾ വാടകയ്‌ക്കെടുത്ത് അലങ്കാരങ്ങളോടെ തങ്ങൾ സർവ്വീസ് നടത്തിക്കോളാമെന്നും അവർ അറിയിക്കുകയുണ്ടായി. ഇതോടെ കെഎസ്ആർടിസി അധികൃതർ കുഴപ്പത്തിലായി. അപകടകരമായ അവസ്ഥയിൽ അലങ്കാരങ്ങൾ നടത്താറില്ലെന്നും ബസ് ഓടിക്കുന്ന ഡ്രൈവറുടെ സൗകര്യവും സമ്മതവും കൂടി നോക്കിയിട്ടാണ് അലങ്കാരങ്ങൾ ചെയ്യുന്നതെന്നും ശാർക്കര ബസ് അലങ്കാരക്കമ്മറ്റി വ്യക്തമാക്കി.

സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ അലങ്കാരം പാടില്ലെന്ന് ഉത്തരവിട്ട കെഎസ്ആർടിസിയിലെ ആ ഉദ്യോഗസ്ഥൻ തൻ്റെ തീരുമാനത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. പിറ്റേദിവസം മുതൽ പതിവ് അലങ്കാരങ്ങളോടെ ശാർക്കരയിൽ നിന്നും ബസ് സർവ്വീസ് നടത്തുകയും ചെയ്തു. ജാതിയും മതവുമൊന്നും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായാണ് ഈ ബസ് സർവ്വീസിനെ പരിപാലിക്കുന്നത്. അലങ്കാരങ്ങൾക്കും ബസ് യാത്രക്കാരായ ഭക്തർക്കുള്ള ലഘു ഭക്ഷണത്തിനുമെല്ലാം മറ്റു മതത്തിൽപ്പെട്ടവരും സഹായങ്ങൾ നൽകാറുണ്ട്.

ഇന്നും ശബരിമല സീസണായാൽ എല്ലാവരുടെയും ശ്രദ്ധ കവരുന്നത് ശാർക്കര – പമ്പ ബസ്സാണ്. വർഷങ്ങളായി അവർ നടത്തി വരുന്ന ഈ ബസ് അലങ്കാരം ഏതൊരാളെയും മോഹിപ്പിക്കും.

ചിത്രങ്ങൾ – Divine Temple Boys : Sarkara, പ്രത്യേകം നന്ദി – Sambu SP (Sarkkara).