ഒരു കെഎസ്ആർടിസി യാത്രയും കലിപ്പൻ കണ്ടക്ടറും

അനുഭവക്കുറിപ്പ് – അരുൺ പുനലൂർ.

കൊറോണക്കാലമാണ് വണ്ടികൾ കുറവാണ്. ഉള്ള വണ്ടിയിൽ സീറ്റ് ഫ്രീ ഇല്ലേൽ നിർത്തില്ല. അങ്ങിനെ ഒന്നര മണിക്കൂർ നിന്നപ്പോഴാണ് ഒരു വണ്ടി നിർത്തുന്നത്. പാഞ്ഞു ചെന്നു കേറിയപ്പോ സീറ്റൊക്കെ ഏറെക്കുറെ ഫിൽ ആണ്‌. ആകെ ഒഴിവുള്ളത് കണ്ടക്ടർ സാറിനോപ്പമുള്ള സീറ്റും തൊട്ടിപ്പുറത്ത് രണ്ടു മല്ലന്മാരുടെ ഇടയിലുള്ള സീറ്റും മാത്രം.

മല്ലന്മാരുടെ ഇടയിലിരുന്നു ഇത്രയും നേരം യാത്ര ചെയ്‌താൽ അങ്ങെത്തുമ്പോ ചമ്മന്തിപ്പരുവമാകുമല്ലോ എന്നോർത്ത് കണ്ടക്ടർക്കൊപ്പമുള്ള സീറ്റിലേക്ക് നോക്കുമ്പോ അതാ അവിടൊരു ബോർഡ് – “യാത്രക്കാർ ഇരിക്കരുത് കണ്ടക്ടർക്ക് മാത്രം.” എന്നാലും ഒന്ന് ചോയിച്ചു നോക്കാം. ചോയിക്കാൻ നാക്കെടുക്കും മുമ്പ് ഉദ്ദേശം മനസിലാക്കി കണ്ടക്ടർ പറഞ്ഞു നഹീന്നു പറഞ്ഞാൽ നഹീ. അത് തേഞ്ഞു.

മല്ലന്മാർക്കിടയിൽ ഇരിക്കാതെ നിൽക്കാം എന്ന് കരുതിയാൽ ബസിൽ ആളിനെ നിർത്തി കൊണ്ടു പൊയ്ക്കൂടാ എന്ന പുതിയ നിയമം.
ഒടുക്കം ഗതികേട്ട് മല്ലന്മാർക്കിടയിൽ അഭയം പ്രാപിച്ചു. അങ്ങിനെ ഞെങ്ങി ഞെരുങ്ങി ഇടിയും തൊഴിയുമായി മുന്നോട്ട് പോകവേ
അതാ ഒരു യുവതി കയറി വരുന്നു.

കേറണ്ട താമസം കണ്ടക്ടർ സാറ് വരവേറ്റ് പുള്ളിക്കൊപ്പമുള്ള യാത്രക്കാർ ഇരിക്കാൻ പാടില്ലാത്ത സീറ്റിൽ ഇരുത്തി പതിയെ വിശേഷം ചോയിക്കാൻ തുടങ്ങി. കൊറോണ, മാസ്ക്, സാനിറ്റൈസറിന്റെ ഉപയോഗം, സാമൂഹിക അകലത്തിന്റെ പ്രസക്തി തുടങ്ങിയ ആനുകാലിക വിഷയങ്ങളിൽ പുള്ളിയുടെ സ്പെഷ്യൽ ക്ലാസ്.

ഇതിനിടയിൽ കേറി വന്ന പലരെയും ആ പരിസരത്തെങ്ങും നിക്കാൻ സമ്മതിക്കാതെ മുന്നോട്ടു പറപ്പിച്ചു വിട്ടു. ആളു ഭീകര കണിഷക്കാരനാണ്. ദീർഘ ദൂരം പോകാനുള്ളവരെ മാത്രമേ കേറ്റൂ. സീറ്റില്ലേ കേറ്റൂല്ല. നിന്നു പോകാൻ പറ്റില്ല. ആണുങ്ങൾ കേറാൻ വന്നാൽ മൂപ്പര് ഭയങ്കര സ്ട്രിക്ട് ആണ്‌. ബെല്ലിന്റെ നൂലെടുത്ത് പിടിച്ചു കളയും. പെണ്ണുങ്ങൾ കേറാൻ വന്നാൽ നൂലു മടക്കി പോക്കറ്റിലിട്ട് കണ്ണടക്കും. ചോദ്യമൊന്നുമില്ല.

കൊറോണക്കാലമല്ലേ നമ്മള് വല്ലോം ചോദിച്ചാൽ വഴക്കായി ട്രിപ്പ് മുടങ്ങണ്ടല്ലോ എന്നോർത്ത് ആരും മിണ്ടുന്നില്ല. അതാ ഒരു അപ്പാപ്പൻ കേറി വന്നു, ടിക്കറ്റെടുത്തിട്ടു മെല്ലെ കണ്ടക്ടറോട് കുശലം ചോദിച്ചു. “സാറ് പുതിയ ആളാണോ?” “ന്തേ..” “അല്ല ഇന്നലേം മിനിയാന്നുമൊക്കെ വേറെ സാറായിരുന്നല്ലോ.” “വണ്ടിയാകുമ്പോ പലരും ഡ്യൂട്ടിക്ക് വരും. നിങ്ങക്ക് യാത്ര ചെയ്‌താൽ പോരെ” എന്ന് കണ്ടക്ടർ. കുശലം ചോയിക്കാൻ പോയ മാമൻ അയ്യടാന്നായി.

അങ്ങിനെ കണ്ടക്ടർ സാറിന്റെ ഈ ബുദ്ധിപരമായ നീക്കത്തിലൂടെ വേറെ പലതും ചോദിക്കാനിരുന്നവരുടെയെല്ലാം വാ അടപ്പിച്ചു. വണ്ടി വീണ്ടും മുന്നോട്ടു പോക്കൊണ്ടിരിക്കുമ്പോ കേറിവന്ന എല്ലാക്കിളികളെയും പ്രത്യേകം പരിഗണിച്ചു പുള്ളി അവരുടെ കൈയ്യടി നേടിക്കൊണ്ടിരുന്നു.

ഇടയിലൊരു ജങ്ഷനിൽ കൂടെയിരുന്ന സ്ത്രീയിറങ്ങിപ്പോയപ്പോ ഒരു പയ്യൻ കേറി വന്നു. വന്ന പാടെ അവൻ കണ്ടക്ടർ സീറ്റിലേക്ക് കയറിയിരിക്കാൻ ചെന്നതും കൺഡ്രാക്ക് തടഞ്ഞു ചെറിയ തർക്കമാകുന്നു. അതേ സമയം ചിലർ ഇടപെടുന്നു. ഇത്രേം നേരം ആ സ്ത്രീയെ അവിടെയിരുത്തി കൊണ്ടുവന്നപ്പോൾ പിടിക്കാത്ത എന്ത്‌ കൊറോണയാണ് ഹേ ഈ ചെക്കനിരിക്കുമ്പോ. “പറ്റില്ല റൂൾസാണ്..”
എന്ന് പറഞ്ഞു കണ്ടക്ടറും.

പെണ്ണുങ്ങൾ കേറുമ്പോൾ മാത്രം മാറുന്ന റൂളോ അതൊന്നു അറിയണമല്ലോ എന്ന് ചെക്കൻ. ഇതിനിടയിൽ നേരെത്തെ വിശേഷം ചോദിച്ചപ്പോ കണ്ടക്ടർ കലിപ്പിച്ച മാമൻ ഉച്ചത്തിൽ “മോനെ നീ പോയിട്ടൊരു ചുരിദാറും ഇട്ടോണ്ട് വാ, അപ്പൊ സാറ് ആ സീറ്റ് തരും.”
ഇതൂടെ കേട്ടതോടെ കണ്ടോണ്ടിരുന്നവർ ചിരി തുടങ്ങി.

കണ്ടക്ടർ സാറ് ആ കലിപ്പിൽ പിന്നെ ഒരു സ്റ്റോപ്പിൽ നിന്നും ആരെയും കേറ്റിയില്ല. ഇറങ്ങണം എന്ന് പറഞ്ഞോരോടൊക്കെ കട്ട മൊട. കണ്ടക്ടർ സാറെ ദീർഘദൂര യാത്രാ ബസിൽ അൽപ്പം മനുഷ്യത്വമാകാം. ബസ് ഇല്ലാണ്ട് വലയുന്നവർക്കായി അൽപ്പം പരിഗണന ഒക്കെ കൊടുക്കാം. നിയമം പാലിക്കണം. പക്ഷെ അത് എല്ലാർക്കും തുല്യമായി ആയാൽ നല്ലതാണ്.